ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: കരുത്തന്മാര്‍ക്ക് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  കരുത്തന്മാര്‍ക്ക് തകര്‍പ്പന്‍ ജയം

 
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ വമ്പന്‍ ക്ലബുകള്‍ക്ക് ജയം. ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ടീമുകളാണ് ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരങ്ങളില്‍ വിജയം കണ്ടെത്തിയത്. ചെല്‍സി സണ്ടര്‍ലാന്‍ഡിനെയും ലിവര്‍പൂള്‍ മിഡില്‍സ്ബറോയെയും മാഞ്ചസ്റ്റര്‍ സിറ്റി വാറ്റ്‌ഫോര്‍ഡിനെയുമാണ് പരാജയപ്പെടുത്തിയത്.

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെതിരെയും ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ഹള്‍ സിറ്റിക്കെതിരെയുമാണ് വിജയം നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ബ്രോംവിച്ച് സ്വാന്‍സി സിറ്റിയെയും വെസ്റ്റ്ഹാം യുണൈറ്റഡ് ബേണ്‍ലിയെയും തോല്‍പ്പിച്ചു. സ്റ്റോക് സിറ്റി-സതാംപ്ടണ്‍ പോരാട്ടം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

സണ്ടര്‍ലാന്‍ഡിന്റെ തട്ടകമായ സ്‌റ്റേഡിയം ഓഫ് ലെറ്റ്‌സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. കളിയുടെ നാല്‍പതാം മുനുറ്റില്‍ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ സെസ്‌ക് ഫാബ്രിഗസാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സി തുടര്‍ച്ചയായി സ്വന്തമാക്കുന്ന പത്താം വിജയമായിരുന്നു സണ്ടര്‍ലാന്‍ഡിനെതിരായത്.

മിഡില്‍സ്ബറോയുടെ ഹോം ഗ്രൗണ്ടായ റിവര്‍സൈഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരെ ലിവര്‍പൂള്‍ തകര്‍ത്തത്. ഇംഗ്ലണ്ടിന്റെ ആദം ലല്ലാന 29, 68 മിനുറ്റുകളില്‍ നേടിയ ഇരട്ട ഗോളുകളാണ് ലിവര്‍പൂളിന് മികച്ച വിജയമൊരുക്കിയത്. അറുപതാം മിനുറ്റില്‍ ബെല്‍ജിയന്‍ താരമായ ഡിവോക് ഒറിഗിയും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു.

പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ ഇംഗ്ലീഷ് താരം ആദം ലല്ലാന ഇതോടെ അഞ്ച് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ ബെല്‍ജിയത്തിന്റെ ഡിവോക് ഒറിഗിക്ക് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലും സ്‌കോര്‍ ചെയ്യുവാന്‍ സാധിച്ചു. അതേസമയം, സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വാറ്റ്‌ഫോര്‍ഡിനെതിരായ ജയം.

അര്‍ജന്റൈന്‍ ഡിഫന്‍ഡറായ പാബ്ലോ സബലേറ്റയും സ്പാനിഷ് മിഡ്ഫീല്‍ഡറായ ഡേവിഡ് സില്‍വയുമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി വല കുലുക്കിയത്. 2014 ഡിസംബറില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബായ എഎസ് റോമയ്‌ക്കെതിരെ സ്‌കോര്‍ ചെയ്തതിന് ശേഷമുള്ള സബലേറ്റയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. മൂന്ന് മാസത്തിന് ശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ഹോം ഗ്രൗണ്ടില്‍ വിജയം നേടിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് ഫ്രഞ്ച് താരം പോള്‍ പോഗ്ബയുടെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിലെത്തി. സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ പാസില്‍ നിന്നായിരുന്നു പോള്‍ പോഗ്ബയുടെ ഗോള്‍.

എന്നാല്‍, രണ്ടാം പകുതിയുടെ 66-ാം മിനുറ്റില്‍ സ്‌കോട്ടിഷ് താരം ജെയിംസ് ആര്‍തറിലൂടെ ക്രിസ്റ്റല്‍ പാലസ് ഗോള്‍ മടക്കി. സമനില ഗോള്‍ വന്നതോടെ പൊരുതിക്കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 88-ാം മിനുറ്റില്‍ പോള്‍ പോഗ്ബയുടെ പാസില്‍ നിന്നും സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് വിജയമുറപ്പിച്ച ഗോള്‍ നേടുകയായിരുന്നു. പ്രീമിയര്‍ ലീഗിലെ ഇബ്രാഹിമോവിച്ചിന്റെ ഒന്‍പതാം ഗോളായിരുന്നു ഇത്.

ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ഇരട്ട ഗോളുകളുടെ (14,63 മിനുറ്റ്) ബലത്തില്‍ 3-0ത്തിനാണ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ഹള്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. രാജ്യത്തിനും ക്ലബിനും വേണ്ടി സീസണില്‍ എറിക്‌സണ്‍ നേടിയ പത്താം ഗോളായിരുന്നു ഹള്‍ സിറ്റിക്കെതിരായത്. മത്സരത്തിന്റെ 73-ാം മിനുറ്റില്‍ കെനിയന്‍ താരമായ വിക്ടര്‍ വാന്യാമയാണ് ടോട്ടന്‍ഹാമിനായി മറ്റൊരു ഗോള്‍ നേടിയത്.

വെസ്റ്റ് ബ്രോംവിച്ച് സ്വാന്‍സി സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും വെസ്റ്റ്ഹാം യുണൈറ്റഡ് ബേണ്‍ലിയെ എതിരില്ലാത്ത ഒരു ഗോളിനുമാണ് പരാജയപ്പെടുത്തിയത്. സ്റ്റോക് സിറ്റി-സതാംപ്ടണ്‍ പോരാട്ടം ഗോള്‍ രഹിത സമനിലയിലാണ് പിരിഞ്ഞത്. പ്രീമിയര്‍ ലീഗിലെ പതിനാറ് മത്സരങ്ങളില്‍ നിന്നും നാല്‍പത് പോയിന്റുമായി അന്റോണിയോ കോന്റെയുടെ പരിശീലനത്തിന്‍ കീഴിലുള്ള ചെല്‍സിയാണ് ഒന്നാമത്.

പതിനാറ് കളികളില്‍ നിന്നും 34 പോയിന്റായ ലിവര്‍പൂളാണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ആഴ്‌സണലിനും മുപ്പത്തിനാല് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അവര്‍ ലിവര്‍പൂളിന് പിന്നിലാണ്. പതിനാറ് മത്സരങ്ങളില്‍ നിന്നും മുപ്പത്തിമൂന്ന് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ നാലാം സ്ഥാനത്ത്.

പതിനാറ് മത്സരങ്ങളില്‍ നിന്നും മുപ്പത്ത് പോയിന്റുമായി ടോട്ടന്‍ഹാം ഹോട്‌സ്പര്‍ അഞ്ചാമതും ഇത്രയും കളികളില്‍ നിന്നും 27 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാം സ്ഥാനത്തുമാണ്. പതിനഞ്ച് പോയിന്റുകള്‍ വീതമുള്ള ക്രിസ്റ്റല്‍ പാലസും മിഡില്‍സ്ബറോയും ലീഗില്‍ യഥാക്രമം പതിനാറ്, പതിനേഴ് സ്ഥാനങ്ങളിലാണ്.

Comments

comments

Categories: Sports