ട്രംപ് ഭരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സമ്പദ് വ്യവസ്ഥ

ട്രംപ് ഭരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സമ്പദ് വ്യവസ്ഥ

 

ഒടുവില്‍ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകളില്‍ വര്‍ധന വരുത്തി, .25 ബേസിസ് പോയ്ന്റുകള്‍. അധികാരത്തിലേറാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സര്‍ക്കാര്‍ എത്തരത്തിലുള്ള സാമ്പത്തിക നയങ്ങളായിരിക്കും പിന്തുടരുക എന്നതിനെക്കുറിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സമയത്താണ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കൂട്ടിയിരിക്കുന്നത്.
2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം രണ്ടാം തവണയാണ് ഇപ്പോള്‍ ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ വര്‍ധന വരുത്തുന്നത്. ഇന്ത്യയിലേതുള്‍പ്പെടെയുള്ള ഓഹരി വിപണികളെ ബാധിക്കാന്‍ ഇടയുള്ളതാണ് നിരക്ക് വര്‍ധന.
ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ രണ്ട് ദിവസത്തെ മീറ്റിംഗിനു ശേഷമാണ് നിരക്ക് വര്‍ധന ഫെഡ് റിസര്‍വ് മേധാവി ജാനറ്റ് യെലന്‍ പ്രഖ്യാപിച്ചത്. യുഎസ് തൊഴില്‍ വിപണിയും സമ്പദ് വ്യവസ്ഥയും മെച്ചപ്പെട്ട രീതിയിലുള്ള പ്രകടനമാണ് നടത്തുന്നതെന്ന് ഫെഡ് റിസര്‍വ് വിലയിരുത്തുന്നുണ്ട്. നിലവില്‍ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് മൂന്ന് ശതമാനം മാത്രമാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ താഴെയാണിത്. പലിശ നിരക്കിലെ വര്‍ധന മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നിഴലിക്കുമെന്നാണ് ഫെഡ് റിസര്‍വിന്റെ പ്രതീക്ഷ.
അതേസമയം, ഫെഡ് റിസര്‍വ് മേധാവി ജാനറ്റ് യെലന്റെ നയങ്ങളോട് കടുത്ത വിയോജിപ്പാണ് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രംപ് പ്രകടിപ്പിച്ചത്. യെലന്റെ കാലാവധി 2018ല്‍ അവസാനിക്കുമ്പോള്‍ അത് ട്രംപ് നീട്ടി നല്‍കില്ലെന്നുമാണ് വിലയിരുത്തപ്പെട്ടിരുന്നത്. നിരക്ക് വര്‍ധനയോട് ട്രംപ് ഇതേവരെ പ്രതികരിച്ചിട്ടില്ല. സമ്പദ് വ്യവസ്ഥയില്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണുന്നുവെന്നതിന്റെ സൂചനയായി നിരക്ക് വര്‍ധനയെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് യെലന്‍ ഇന്നലെ വ്യക്തമാക്കിയത്.

ട്രംപ് ഭരണത്തിലേറിയാല്‍ നികുതി ഇളവുകളും അടിസ്ഥാനസൗകര്യ മേഖലയില്‍ കൂടുതല്‍ ചെലവിടലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വളര്‍ച്ചയുടെ വേഗതയില്‍ വര്‍ധനയുണ്ടാകുന്നതോടൊപ്പം തൊഴിലില്ലായ്മ നിരക്കും പണപ്പെരുപ്പവും കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത് കണക്കിലെടുത്ത് 2017ല്‍ രണ്ട് തവണ കൂടി പലിശ നിരക്കില്‍ ഫെഡ് റിസര്‍വ് മാറ്റം വരുത്താന്‍ സാധ്യതയുണ്ട്.

Comments

comments

Categories: Editorial

Write a Comment

Your e-mail address will not be published.
Required fields are marked*