ട്രംപ് ടെക്ക് അതികായന്‍മാരുമായി ചര്‍ച്ച നടത്തി

ട്രംപ് ടെക്ക് അതികായന്‍മാരുമായി ചര്‍ച്ച നടത്തി

വാഷിംഗ്ടണ്‍: യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗോള തലത്തിലെ പ്രമുഖ ടെക്‌നോളജി കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഉള്‍പ്പടെ 13 ടെക് വമ്പന്‍മാര്‍ ബുധനാഴ്ച രാത്രി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. അമേരിക്കയിലെ ഐടി മേഖലയില്‍ തൊഴിലവസരങ്ങളും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ട്രംപ് പ്രധാനമായും ടെക് ലോകത്തെ പ്രമുഖരുമായി പങ്കുവെച്ചത്.

നേരത്തേ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലയളവില്‍ ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന്റെ പേരിലും മറ്റു രാജ്യങ്ങളില്‍ മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ പേരിലും രൂക്ഷമായ എതിര്‍പ്പാണ് ട്രംപ് ഐടി കമ്പനികള്‍ക്കു നേരേ ഉയര്‍ത്തിയിരുന്നത്. അതിനാല്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ താന്‍ ടെക് വ്യവസായികളെ സഹായിക്കാനാണ് ശ്രമിക്കുന്നത് എന്നു വ്യക്തമാക്കാനാണ് ട്രംപ് ശ്രമിച്ചത്. വിസ്മയിപ്പിക്കുന്ന ആളുകളുടെ കൂട്ടം എന്നാണ് ട്രംപ് ടവറിലെത്തിയ അതിഥികളെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.
നൂതനമായൊരു ഭരണസംവിധാനമായിരിക്കും ട്രംപിനു കീഴില്‍ ഉണ്ടാകുക എന്ന സാധ്യതയില്‍ ആവേശമുണ്ടെന്നാണ് ആമസോണ്‍ സിഇഒ ജെഫ് ബെസോസ് പ്രതികരിച്ചത്. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് തെരഞ്ഞെടുപ്പ് കാലത്ത് ശക്തമായ എതിര്‍പ്പാണ് ട്രംപിനെതിരേ ഉയര്‍ത്തിയിരുന്നത്. സത്യ നാദെല്ല കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ വിസമ്മതിച്ചു. ട്രംപിന്റെ പ്രചാരണത്തിനെതിരേ നേരത്തേ നാദെല്ലയും ശബ്ദമുയര്‍ത്തിയിരുന്നു.
അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നതെന്ന് ഭരണം ഏറ്റെടുക്കുന്ന പ്രക്രിയയില്‍ ട്രംപിനെ സഹായിക്കുന്ന ടീം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഔട്ട്‌സോഴ്‌സിംഗ് മേഖലയില്‍ ട്രംപ് നേരത്തേ തന്നെ സൃഷ്ടിച്ച ആശങ്കകളെ വര്‍ധിപ്പിക്കുന്നതാണിത്. താല്‍ക്കാലിക എച്ച്-1ബി വിസയില്‍ എത്തുന്ന വിദേശ പൗരന്‍മാരെ ടെക്‌നോളജി പ്രൊഫഷണലുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കരുതെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
അമേരിക്കന്‍ കമ്പനികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടായി. മാന്യമായ വ്യാപര ഉടമ്പടികള്‍ ഉണ്ടാക്കുമെന്നും അതിര്‍ത്തികള്‍ കടന്നുള്ള വ്യാപാരം കൂടുതല്‍ എളുപ്പമുള്ളതാക്കുമെന്നും ട്രംപ് ടെക്ക് പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.
ആല്‍ഫബെറ്റ് സിഇഒ ലാറിപേജ്, ഫേസ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ഡ് ബെര്‍ഗ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Comments

comments

Categories: Slider, Top Stories