നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം 1971ല്‍ നടത്തേണ്ടത്: പ്രധാനമന്ത്രി

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം 1971ല്‍ നടത്തേണ്ടത്: പ്രധാനമന്ത്രി

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ ഭരണകാലയളവിനെ പരാമര്‍ശിച്ചുകൊണ്ടാണ് മോദി കോണ്‍ഗ്രസ്സിനെ തിരിച്ചടിച്ചത്. 1971ല്‍ ആയിരുന്നു നോട്ട് അസാധുവാക്കല്‍ തീരുമാനം നടപ്പാക്കേണ്ടിയിരുന്നതെന്നും അന്ന് നോട്ട് നിരോധന നിര്‍ദേശത്തെ ഇന്ദിരാ ഗാന്ധി എതിര്‍ത്തതായും മോദി ആരോപിച്ചു.

രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിന് 1971ല്‍ തന്നെ ഉയര്‍ന്ന മൂല്യമുള്ള നോട്ട് അസാധുവാക്കലിന് എന്‍എന്‍ വാന്‍ചു അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നെന്നും, എന്നാല്‍ ഇത് നടപ്പിലാക്കിയപ്പോഴേക്കും നമ്മള്‍ ഒരുപാട് വൈകിപ്പോയെന്നൂം മോദി കുറ്റപ്പെടുത്തി. സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കുന്നതില്‍ നേരിട്ട കാലതാമസം രാജ്യത്തെ പ്രതികൂലമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ പാര്‍ട്ടികള്‍ അവരുടെ അടിസ്ഥാന പ്രത്യേയശാസ്ത്രങ്ങള്‍ മറന്നുപോയെന്നും അതുകൊണ്ടാണവര്‍ സമയോചിതമായി നിലപാട് മാറ്റുന്നതെന്നും മോദി വിമര്‍ശിച്ചു.

ജനങ്ങളുടെ ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും മാറ്റുന്നതിനായുള്ള നടപടിക്രമമെന്ന നിലയിലാണ് ഡിജിറ്റല്‍വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും ഇത് എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. കള്ളപ്പണത്തിനെതിരെയുള്ള അവസാന പോരാട്ടമല്ല നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം. ഇതൊരു തുടക്കം മാത്രമാണ്. പ്രതിപക്ഷം സര്‍ക്കാരിന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്, പക്ഷെ അഴിമതിക്കെതിരായുള്ള പോരാട്ടം സര്‍ക്കാര്‍ അവസാനിപ്പിക്കുകയില്ലെന്നും മോദി പറഞ്ഞു.

ബിജെപിയോട് ആദര്‍ശപരമായി അനുഭാവം പ്രകടിപ്പിക്കാത്തവര്‍ പോലും അഴിമതിവിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അവര്‍ക്ക് നന്ദിയറിയിക്കുന്നതായും പറഞ്ഞ പ്രധാനമന്ത്രി നിതീഷ് കുമാര്‍, നവീന്‍ പട്‌നായിക്ക് എന്നിവരുടെ പേരെടുത്ത് പരാമര്‍ശിച്ചു. അഴിമതിവിരുദ്ധ പോരാട്ടത്തിന് പ്രതിപക്ഷം എതിരാണെന്നും കോണ്‍ഗ്രസ്സ് എന്നും രാജ്യത്തേക്കാള്‍ വലുതായി പാര്‍ട്ടിയേയാണ് കണ്ടെതെന്നും മോദി കുറ്റപ്പെടുത്തി.

Comments

comments

Categories: Slider, Top Stories