വീട് നിര്‍മാണത്തിനുള്ള പാരിസ്ഥിതികാനുമതി ലഘൂകരിച്ച് സര്‍ക്കാര്‍

വീട് നിര്‍മാണത്തിനുള്ള പാരിസ്ഥിതികാനുമതി ലഘൂകരിച്ച് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് പദ്ധതി യാതാര്‍ഥ്യമാക്കുന്നതിനായി പുതിയ ആനുകൂല്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് നിര്‍മിക്കുന്ന ഭവന പദ്ധതികള്‍ക്കുള്ള പാരിസ്ഥിതികാനുമതികള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചെറുകിട പദ്ധതികള്‍ക്ക് ഇതോടെ പാരിസ്ഥിതിക ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കാണിച്ചുള്ള സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി പാരിസ്ഥിതികാനുമതി നേടേണ്ടിയിരുന്ന വന്‍കിട പദ്ധതികള്‍ക്കും സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷയേകുന്നു.

പരിസ്ഥിതിയാഘാത നിര്‍ണയ നിയമത്തില്‍ ഗസറ്റ് നിര്‍ദേശം വഴിയാണ് പുതിയ മാറ്റം സര്‍ക്കാര്‍ വരുത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗ അനുമതിയും പുതിയ നിര്‍ദേശത്തില്‍ നല്‍കിയിട്ടുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് ആറ് മുതല്‍ ഏഴ് മാസം വരെയെടുക്കുമെന്ന് പരിസ്ഥിതി മന്ത്രാലയ വകുപ്പ് ജോയിന്റ് സെക്രട്ടറി മനോജ് കുമാര്‍ സിംഗ് വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ നിലവിലുള്ള കെട്ടിട നിര്‍മാണ നിയമാവലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള നിയമങ്ങള്‍ക്കനുസരിച്ചുള്ള മാറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുന്ന കൂടുതല്‍ കെട്ടിടങ്ങള്‍ എന്ന ആശയത്തിലേക്കാണ് പുതിയ നിയമം വിരല്‍ ചൂണ്ടുന്നത്. ഇതോടെ കെട്ടിട നിര്‍മാണത്തിനുള്ള അനുമതിക്കുള്ള കാലതാമസം ഒഴിവാകുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പ്രതീക്ഷ.
5,000 ചതുരശ്രയടി മുതല്‍ 20,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ അനുമതിപത്രം മതിയാകും. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകര്‍ത്താക്കള്‍ക്ക് അവസാന തീരുമാനമെടുക്കാമെന്നും നിര്‍ദേശത്തിലുണ്ട്.
20,000 ചതുരശ്രയടി മുതല്‍ 1,50,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി അനുമതി വേണമെന്നായിരുന്നു ഇതുവരെ. എന്നാല്‍, പുതിയ നിര്‍ദേശം വന്നതോടെ ഇതിന്റെ ആവശ്യമുണ്ടാകില്ല. പദ്ധതി വൈകുന്നതില്‍ മുഖ്യ കാരണമായിരുന്നു ഇത്.
കെട്ടിട നിര്‍മാണത്തിന് സംസ്ഥാന തലത്തിലുള്ള പരിസ്ഥിതി നിര്‍ണയ അതോറിറ്റികളെ സമീപിക്കുന്നതിന് പകരമായി പ്രാദേശിക അതോറിറ്റികളെ സമീപിച്ചാല്‍ മതിയാകും. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എന്‍വിറോണ്‍മെന്റ് സെല്ലുകള്‍ പ്രാദേശിക സര്‍ക്കാരുകള്‍ രൂപീകരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച എന്‍വിറോണ്‍മെന്റ് സെല്ലുകള്‍ ഈ അപേക്ഷ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഡെവലപ്പ്‌മെന്റ് അതോറിറ്റി തുടങ്ങിയ പ്രാദേശിക ഭരണപരിധിയിലുള്ള കമ്മറ്റിക്ക് സമര്‍പ്പിക്കും. പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള പദ്ധതിയാണ് കമ്പനികള്‍ സമര്‍പ്പിച്ചിരിക്കുന്നതെങ്കില്‍ അനുമതി നല്‍കുന്നതിനായി കമ്മറ്റി ഗ്രാമപഞ്ചായത്തടക്കമുള്ളവയ്ക്ക് അനുവാദം നല്‍കും.
കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവര്‍ക്കും വീട് പദ്ധതിക്കും ഏറെ ഗുണം ചെയ്യുന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. നഗരങ്ങളിലുള്ള ദുര്‍ബല മേഖലകളില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് പുതിയ നിര്‍ദേശം നേട്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ചതുരശ്രയടി ചുറ്റളവുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി നിര്‍ണയ അതോറിറ്റിയെയും മൂന്ന് ലക്ഷം ചതുരശ്രയടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ അനുമതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കേണ്ടി വരും.
ബില്‍ഡിംഗ് എന്‍വിറോണ്‍മെന്റല്‍ ഓഡിറ്റര്‍മാര്‍ പദ്ധതികള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മാതാക്കള്‍ക്ക് പിഴയടക്കേണ്ടി വരുമെന്നും നിര്‍ദേശത്തിലുണ്ട്.

Comments

comments

Categories: Slider, Top Stories