ഉപഭോക്താക്കളെ ഡിജിറ്റലായി ശാക്തീകരിച്ച് ആക്‌സിസ് ബാങ്ക്

ഉപഭോക്താക്കളെ ഡിജിറ്റലായി ശാക്തീകരിച്ച് ആക്‌സിസ് ബാങ്ക്

 
കൊച്ചി: ഇടപാടുകാരെ വിവിധ ഡിജിറ്റല്‍ ഇടങ്ങളിലേക്കു ശാക്തീകരിക്കാനുതകുന്ന വിവിധ സൗകര്യങ്ങള്‍ ആക്‌സിസ് ബാങ്ക് പ്രഖ്യാപിച്ചു. കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ നേരിടാനായാണ് രാജ്യത്തെ വലുപ്പത്തില്‍ മൂന്നാം സ്ഥാനത്തുള്ള സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് പുതിയ പദ്ധതികള്‍ക്ക് രൂപംകൊടുത്തിരിക്കുന്നത്.

ഡിജിറ്റല്‍ പേയ്‌മെന്റ് രീതികള്‍ അവലംബിക്കുന്നത് രാജ്യത്താകമാനം വര്‍ധിച്ചുവരുന്നുണ്ടെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. ദൈനംദിന ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ബാങ്ക് ഇടപാടുകാരെ നിരന്തരം ബോധവല്‍ക്കരിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. പണരഹിത ഇടപാടുകള്‍ സുഗമമമായി നടത്താനുതകുന്ന സൗകര്യങ്ങള്‍ ഇന്ത്യയൊട്ടാകെ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ചെറിയ തുകയ്ക്കുള്ള ഇടപാടുകള്‍പോലും ബാങ്കിന്റെ ക്യു ആര്‍ അധിഷ്ഠിത സ്‌കാനിംഗ് രീതിയിലൂടെ നടത്താനാകും. ബാങ്കിന്റെ യുപിഐ ആപ്പ് ദിവസവും രണ്ടുലക്ഷത്തിനടുത്ത് ആളുകളാണ് ഉപയോഗിച്ചുതുടങ്ങുന്നത്.

ഇതിനൊപ്പം പിഒഎസ് ടെര്‍മിനലുകളില്‍ നിന്ന് പണം പിന്‍വലിക്കാനാകുന്ന മൈക്രോ എടിഎമ്മുകളും ബാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ സാധാരണക്കാരെ ഉള്‍പ്പെടെ ബാങ്ക് അക്കൗണ്ട് എടുക്കാനും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനും പര്യാപ്തരാക്കുന്നതിനുള്ള വിവിധ വിദ്യാഭ്യാസപരിപാടികളും ബാങ്ക് നടത്തിവരുന്നു.

ബാങ്കിന്റെ 99 ശതമാനം എടിഎമ്മുകളും പുതിയ കറന്‍സി നോട്ടുകള്‍ വയ്ക്കാനാകും വിധത്തില്‍ റീ കാലിബറേറ്റ് ചെയ്തുകഴിഞ്ഞു. ആശുപത്രികള്‍ പോലുള്ള സുപ്രധാന കേന്ദ്രങ്ങളിലെ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് ബാങ്ക് മുന്‍ഗണന നല്‍കുന്നുണ്ട്. ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി 3000 ശാഖകളിലായി അന്‍പതിനായിരത്തോളം ജീവനക്കാരാണ് രാപകലില്ലാതെ ജോലി ചെയ്യുന്നത്.

ആഗോള വ്യവസായ വിദഗ്ദ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആക്‌സിസ് ബാങ്ക് യഥാസമയം ഇടപാടുകള്‍ പരിശോധിക്കുന്നതിനായി മികച്ചൊരു സംഘത്തെതന്നെ സജ്ജമാക്കിയിട്ടുണ്ട്. ഫോറന്‍സിക് ഓഡിറ്റിംഗിനായി രാജ്യത്തെ പ്രമുഖ സ്വതന്ത്ര ഇന്റേണല്‍ ഓഡിറ്റര്‍മാരായ കെപിഎംജിയെ നിയോഗിച്ചിട്ടുള്ള ബാങ്ക് ക്രമക്കേടുകള്‍ ഉണ്ടാകാതെ നോക്കുന്നതിനായി 125 മുതിര്‍ന്ന ബാങ്ക് ജീവനക്കാരടങ്ങിയ പ്രത്യേക ദൗത്യസേനയ്ക്കും രൂപംകൊടുത്തിട്ടുണ്ട്. കെപിഎംജിയുടേയും ഈ സംഘത്തിന്റെയും പിന്തുണയോടെ എല്ലാ സംവിധാനങ്ങളും നടപടിക്രമങ്ങളും ബാങ്ക് നിരന്തരം പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയും പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നു.

ഇടപാടുകാര്‍ക്ക് തടസ്സമില്ലാതെ സേവനം നല്‍കാന്‍ പ്രതിജ്ഞാബദ്ധരായ ബാങ്ക്, തെറ്റായ വിവരങ്ങളിലും അഭ്യൂഹങ്ങളിലും വീഴരുതെന്ന് പങ്കാളികളോട് അഭ്യര്‍ത്ഥിക്കുന്നു. റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന എല്ലാ ചട്ടങ്ങളുമനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ബാങ്കിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Banking