എയര്‍ടെല്ലും വൊഡാഫോണും ഡിജിറ്റല്‍ വാലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നു

എയര്‍ടെല്ലും വൊഡാഫോണും  ഡിജിറ്റല്‍ വാലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നു

 

ന്യൂഡെല്‍ഹി: പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലും വൊഡാഫോണും ഡിജിറ്റല്‍ വാലറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നയവുമായി മുന്നോട്ടുപോകുന്നു. പണേതര ഇടപാടുകള്‍ സജീവമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയുടെ ചുവടുപിടിച്ചാണ് ടെലികോം രംഗത്തെ വമ്പന്‍മാരുടെ നടപടി.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍ തങ്ങളുടെ വാലറ്റ് എം-പെസയുടെ (മൊബീല്‍ അടിസ്ഥാനമാക്കിയ പണ കൈമാറ്റം, ധനകാര്യ, മൈക്രോ ഫിനാന്‍സിംഗ് സേവനം) മര്‍ച്ചന്റ് വിഭാഗമായ എം- പെസപേ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തിരുന്നു. പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്, സൈ്വപിങ് മെഷീന്‍) ഇല്ലാതെ ഡിജിറ്റലായി പണം സ്വീകരിക്കാന്‍ ചെറിയ കടകള്‍ക്ക് എം- പെസപേയിലൂടെ സാധിക്കും. പാല്‍ ഉല്‍പ്പാദന സംരംഭങ്ങളുടെ വിതരണ ശൃംഖലകളുമായും വാള്‍മാര്‍ട്ടിന്റെ മൊത്ത വില്‍പ്പനക്കാരുമായും വൊഡാഫോണ്‍ സഹകരിക്കുന്നുണ്ട്. അതിനാല്‍ ഇടനിലക്കാരില്ലാതെ ഇടപാടുകള്‍ നേരിട്ട് സാധ്യമാക്കാനാകുമെന്ന് വൊഡാഫോണ്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ സൂദ് പറഞ്ഞു.
2013 ല്‍ ലോഞ്ച് ചെയ്ത എം-പെസ വാലറ്റിന് ഇപ്പോള്‍ 8.5 മില്ല്യണ്‍ ഉപഭോക്താക്കളുണ്ട്. കഴിഞ്ഞയാഴ്ച മുതല്‍ വാലറ്റ് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യവും തുടങ്ങിയിരുന്നു. സെപ്റ്റംബറില്‍ വാലറ്റിലൂടെ 860 കോടി രൂപയുടെ ഇടപാടുകളും നടന്നു. വാലറ്റിലൂടെ ഒരു മാസം ഏകദേശം എട്ട് മില്ല്യണ്‍ ഇടപാടുകള്‍ സാധ്യമാകുന്നുണ്ട്. രാജ്യത്തെ അഞ്ചു ശതമാനം ഗ്രാമങ്ങളില്‍ മാത്രമാണ് ബാങ്കുള്ളത്. ബാങ്കിലെത്താനായി ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ 15-50 കിലോമീറ്റര്‍ വരെ യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. എം-പെസ വാലറ്റ് ഡിജിറ്റല്‍വല്‍ക്കരണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പണം അടയ്ക്കുന്ന 100,000 ഉപയോക്താക്കള്‍ക്ക് ഭാരതി എയര്‍ടെല്ലിന്റെ പേയ്‌മെന്റ് ബാങ്ക് ശാഖ 100 മിനിറ്റ് സൗജന്യ എയര്‍ടെല്‍ ടോക്ക്‌ടൈം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പേയ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനി പ്രോസസിംഗ് ചാര്‍ജുകളും ഈടാക്കുന്നില്ല.
പണേതര ഇടപാടുകള്‍ സാധ്യമാക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് അവബോധ ക്ലാസ് നല്‍കുമെന്ന് ഭാരതി എയര്‍ടെല്ലിന്റെ പേയ്‌മെന്റ് ബാങ്കിംഗ് ശാഖ വ്യക്തമാക്കി.
പണേതര ഇടപാടിലേക്ക് രാജ്യത്തെ വേഗത്തില്‍ എത്തിക്കണമെന്ന സര്‍ക്കാരിന്റെ ഉദ്യമം ഈ സംരംഭങ്ങളിലൂടെ ലക്ഷ്യം കാണുമെന്ന് എയര്‍ടെല്‍ പേയ്‌മെന്റസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററായ ഷാസി അറോറ വിലയിരുത്തി.

Comments

comments

Categories: Branding