കൊച്ചി ബിനാലെ 2016: കേരളത്തില്‍ തങ്ങള്‍ അന്യരാണെന്ന് തോന്നിയില്ലെന്ന് യുഎഇ സംഘം

കൊച്ചി ബിനാലെ 2016:  കേരളത്തില്‍ തങ്ങള്‍ അന്യരാണെന്ന് തോന്നിയില്ലെന്ന് യുഎഇ സംഘം

 

കൊച്ചി: യുഎഇയിലെയും ഇന്ത്യയിലേയും, വിശേഷിച്ച് കേരളത്തിലെ, ജനങ്ങള്‍ക്കിടയില്‍ കാലങ്ങളായി ഉടലെടുത്ത ആത്മബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കൊച്ചി ബിനാലെയുടെ ഭാഗമായി നടക്കുന്ന ‘ബൈനറി സ്റ്റേറ്റ്‌സ് ഇന്ത്യ-യുഎഇ’ എന്ന പ്രദര്‍ശന വേദിയില്‍ യുഎഇയില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുത്ത സംവാദം. യുഎഇയിലെ ഇന്ത്യക്കാരുടെയും ഇന്ത്യയിലെ യുഎഇക്കാരുടെയും അനുഭവങ്ങള്‍ വിവരിക്കുന്ന ഓഡിയോ ഇന്‍സ്റ്റലേഷന്‍, പോഡ്കാസ്റ്റുകള്‍, എഴുതിയ വിവരണങ്ങള്‍ എന്നിവ തയ്യാറാക്കിയ റാഷാ അല്‍ ദുവൈസന്‍, യുഎഇയിലുള്ള മലയാളി ഫോട്ടോഗ്രാഫര്‍ പ്രേം രത്‌നത്തിന്റെ ഫോട്ടോ ശേഖരത്തില്‍ നിന്നും തെരഞ്ഞെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം ‘റിവേഴ്‌സ് മൊമെന്റ്‌സ്’ തയ്യാറാക്കിയ അമ്മര്‍ അല്‍ അത്തര്‍, നാട്ടില്‍ തങ്ങള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വീടിന്റെ രൂപകല്‍പനയെക്കുറിച്ച് യുഎഇയിലുള്ള രണ്ട് മലയാളികളും കേരളത്തിലെ ആര്‍ക്കിടെക്ച്ചറല്‍ സ്ഥാപനവും തമ്മിലുള്ള ഇടപാടുകള്‍ ചിത്രീകരിക്കുന്ന ‘വീട്’ എന്ന വീഡിയോ ചിത്രമൊരുക്കിയ വിക്രം ദിവേച്ഛ, പ്രദര്‍ശനത്തിന്റെ ക്യുറേറ്ററായ റാഷിദ് ബിന്‍ ഷബീബ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.

അമേരിക്കയും യൂറോപ്പും സന്ദര്‍ശിച്ചപ്പോള്‍ അനുഭവപ്പെട്ട മറ്റൊരിടത്താണെന്ന അന്യതാബോധം കൊച്ചിയില്‍ അനുഭവപ്പെട്ടില്ലെന്ന് യുഎഇ സംഘാംഗങ്ങള്‍ പറഞ്ഞു. ദുബായിലെ ഒരു തെരുവില്‍ നില്‍ക്കുന്നതുപോലെ തന്നെയാണ് കൊച്ചിയില്‍ നിന്നപ്പോഴും തോന്നിയത്. പണ്ട് കേരളം സന്ദര്‍ശിച്ച തന്റെ മാതാപിതാക്കള്‍ പറഞ്ഞറിഞ്ഞതിന്റെ ഓര്‍മകളില്‍ കൊച്ചിയിലെത്തിയ സംഘാംഗങ്ങളിലൊരാള്‍ കൊച്ചി സമ്മാനിച്ച അടുപ്പവും പരിചിതത്വവും ഹൃദയസ്പര്‍ശിയായെന്നു വിശേഷിപ്പിച്ച് വികാരഭരിതയായി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയിലെത്തിയ ഇന്ത്യക്കാരുടെ അനുഭവങ്ങള്‍ അവര്‍ തന്നെ വിവരിക്കുന്ന തരത്തില്‍ എഴുത്തിലും ശബ്ദത്തിലും ഡോക്യുമെന്റ് ചെയ്തത് അതിന്റെ തീക്ഷണത നഷ്ടപ്പെടാതിരിക്കാനാണെന്ന് റാഷാ അല്‍ ദുവൈസന്‍ പറഞ്ഞു.

ഗള്‍ഫിലെത്തുന്ന ഇന്ത്യക്കാരുടെ ഏറ്റവും വലിയ സ്വപ്‌നം നാട്ടിലൊരു വീട് നിര്‍മിക്കുകയെന്നതാണെന്ന് വിക്രം ദിവേച്ഛ പറഞ്ഞു. അതാണ് വീട് നിര്‍മാണം തന്റെ വീഡിയോ ചിത്രത്തിന്റെ പ്രമേയമായി തെരഞ്ഞെടുക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്നവരുടെ പ്രധാന ലക്ഷ്യം സാമ്പത്തിക നില മെച്ചപ്പെടുത്തി നാട്ടില്‍ തിരിച്ചെത്താനാണ്. എന്നാല്‍ അവിടെ ജനിച്ചുവളരുന്ന അവരുടെ മക്കള്‍ക്ക് നാട്ടിലെത്താന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

യുഎഇയിലെ ഫോട്ടോഗ്രഫി ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണമാണ് തന്നെ പ്രേം രത്‌നത്തിന്റെ ഫോട്ടോകളിലേക്ക് ആകര്‍ഷിച്ചതെന്ന് ഫോട്ടോഗ്രാഫര്‍ കൂടിയായ അമ്മര്‍ അല്‍ അത്തര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കുടിയേറ്റത്തിന്റെ കൂടി ചരിത്രമാണ് പ്രേമിന്റെ ഫോട്ടോകളെന്നും അദ്ദേഹം പറഞ്ഞു.

ബൈനറി സ്റ്റേറ്റ്‌സ് ഇന്ത്യ-യുഎഇ പ്രദര്‍ശനം ഇന്ത്യയ്ക്കും യുഎഇക്കുമിടയിലെ സാംസ്‌കാരിക നയതന്ത്ര പരിപാടികള്‍ക്ക് ഊര്‍ജമേകുമെന്ന് പ്രദര്‍ശനത്തിന്റെ ക്യുറേറ്ററായ റാഷിദ് ബിന്‍ ഷബീബ് പറഞ്ഞു.

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കും തിരിച്ചുമുള്ള കുടിയേറ്റത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നതാണ് യുഎഇ കള്‍ച്ചറല്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നിര്‍മിതിയില്‍ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘ബൈനറി സ്റ്റേറ്റ്‌സ് ഇന്ത്യ-യുഎഇ’ എന്ന പ്രദര്‍ശനം. ഫോര്‍ട് കൊച്ചി ഗ്രീനിക്‌സ് വില്ലേജില്‍ നടക്കുന്ന പ്രദര്‍ശനം കാണാന്‍ വിദേശികളും സ്വദേശികളുമടക്കം നിരവധി പേരാണെത്തുന്നത്. പ്രദര്‍ശനം 2017 മാര്‍ച്ച് 2 വരെ തുടരും.

Comments

comments

Categories: Trending