റഷ്യയോട് മൃദു സമീപനം, ചൈനയോട് കടുപ്പം

റഷ്യയോട് മൃദു സമീപനം, ചൈനയോട് കടുപ്പം

തായ്‌വാന്‍ വിഷയത്തില്‍ ചൈനയുടെ ക്ഷമ പരീക്ഷിച്ച ട്രംപ്, യുഎസ്-ബീജിംഗ് ബന്ധത്തെ ദോഷകരമായി ബാധിക്കും വിധം പ്രവചിക്കാനാവാത്തതും അസ്ഥിരത നിറഞ്ഞതുമായ ഘടകം കുത്തിവച്ചിരിക്കുകയാണ്. എതിര്‍ചേരിയിലുള്ള വന്‍ ശക്തികളോട് വാഷിംഗ്ടണ്‍ പതിറ്റാണ്ടുകളായി പുലര്‍ത്തിയിരുന്ന നിലപാടിനു നേര്‍വിപരീതമാണ് ട്രംപ് പയറ്റുന്ന നയതന്ത്രം.
തായ്‌വാന്‍ പ്രസിഡന്റുമായി നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ് രണ്ടാഴ്ച മുന്‍പ് ടെലഫോണ്‍ സംഭാഷണം നടത്തിയതാണു ചൈനയെ ആദ്യം പ്രകോപിപ്പിച്ചത്. പിന്നീട് രണ്ട് ദിവസങ്ങള്‍ക്കു ശേഷം ചൈനയ്‌ക്കെതിരേ ട്വിറ്ററില്‍ കുറിപ്പെഴുതി. തുടര്‍ന്ന് ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ ഏക ചൈനാ നയത്തെ(one china policy) വിമര്‍ശിക്കുകയും ചെയ്തു.
1972ല്‍ യുഎസ് പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സന്‍ ചൈനയുമായി പുതിയ നയതന്ത്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി opening to china എന്ന നയം സ്വീകരിച്ചു. തുടര്‍ന്നു അതേവര്‍ഷം ചൈന സന്ദര്‍ശിച്ചു. ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന സന്ദര്‍ശിക്കുന്നു എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ടായിരുന്നു. സന്ദര്‍ശനത്തില്‍ മാവോ സേ തുങ്ങുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു യുഎസിന്റെ ചൈനാ ബന്ധത്തില്‍ പുതിയ അധ്യായം രചിക്കുകയുണ്ടായി. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം ഏക ചൈനാ നയത്തെ യുഎസ് അംഗീകരിക്കുകയും ചെയ്തു. നിക്‌സന്‍ തുടക്കമിട്ട കീഴ്‌വഴക്കം പിന്നീട് അധികാരത്തിലിരുന്ന യുഎസ് പ്രസിഡന്റുമാര്‍ പിന്തുടര്‍ന്നു. എന്നാല്‍ ഈ പതിവുകള്‍ക്ക് മാറ്റം വരുത്തിയിരിക്കുകയാണ് ട്രംപ്.
ഒരുവശത്ത് ചൈനയെ പ്രകോപിപ്പിക്കുമ്പോള്‍, മറുവശത്ത് ട്രംപ് റഷ്യയുമായി ചങ്ങാത്തം കൂടാനുള്ള ത്വര പ്രകടിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഒരു ത്രികോണ തന്ത്രം പുറത്തെടുക്കാനും ട്രംപ് ശ്രമിക്കുന്നുണ്ട്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേയ്ക്ക് ട്രംപ് പരിഗണിക്കുന്ന റെക്‌സ് ടില്ലേഴ്‌സന്‍ എന്ന എണ്ണ കമ്പനിയുടെ ഉടമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ അരുമയാണ്. ടില്ലേഴ്‌സനെ നിയമിക്കുന്നതിലൂടെ ട്രംപിനു പുടിന്റെ ഇഷ്ടം സമ്പാദിക്കാന്‍ സാധിക്കുമെന്നു കണക്കുകൂട്ടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ 1972ല്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്‍ പുറത്തിറക്കിയ ചൈനാ കാര്‍ഡ് തന്നെയാണ് ട്രംപ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്, ഒരു വ്യത്യാസം മാത്രം നിക്‌സന്‍ ഉപയോഗിച്ച ചൈനാ കാര്‍ഡ് ട്രംപ് ഉപയോഗിക്കുന്നത് നേര്‍ വിപരീത ദിശയിലാണെന്നു മാത്രം.
റഷ്യയുമായി അമേരിക്ക ഊഷ്മള ബന്ധം സ്ഥാപിക്കുന്നതിലൂടെ ചൈനയ്ക്കു തിരിച്ചടിയാകുമെന്ന് ട്രംപ് കണക്കുകൂട്ടുന്നുണ്ട്. റഷ്യയെ കൂട്ടുപിടിച്ചു ചൈനയെ തകര്‍ക്കാനുള്ള ട്രംപിന്റെ നീക്കം റിച്ചാര്‍ഡ് നിക്‌സന്റെ 1972ലെ മാതൃക അനുകരിച്ചാണെന്നതും വ്യക്തമാണ്. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത്, സോവിയറ്റ് യൂണിയന്റെ ശക്തി ക്ഷയിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നിക്‌സന്‍ കണ്ടു പിടിച്ച മാര്‍ഗമായിരുന്നു ചൈനയുമായി സഖ്യത്തിലാവുകയെന്നത്. ഈ ബുദ്ധി നിക്‌സന് ഉപദേശിച്ചു കൊടുത്തതാകട്ടെ ഹെന്റി കിസിംഗറും. ഇപ്പോള്‍ ട്രംപ് പയറ്റുന്നതും ഈ വിദ്യ തന്നെ. ഒരു വ്യത്യാസം മാത്രം. 1972ല്‍ സോവിയറ്റ് യൂണിയനെതിരേയാണു യുഎസ് ചൈനയെ ഉപയോഗിച്ചതെങ്കില്‍ ഇപ്പോള്‍ ചൈനയ്‌ക്കെതിരേ റഷ്യയെ വച്ച് കളിക്കുന്നെന്നു മാത്രം.
പക്ഷേ ട്രംപിന്റെ ഈ ചൂതുകളിയില്‍ കണ്ണ് ഒന്ന് തെറ്റിയാല്‍ തിരിച്ചടി ഭയാനകമായിരിക്കും. പരമ്പരാഗത സഖ്യകക്ഷികളെന്നതിനുപരി ചൈനയും റഷ്യയും തമ്മില്‍ പ്രായോഗിക, ബിസിനസ് ബന്ധമുണ്ട്. രണ്ട് രാജ്യങ്ങളെയും തമ്മില്‍ തെറ്റിപ്പിരിക്കുക എന്നതും എളുപ്പമുള്ള കാര്യമല്ല. അതു കൊണ്ടുതന്നെ ട്രംപിന്റെ നയതന്ത്രം സൂക്ഷമതയോടെ പയറ്റിയില്ലെങ്കില്‍ അമേരിക്കയ്ക്കു അഭിമുഖീകരിക്കേണ്ടി വരുന്നത് വന്‍ തിരിച്ചടിയായിരിക്കും. ശക്തിസന്തുലനത്തെ(balance of power) തകിടം മറിച്ചു കൊണ്ട് ട്രംപ് ഇപ്പോള്‍ പുറത്തെടുക്കുന്ന നയതന്ത്രം ആഗോളതലത്തില്‍ സൃഷ്ടിക്കാന്‍ പോകുന്നത് അസ്ഥിരതയായിരിക്കുമെന്നു വ്യക്തം. യുഎസ്, റഷ്യന്‍ എണ്ണ കമ്പനികള്‍ക്കു സ്ഥാപിത താത്പര്യങ്ങളുള്ള സിറിയ, ഉക്രൈന്‍, തിബറ്റ്, ആര്‍ട്ടിക്ക് പ്രദേശത്ത് ഈ അസ്ഥിരതയുടെ പ്രത്യാഘാതങ്ങള്‍ നിഴലിക്കുകയും ചെയ്യും.

Comments

comments

Categories: Slider, World