ടെല്‍ക്ക് ദിനാഘോഷം ഡിസംബര്‍ 17-ന്

ടെല്‍ക്ക് ദിനാഘോഷം ഡിസംബര്‍ 17-ന്

കൊച്ചി: പൊതുമേഖല സ്ഥാപനമായ ടെല്‍ക്കിന്റെ വാര്‍ഷിക ദിനാഘോഷവും, ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ടാസ്‌ക്കിന്റെ 48മത് വാര്‍ഷികവും ഡിസംബര്‍ 17 -ന് രാവിലെ 10 ന് ടെല്‍ക്ക് അങ്കണത്തില്‍ സംസ്ഥാന വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പുമന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ അദ്ധ്യക്ഷത വഹിക്കും. ഇന്നസെന്റ് എംപി മുഖ്യാതിഥിയായിരിക്കും. അഡ്വ.വി ഡി സതീശന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഗ്രേസി ടീച്ചര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ്, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, അഡ്വ.വി ഇ അബ്ദുള്‍ ഗഫൂര്‍, ടെല്‍ക്ക് ചെയര്‍മാന്‍ അഡ്വ.എന്‍ സി മോഹനന്‍, മാനേജിംഗ് ഡയറക്റ്റര്‍ പ്രസാദ് ബി, പ്രൊഡക്ഷന്‍ എജിഎം എല്‍ കല തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് ടാസ്‌ക് പ്രസിഡന്റ് കെ എ ജയന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കുടുംബസംഗമം ടെല്‍ക്ക് ചെയര്‍മാന്‍ അഡ്വ.എന്‍ സി മോഹനന്‍ ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് ബി, ടാസ്‌ക് സെക്രട്ടറി കെ.ബിജേഷ്, ട്രഷറര്‍ എസ്. സുഭാഷ്, സിനിമാതാരം സുനില്‍ സുഗത തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഫിഫ്ത് എലമെന്റ് ബാന്റിന്റെ ലൈവ് മ്യൂസിക്കും ഉണ്ടാകും.

1963-ലാണ് അങ്കമാലിയില്‍ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഹിറ്റാച്ചി കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെ ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്ക്) പ്രവര്‍ത്തനം തുടങ്ങിയത്. 2007 മുതല്‍ കേരള സര്‍ക്കാരിന്റെയും എന്‍ടിപിസിയുടെയും സംയുക്ത സംരംഭമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. ടെല്‍ക്കിന്റെ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഗുണമേന്‍മയില്‍ ലോകപ്രശസ്തമാണ്. സ്വകാര്യ കമ്പനികളുടെ പവര്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ 25 വര്‍ഷത്തിലധികം പ്രവര്‍ത്തിക്കാത്തിടത്ത് ടെല്‍ക്കിന്റെ പവര്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ 40 വര്‍ഷത്തിലധികമായിട്ടും ഇന്ത്യക്കകത്തും, പുറത്തും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായും, ഒമാന്‍ പോലുള്ള രാജ്യങ്ങളിലെ 80 ശതമാനം ട്രാന്‍സ്‌ഫോര്‍മറുകള്‍ ടെല്‍ക്കിന്റെതാണെന്നും ചെയര്‍മാന്‍ അഡ്വ.എന്‍ സി മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂലമറ്റം പവര്‍പ്ലാന്റില്‍ ഇന്നും കേടുകൂടാതെ പ്രവര്‍ത്തിക്കുന്ന ഏക ട്രാന്‍സ്‌ഫോര്‍മറും ടെല്‍ക്കിന്റെതാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ദ്ധിച്ചു വരുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കമ്പനിയുടെ പ്രവര്‍ത്തന മികവിനെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും, വൈദ്യുതി ഉപയോഗം 20 ശതമാനം വരെ കുറയ്ക്കുന്നതിനായി സേവ് എനര്‍ജി എന്ന പേരില്‍, വ്യാവസായിക സൗരോര്‍ജ പദ്ധതികള്‍ക്ക് അനുയോജ്യമായ പ്രേത്യകതരം ട്രാന്‍സ്‌ഫോര്‍മറുകളുടെ ഉല്‍പാദനം വരും ദിവസങ്ങളില്‍ ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ പ്രസാദ് ബി പറഞ്ഞു. ഇന്ത്യയ്ക്കകത്ത് എവിടെയും 48 മണിക്കൂറിനുള്ളില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി റാപ്പിഡ് റിപ്പയര്‍ ഫോഴ്‌സ് എന്ന വിഭാഗവും ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മാനേജിംഗ് ഡയറക്റ്റര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജെ.ജി.എം.ഫിനാന്‍സ് ഗണപതി അയ്യര്‍, ഡി.ജി.എം.& കമ്പനി സെക്രട്ടറി ഡോ.ജോഫി ജോര്‍ജ് എന്നിവരും പങ്കെടുത്തു.

Comments

comments

Categories: Branding