ഇന്ത്യയുടെ ‘സൂപ്പര്‍മോം’ ആഗോള ചിന്തകരുടെ പട്ടികയില്‍

ഇന്ത്യയുടെ ‘സൂപ്പര്‍മോം’ ആഗോള ചിന്തകരുടെ പട്ടികയില്‍

 

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വിദേശകാര്യമന്ത്രിമാരുടെ ചരിത്രത്തില്‍ സുഷമ സ്വരാജിനെപ്പോലെ സക്രിയ ആയൊരാളെ കണ്ടെത്തുക പ്രയാസം. സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ സാധ്യതകള്‍ ഭരണനിര്‍വഹണത്തിലും ജനങ്ങളെ സേവിക്കുന്നതിലും ഇതുപോലെ ഉപയോഗപ്പെടുത്തുന്ന മറ്റൊരു മന്ത്രി നരേന്ദ്ര മോദിയുടെ ടീമില്‍ വേറെയില്ല. പ്രശസ്തമായ ഫോറിന്‍ പോളിസി മാസിക സുഷമയെ 2016ലെ ഗ്ലോബല്‍ തിങ്കേഴ്‌സ്-ഡിസിഷന്‍ മേക്കേഴ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തി ആദരിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡെയും ഉള്‍പ്പെട്ട 15 പേരുടെ അപൂര്‍വ പട്ടികയിലാണ് ഇന്ത്യയുടെ അഭിമാനമായി സുഷമ സ്വരാജും ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയ സുഷമയെ പ്രധാമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ട്വിറ്ററില്‍ അഭിനന്ദിച്ചു. ട്വിറ്ററിലൂടെ പരാതി ഉന്നയിക്കുന്നവര്‍ക്ക് വളരെ വേഗത്തില്‍ പരിഹാരങ്ങള്‍ കാണാനുള്ള സുഷമ സ്വരാജിന്റെ സമീപനമാണ് മാസിക കണക്കിലെടുത്തത്. സൗദി അറേബ്യയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിട്ട ഭക്ഷ്യ പ്രതിസന്ധിയിലും യമനിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് അവിടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനത്തിലുമെല്ലാം സുഷമ ട്വിറ്ററിലൂടെ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു.

വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഡെല്‍ഹിയിലെ എയിംസിലാണ് ഇപ്പോള്‍ സുഷമ. ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പോലും ട്വിറ്ററിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ശ്രമം നടത്തിയിരുന്നു.

Comments

comments

Categories: Slider, Top Stories