സുധാംശു വത്സ് ബാര്‍ക് ഇന്ത്യ ചെയര്‍മാന്‍

സുധാംശു വത്സ് ബാര്‍ക് ഇന്ത്യ ചെയര്‍മാന്‍

ന്യൂഡെല്‍ഹി : ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് പരിശോധനാ സമിതിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) ഇന്ത്യയുടെ പുതിയ ചെയര്‍മാനായി വിയാകോം 18 പ്രൈവറ്റ് മീഡിയ ലിമിറ്റഡ് ഗ്രൂപ്പ് സിഇഒ സുധാംശു വത്സിനെ തെരഞ്ഞെടുത്തു. സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായിരുന്ന പുനീത് ഗോയങ്കയുടെ പിന്‍ഗാമിയായാണ് സുധാംശു വത്സ് ചുമതലയേല്‍ക്കുന്നത്.

ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് പരിശോധിക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഫലപ്രദമായ സംവിധാനം കൊണ്ടുവരാന്‍ സമിതിക്ക് കഴിഞ്ഞതായി സുധാംശു വത്സ് വ്യക്തമാക്കി. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിന് തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും വത്സ് പറഞ്ഞു.

സുധാംശു വത്സ് 2012 ഓഗസ്റ്റിലാണ് വിയാകോം 18 ലെത്തുന്നത്. അതിന് മുമ്പ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡില്‍ വിവിധ പദവികളില്‍ ഇരുപത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിക്കു കീഴിലെ നാഷണല്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സുധാംശു പ്രവര്‍ത്തിച്ചുവരികയാണ്.

ഈ രംഗത്തെ പരിചയസമ്പന്നനായ വ്യക്തി എന്ന നിലയില്‍ മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ അദ്ദേഹത്തിന്റെ കഴിവുകളും കാഴ്ച്ചപ്പാടും കൗണ്‍സിലിന് ഗുണം ചെയ്യുമെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ദാസ് ഗുപ്ത പറഞ്ഞു.

2014ല്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ബോര്‍ഡ് രൂപീകരിച്ചപ്പോള്‍ ആദ്യ ചെയര്‍മാനായാണ് പുനീത് ഗോയങ്ക ചുമതലയേറ്റത്. രാജ്യത്തെ ഒരേയൊരു ഓഡിയന്‍സ് മെഷര്‍മെന്റ് ഏജന്‍സിയായിരുന്ന ടാം മീഡിയ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടുകളിലെ കൃത്യതയില്ലായ്മയ്ക്കും ക്രമക്കേടുകള്‍ക്കുമെതിരെ ബ്രോഡ്കാസ്റ്റര്‍മാരുടെ പരാതികള്‍ വ്യാപകമായതോടെയാണ് 2012ല്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ രൂപീകരിക്കുന്നത്.

ഇന്ത്യയിലെ ജനങ്ങള്‍ ടെലിവിഷനില്‍ എന്തുകാണുന്നു എന്ന് സത്യസന്ധമായും സുതാര്യമായും പരിശോധിക്കുന്നതിനാണ് സമിതി രൂപീകരിച്ചതെന്ന് പുനീത് ഗോയങ്ക പറഞ്ഞു. കൗണ്‍സിലിന് ഈ ലക്ഷ്യം നേടാന്‍ സാധിച്ചു. ഇക്കാലത്തിനിടെ ലോകനിലവാരത്തിനനുസരിച്ച് ടിവി വ്യൂവര്‍ഷിപ്പ് പരിശോധനാ സംവിധാനത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും പുനീത് ഗോയങ്ക വ്യക്തമാക്കി.

Comments

comments

Categories: Branding