സ്‌പെഷ്യാലിറ്റി മാളുകള്‍ വന്‍ വളര്‍ച്ച കൈവരിക്കും

സ്‌പെഷ്യാലിറ്റി മാളുകള്‍ വന്‍ വളര്‍ച്ച കൈവരിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌പെഷ്യാലിറ്റി മാളുകള്‍ വന്‍ വളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യയിലെ റീട്ടെയ്ല്‍ വിപണി അതിവേഗം വളര്‍ച്ച കൈവരിക്കുന്നതും മുന്‍നിരയിലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് വരുന്നതുമാണ് ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ വിവിധ നഗരങ്ങളിലായി നിലാവരമുള്ള സ്‌പെയ്‌സ് ഒരുക്കേണ്ടത് ആവശ്യമായി വരുന്നതാണ് സ്‌പെഷ്യാലിറ്റി മാളുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നത്.
ഉപഭോക്താക്കളുടെ ഷോപ്പിംഗ് താല്‍പ്പര്യത്തിലുള്ള വര്‍ധന, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ കടന്നുവരവ് എന്നിവ സാമ്പ്രദായിക രീതിയിലുള്ള ഷോപ്പിംഗ് മാളുകളെ മാറ്റത്തിന് നിര്‍ബന്ധിതരാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് വിപണി പക്വത കൈവരിച്ച് വരികയാണ്. ഇ കൊമേഴ്‌സ് വിപണിയുടെ വളര്‍ച്ചയോടെ കടുത്ത മത്സരം നേരിടുന്ന റീട്ടെയ്ല്‍ റിയല്‍റ്റി വിപണി അടുത്ത പരിണാമത്തിലുള്ള തയാറെടുപ്പിലാണ്.
കൂടുതല്‍ പ്രത്യേകതയുള്ള അനുഭവവും, ആവശ്യവും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് റീട്ടെയ്ല്‍ മാളുകള്‍ മാറ്റം ഉള്‍കൊള്ളുകയാണ് ഇ-ടെയ്‌ലിംഗ് കമ്പനികളുമായുള്ള മത്സരത്തില്‍ മേധാവിത്വത്തിന് വേണ്ടതെന്ന് ജെഎല്‍എല്‍ ഇന്ത്യ റീട്ടെയ്ല്‍ സര്‍വീസ് മാനേജിംഗ് ഡയറക്റ്റര്‍ പങ്കജ് രഞ്ജന്‍ അഭിപ്രായപ്പെട്ടു.
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പ്രത്യേക റീട്ടെയ്ല്‍ കാറ്റഗറിയിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവയാണ് സ്‌പെഷ്യാലിറ്റി മാളുകള്‍ ചെയ്യുന്നത്. ജ്വല്ലറി, വെഡിംഗ് അപ്പാരലുകള്‍, ഫര്‍ണിച്ചര്‍, ഓട്ടൊമൊബീല്‍, ലൈഫ്‌സ്റ്റൈല്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നവയാണ് സ്‌പെഷ്യാലിറ്റി മാളുകളായി അറിയപ്പെടുന്നത്.

Comments

comments

Categories: Business & Economy