റെയ്റ്റ്‌സ് കമ്പനികള്‍ മുന്നോട്ട് വരാന്‍ ഇനിയും സമയമെടുക്കുമെന്ന് വിദഗ്ധര്‍

റെയ്റ്റ്‌സ് കമ്പനികള്‍ മുന്നോട്ട് വരാന്‍ ഇനിയും സമയമെടുക്കുമെന്ന് വിദഗ്ധര്‍

 

ന്യൂഡെല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ കമ്പനികള്‍ നേരിടുന്ന പണപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ രൂപീകരിച്ച റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍ക്ക് (റെയ്റ്റ്‌സ്) കമ്പനികള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് വിദഗ്ധര്‍. തിരിച്ചടി നേരിടുന്ന റിയല്‍റ്റി വിപണിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായേക്കുന്ന റെയ്റ്റ്‌സിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കമ്പനികള്‍ മുന്നോട്ട് വരുന്നില്ലെന്നാണ് ഇതില്‍ പ്രതിസന്ധി. വിദേശ ഫണ്ടുകള്‍, നികുതി തുടങ്ങിയവയില്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കി റിയല്‍ എസ്റ്റേറ്റ് മേഖല ആഗോള നിക്ഷേപകര്‍ക്കിടയില്‍ മികച്ച അവസരങ്ങള്‍ തുറന്നിട്ടെങ്കിലും റെയ്റ്റ്‌സിന് കമ്പനികള്‍ മുഖം തിരിക്കുന്നു.
അതേസമയം, റെയ്റ്റ്‌സ് നടപ്പാക്കുന്ന രീതിയില്‍ നിയമ പരമായും സാമ്പത്തിക പരമായും ചില ആശയക്കുഴപ്പമുള്ളതിനാലാണ് റെയ്റ്റ്‌സിനോടുള്ള സമീപനത്തില്‍ നിക്ഷേപകരും കമ്പനികളും മുഖം തിരിക്കുന്നതെന്നും വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ട്. ഏകദേശം ഒന്നര വര്‍ഷത്തോളമെടുത്താകും റെയ്റ്റ്‌സ് കൂടുതല്‍ ജനകീയമാവുക എന്നും വിദഗ്ധര്‍ വിലയിരുത്തുന്നത്.
ട്രസ്റ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ക്ക് 500 കോടിയുടെയെങ്കിലും മൂലധനം ഉണ്ടാകണം എന്നതാണ് സെബിയുടെ നിബന്ധന. ഭൂമി നിക്ഷേപത്തിന് പകരമായി കൂടുതല്‍ റിട്ടേണ്‍ പ്രതീക്ഷിക്കാവുന്ന അവസരമാണ് സെബി നിക്ഷേപകര്‍ക്ക് റെയ്റ്റ്‌സിലൂടെ ഒരുക്കുന്നത്. ട്രസ്റ്റുകളുടെ ഓഹരി (യൂണിറ്റ്) വാങ്ങിയാണ് നിക്ഷേപം നടത്തേണ്ടത്. വന്‍കിട പദ്ധതികളില്‍ വന്‍ മുതല്‍മുടക്കുള്ള നിക്ഷേപങ്ങള്‍ക്ക് പകരമായി ട്രസ്റ്റുകളില്‍ നിക്ഷേപം നടത്താം. മ്യൂച്ചല്‍ ഫണ്ട് രീതിയിലാണ് ഈ ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുക. റെയ്റ്റ്‌സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുകയും സ്റ്റോക്ക് അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടായി വ്യാപാരം നടത്തുകയും ചെയ്യും. രണ്ടുലക്ഷം രൂപ മുഖവിലയുള്ള യൂണിറ്റുകളാണ് എന്നതിനാല്‍ തന്നെ ചെറുകിട നിക്ഷേപകരെ അപേക്ഷിച്ച് കൂടുതല്‍ ഇടപെടലുകള്‍ക്ക് അവസരമുണ്ടാകും. ഇത് കൂടുതല്‍ നിക്ഷേപകരെ റെയ്റ്റ്‌സിലേക്ക് ആകര്‍ഷിക്കുകയും കമ്പനികളെ അപേക്ഷിച്ച് വന്‍ തുക സമാഹരിക്കാനുള്ള അവസരമൊരുക്കുകയും ചെയ്യും.
വികസിത രാജ്യങ്ങളില്‍ വന്‍ വിജയമായ റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍ എന്ന ആശയം ഇന്ത്യയില്‍ എത്തിച്ചതും ഏറെ പ്രതീക്ഷയോടെയാണ്. ഈ മേഖലയില്‍ ഇടപെടുന്നതിന് ചെറുകിട നിക്ഷേപകര്‍ക്ക് കൂടി അവസരം നല്‍കുന്ന റെയ്റ്റ്‌സ് റിയല്‍റ്റി വിപണിയില്‍ കൂടുതല്‍ പണമെത്തിക്കുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍.
സെബിയുടെ പുതിയ നിര്‍ദേശം അനുസരിച്ച് നിക്ഷേപക ട്രസ്റ്റുകള്‍ക്ക് തങ്ങളുടെ ഫണ്ടിന്റെ വലിയശതമാനം നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. തുടക്കത്തില്‍ 10 ശതമാനം നിക്ഷേപമായിരുന്നു സെബി നിര്‍ദേശിച്ചിരുന്നതെങ്കില്‍ നിലവില്‍ ഇത് 20 ശതമാനം വരെയാക്കിയാണ് ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം റെയ്റ്റ്‌സ് സ്‌പോണ്‍സര്‍മാരുടെ എണ്ണവും മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തി.
ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവകൂടി റിയല്‍ എസ്റ്റേറ്റ് പരിധിയില്‍ സെബി ഉള്‍പ്പെടുത്തി. വാടക വരുമാനം നല്‍കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ഇതുവരെ റിയല്‍ എസ്റ്റേറ്റ് പരിധിയില്‍ പെടാത്തവയായിരുന്നു. ഇവയെകൂടി റിയല്‍റ്റി വിപണിയില്‍ ചേര്‍ത്തതോടെ റെയ്റ്റ്‌സിന്റെ സാധ്യത വര്‍ധിപ്പിക്കാനുള്ള ശ്രമവും സെബിക്കുണ്ട്.
അതേസമയം, നിര്‍മാണത്തിലിരിക്കുന്ന പദ്ധതിയില്‍ നിക്ഷേപ പരിധി ഉയര്‍ത്തിയത് റിട്ടേണ്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം റിസ്‌ക്കും കൂടുതലാണെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊമേഴസ്യല്‍ പദ്ധതികളില്‍ നിക്ഷേപിക്കുകയാണ് റെയ്റ്റ്‌സിന് ഏറ്റവും അനുയോജ്യമായത്. ഇത്തരം സ്ഥാപനങ്ങള്‍ നടത്തിപ്പിന് നല്‍കുന്നത് മുതല്‍ നിക്ഷേപം നടത്തിയാല്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.
നിക്ഷേപകന് ലാഭവിഹിതം വിതരണം ചെയ്യുന്നതിനുമുമ്പ് ഫണ്ടുകമ്പനികള്‍ നല്‍കുന്ന നികുതിയായ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സില്‍ നിന്നും റെയ്റ്റ്‌സിനെ ഒഴിവാക്കിയിട്ടുണ്ട്. ഇത് ഡെവലപ്പര്‍മാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് കമ്പനികള്‍ ആരും തന്നെ ഇതുവരെ സെബിയെ സമീപിച്ചിട്ടില്ല.

Comments

comments

Categories: Business & Economy