പ്രധാനമന്ത്രി അഴിമതി നടത്തിയതിന് തെളിവുണ്ട്: രാഹുല്‍ ഗാന്ധി 

പ്രധാനമന്ത്രി അഴിമതി നടത്തിയതിന് തെളിവുണ്ട്: രാഹുല്‍ ഗാന്ധി 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി്‌ക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ അഴിമതി സംബന്ധിച്ച് തന്റെ പക്കല്‍ തെളിവുണ്ടെന്നും അത് വെളിപ്പെടുത്തുമെന്ന് ഭയന്നാണ് സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ നിന്നും നരേന്ദ്ര മോദി ഒളിച്ചോടുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി വ്യക്തിപരമായി നടത്തിയ അഴിമതികള്‍ പുറത്തുവന്നാല്‍ ഊതിവീര്‍പ്പിച്ച അദ്ദേഹത്തിന്റെ ബലൂണ്‍ മുഖച്ഛായ പൊട്ടും. ലോക്‌സഭയില്‍ ഇത് വെളിപ്പെടുത്തുന്നത് തടയാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ടാണോ അഴിമതിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ഗാന്ധി വ്യക്തമായ മറുപടി നല്‍കിയില്ല. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നലെയും ബഹളം തുടര്‍ന്നു. അതേസമയം കള്ളപ്പണം വെളുപ്പിക്കുന്നതിന് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ആരോപിച്ചു.

നോട്ട് അസാധുവാക്കല്‍ നയം ദേശീയ ദുരന്തത്തിനു സമാനമാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, റേഷനരി വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ഡെല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

രാജ്യത്തിന് മാതൃകയായ സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും എ കെ ആന്റണി കുറ്റപ്പെടുത്തി. ഇന്ത്യയിലെ 17 പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ച് ഇതിനെതിരെ പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയ ആന്റണി കേന്ദ്രസര്‍ക്കാര്‍ തെറ്റ് തിരുത്താതെ സമരം അവസാനിപ്പിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്നുള്ള യുഡിഎഫ് സംഘം ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുമായും ചര്‍ച്ച നടത്തി. സംസ്ഥാനം നേരിടുന്ന പ്രതിസന്ധികള്‍ രാഷ്ട്രപതിയെ ബോധിപ്പിച്ചതായാണ് വിവരം. സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച സാധാരണക്കാരുടെ പണം നഷ്ടപ്പെടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പു നല്‍കി.

Comments

comments

Categories: Slider, Top Stories