ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നോര്‍വീജിയന്‍ കമ്പനികള്‍

ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നോര്‍വീജിയന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഉന്നമിട്ട് വെല്‍ത്ത് ഫണ്ടുകള്‍ അടക്കമുള്ള നോര്‍വീജിയന്‍ കമ്പനികള്‍. ഇന്ത്യയിലെ ബിസിനസ് സാഹചര്യം അനുകൂലമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം.
ഇന്നൊവേഷന്‍ നോര്‍വെയുമായി ചേര്‍ന്ന് നോര്‍വീജിയന്‍ ബിസിനസ് അസോസിയേഷന്‍ ഇന്ത്യ (എന്‍ബിഎഐ)യും മുംബൈയിലെ നോര്‍വീജിയന്‍ കോണ്‍സുലേറ്റും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ ബിസിനസ് ക്ലൈമറ്റ് സര്‍വെയില്‍ പങ്കെടുത്ത 62 ശതമാനം കമ്പനികളും ഇന്ത്യയിലേത് വ്യവസായ അനുകൂല അന്തരീക്ഷമാണെന്ന് പറഞ്ഞിരുന്നു.
നോര്‍വെയില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലെ നിലവിലെയും സമീപ ഭാവിയിലെയും ബിസിനസ് കാലാവസ്ഥ അനുകൂലമാണോ എന്ന വിഷയത്തിലാണ് സര്‍വെ സംഘടിപ്പിച്ചത്. പ്രധാനമായും സര്‍വെ ശ്രദ്ധ കേന്ദ്രീകരിച്ചത് തുറമുഖ മേഖലയെയാണ്.
ഏകദേശം തൊണ്ണൂറിനടുത്ത് നോര്‍വീജിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലെനോര്‍, ഡിഎന്‍ബി, അകെര്‍ സൊലൂഷന്‍സ്, കോംഗ്‌സ്‌ബെര്‍ഗ്, ജോട്ടുന്‍, സ്റ്റാറ്റ്ക്രാഫ്റ്റ് നോര്‍ഫണ്ട് പവര്‍, ഡെറ്റ് നോര്‍സ്‌കെ വെരിറ്റാസ്, എല്‍കെം തുടങ്ങിയവ അതില്‍ പ്രമുഖരാണ്. ഇതില്‍ 20 ശതമാനം കമ്പനികളും അടുത്ത വര്‍ഷത്തിനുള്ളില്‍ അവരുടെ തൊഴില്‍ശക്തി 20 ശതമാനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സര്‍വെ പറയുന്നു. ടെലികോം, എണ്ണ, ഗ്യാസ്, നിര്‍മാണം, കണ്‍സള്‍ട്ടിംഗ്, തുറമുഖ വ്യവസായം, മത്സ്യബന്ധനം എന്നിവയാണ് നോര്‍വെയുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്- ഇന്ത്യയിലെ നോര്‍വീജിയന്‍ അംബാസിഡര്‍ രഗ്നാര്‍ കാംസ്‌വാഗ് പറഞ്ഞു. നോര്‍വീജിയന്‍ സ്‌റ്റേറ്റ് പെന്‍ഷന്‍ ഫണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ചരക്ക് കപ്പല്‍ നോര്‍വെക്കാണുള്ളതെന്ന് എന്‍ബിഎഐ ചെയര്‍മാന്‍ റിച്ചാര്‍ഡ് ചാപ്മാന്‍ വ്യക്തമാക്കി.
വിതരണ മേഖല (83 ശതമാനം), ഷിപ്പ് ഡിസൈന്‍ (75 ശതമാനം), നാവിഗേഷന്‍ സംവിധാനം (71 ശതമാനം) എന്നീ മേഖലകളിലാണ് നോര്‍വീജിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ളത്. കപ്പല്‍ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുന്നതും നോര്‍വെയില്‍ നിന്നുള്ള കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.

Comments

comments

Categories: Entrepreneurship