ജയലളിത മുന്നില്‍വച്ച വേറിട്ട വികസന മാതൃക

ജയലളിത മുന്നില്‍വച്ച  വേറിട്ട വികസന മാതൃക

അമിത് കപൂര്‍

ഗുജറാത്തിന് നരേന്ദ്ര മോദി എന്തായിരുന്നോ അതുപോലെയാണ് തമിഴ്‌നാടിന് ജയലളിതയും. അവര്‍ ഇരുവരും തങ്ങളുടെ സംസ്ഥാനങ്ങളിലെ പൈതൃകം എന്തോ അത് പ്രതീകമാക്കിയിരിക്കുന്നു. വികസനത്തിന്റെ വേറിട്ട മാതൃകകളാണ് രണ്ടു പേരും അവതരിപ്പിച്ചത്. അത് അവരുടെ സംസ്ഥാനങ്ങളിലെ സാമൂഹിക ഉന്നമനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ദീര്‍ഘനാളത്തേക്കുള്ള സംഭാവനകളാണ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ നയങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതാകണമെന്ന് ചിന്തിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞര്‍, ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് മെച്ചപ്പെട്ട സാമൂഹിക പുരോഗതി സമ്മാനിക്കുമെന്ന വാദം ഉയര്‍ത്തുന്നതിന് ഗുജറാത്ത് മോഡലിനെ എടുത്തുകാട്ടുന്നു. എന്നാല്‍, അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് ആളുകളുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിച്ച് വികസനം സാധ്യമാക്കാമെന്ന കേരള മോഡലിന് ഇതൊരു അപവാദമാണ്.

ഗുജറാത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ ചരിത്രപരമായ നേട്ടം എന്നും കേരളത്തിന് ഒപ്പമുണ്ടാകും. സ്വാതന്ത്ര്യത്തിന് മുന്‍പും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം ഗുജറാത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെക്കുറെ മെച്ചപ്പെട്ടതായിരുന്നുവെന്ന് കാണാം. അതിനാല്‍ കേരളവുമായി ഗുജറാത്തിനെ തട്ടിച്ചുനോക്കാന്‍ സാധിക്കുകയില്ല. കൂടാതെ, സാമൂഹിക പശ്ചാത്തലം മെച്ചപ്പെടുത്തുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ലയെന്നത് കേരള മോഡലിന്റെ ഒരു പോരായ്മയായി വിലയിരുത്തപ്പെടുന്നു.

എന്നിരുന്നാലും തമിഴ്‌നാട്ടിലെ സ്ഥിതി ഇതിനെക്കാളുമൊക്കെ വിഭിന്നമാണ്. കേരളത്തെപ്പോലെ ചരിത്രപരമായ മുന്‍തൂക്കങ്ങളൊന്നും തന്നെ അവകാശപ്പെടാനില്ലാത്ത തമിഴ്‌നാട് നേര്‍ വിപരീതമായ ഉദാഹരണമായി മാറുന്നു. തൊണ്ണൂറുകള്‍ക്ക് മുന്‍പ് തന്നെ ഗുജറാത്തും മിക്ക മേഖലകളിലും മെച്ചപ്പെട്ട വികസനത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. അക്കാലത്ത് തമിഴ്‌നാടിന്റെയും ഗുജറാത്തിന്റെയും ജിഡിപി ഏറെക്കുറെ തുല്യവുമായിരുന്നു. ഇത് കൂടാതെ, രണ്ടു സംസ്ഥാനങ്ങളുടെയും ഭൂവിസ്തൃതിയും ജനസംഖ്യയും സമുദ്രത്തോട് ചേര്‍ന്നുള്ള കിടപ്പും സാമ്യം പുലര്‍ത്തുന്നവയാണ്. രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരം സാമ്യമുള്ളതു പോലെ, എല്ലാ വ്യത്യസ്തകളും സുരക്ഷിതമായ പൊതുനയത്തെ വിശേഷിപ്പിക്കുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണം ആരംഭിച്ചു. അതേ കാലത്തു തന്നെയാണ് തമിഴ്‌നാട്ടില്‍ ജയലളിത ആദ്യമായി അധികാരത്തില്‍ വന്നത്. ഗുജറാത്തും തമിഴ്‌നാടും ഉയര്‍ന്ന നിരക്കിലുള്ള സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തി.ഉദാരവല്‍ക്കരണത്തെത്തുടര്‍ന്ന് രണ്ട് ദശാബ്ദങ്ങളിലെ ശരാശരി വളര്‍ച്ചാ നിരക്ക് തമിഴ്‌നാടിന് പ്രതിവര്‍ഷം ഏഴ് ശതമാനവും ഗുജറാത്തിന് 8.3 ശതമാനവുമാണ്. ഗുജറാത്ത് കുറച്ച് വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നുണ്ടെങ്കിലും, ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്നു.

പക്ഷേ, ഇക്കാലയളവില്‍ പല മേഖലകളിലും തമിഴ്‌നാട് ഗുജറാത്തിനെക്കാള്‍ മികച്ച വളര്‍ച്ച കാഴ്ചവെച്ചിട്ടുണ്ട്. 1993നും 2012നും ഇടയ്ക്ക് ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം 34 ശതമാനത്തോളം കുറയ്ക്കുന്നതിന് തമിഴ്‌നാടിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഗുജറാത്തിന് ദാരിദ്ര്യം 22 ശതമാനത്തോളം കുറയ്ക്കാനെ സാധിച്ചിട്ടുള്ളു. നഗര ദാരിദ്ര്യം തമിഴ്‌നാട് 27 ശതമാനം കുറച്ചപ്പോള്‍ ഗുജറാത്തിന് ഇത് 18 ശതമാനം കുറയ്ക്കാനേ കഴിഞ്ഞുള്ളു. തൊഴിലാളികളുടെ നിരക്ഷരത 20 ശതമാനവും ശിശുമരണ നിരക്ക് 33 ശതമാനവും തമിഴ്‌നാട് ദൂരീകരിച്ചപ്പോള്‍ ഗുജറാത്തിന് ഇത് യഥാക്രമം 17 ശതമാനവും 11 ശതമാനവും ആണ്. തമിഴ്‌നാട്ടില്‍ അസമത്വം ഏകദേശം ഒരേ നിലയില്‍ നില്‍ക്കുന്നു. എന്നാല്‍, ഗുജറാത്തില്‍ ഇത് കൂടിക്കൊണ്ടിരിക്കുന്നു. ആയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും ഗുജറാത്തിനെക്കാള്‍ തമിഴ്‌നാടാണ് മുന്നില്‍.

ഗുജറാത്തില്‍ നിന്ന് വ്യത്യസ്തമായി, നിരവധി സാമൂഹിക, സാമ്പത്തിക സൂചികകളില്‍ തമിഴ്‌നാട് ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്‍പിലാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നെസ് നടത്തിയ പഠനത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ സാധിക്കും. ശിശുമരണ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ജനനനിരക്കും താരതമ്യേന കുറവാണിവിടെ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമം ഇന്ത്യയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം ആളോഹരി വരുമാനം ലഭ്യമാകുന്നുവെന്നതും തമിഴ്‌നാടിന്റെ സവിശേഷത. കൂടാതെ, ഏറ്റവും കൂടുതല്‍ ഫാക്റ്ററികള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനവും തമിഴ്‌നാട് തന്നെ. പൊതുസേവന മനോഭാവമാണ് തമിഴ്‌നാടിന്റെ മികച്ച പ്രകടനത്തിനു പിന്നിലെ കാരണം. ഇവയില്‍ മിക്കവയും സാര്‍വ്വലൗകികമാണ്; രാജ്യത്തെ തന്നെ മികച്ചതും.

ആരോഗ്യ സംരക്ഷണ മേഖലയുടെ കാര്യത്തിലാണെങ്കില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതില്‍ ഏറെ മുന്‍പന്തിയിലാണ് സംസ്ഥാനമെന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകും. സൗകര്യങ്ങളും സേവനങ്ങളും ഉള്‍പ്പെടുന്ന സ്വതന്ത്ര സാര്‍വത്രിക ആരോഗ്യ പ്രതിബദ്ധത സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്നത് വ്യക്തമാണ്. സര്‍ക്കാര്‍ നിയന്ത്രിതമായ എല്ലാ ആശുപത്രികളിലും സമയബന്ധിതമായി സൗജന്യ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കമ്പ്യൂട്ടര്‍ അധിഷ്ഠിത വിതരണ ശൃംഖല തമിഴ്‌നാട് സ്ഥാപിച്ചിരിക്കുന്നു.

പ്രാഥമിക വിദ്യാലയങ്ങളില്‍ സൗജന്യ ഉച്ചഭക്ഷണ പദ്ധതി അവതരിപ്പിച്ച ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്. പിന്നീട് രാജ്യമെമ്പാടും ഈ മാതൃകയെ ഏറ്റെടുക്കുകയായിരുന്നു. പൊതുവിതരണ സംവിധാനത്തിലൂടെ സമയബന്ധിതമായി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും സംസ്ഥാനം മാതൃക പുലര്‍ത്തുന്നു. മാത്രമല്ല, രാജ്യത്ത് ഏറ്റവും കുറവ് അഴിമതി രേഖപ്പെടുത്തിയ സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്. എല്ലാ പൊതു സൗകര്യങ്ങളും പദ്ധതികളും എല്ലാവര്‍ക്കും തുല്യമായ രീതിയിലാണ് ഇവിടെ ലഭ്യമാകുന്നതെന്നത് അവയുടെ ചോര്‍ച്ച കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിനാല്‍, പദ്ധതികളുടെ അനന്തരഫലം വലുതുമായിരിക്കും. വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് സംസ്ഥാനമൊരുക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിന്ന് പുറത്തുപോകേണ്ടിവരുന്നതും.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള രാഷ്ട്രീയ ശ്രദ്ധ അവയിലെ സംസ്ഥാനത്തിന്റെ ആളോഹരി ചെലവിടലില്‍ നിന്ന് പ്രകടമാണ്.  രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍, തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പു വേളകളില്‍ ഈ വിഷയങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് കാണാന്‍ സാധിക്കും.

തമിഴ്‌നാടിന്റെ മികച്ച പ്രകടനത്തിന് മുഴുവന്‍ കാരണവും ജയലളിതയാണെന്നതിന് ചൂണ്ടിക്കാണിക്കാന്‍ തെളിവുകളില്ല. സംസ്ഥാനത്തിന്റെ സാമൂഹിക- സാമ്പത്തിക പ്രകടനങ്ങള്‍, ആരോഗ്യപരമായ ഒരു ജനാധിപത്യ സംവിധാനത്തിലെ കൂട്ടായ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് കാരണമായിട്ടുണ്ടെന്ന് പറയാന്‍ സാധിക്കും. ജയലളിതയുടെ പദ്ധതികളിലൊന്നായ അമ്മ കാന്റീന്‍ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയൊരുക്കുന്നതിന് വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഗുജറാത്ത്, കേരള മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി വികസനത്തിന്റെ പുതുപാത വെട്ടിയൊരുക്കുന്നതില്‍ ജയലളിത ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. സുപ്രീം കോടതി വരെയെത്തിയ ചില അഴിമതി ആരോപണങ്ങള്‍ അവരുടെ പ്രതിച്ഛായയ്ക്കു കളങ്കം തീര്‍ത്തിട്ടുണ്ടെങ്കിലും രാജ്യം മുഴുവനും മാതൃകയാക്കാന്‍ കഴിയുന്ന ഒരു വികസന തന്ത്രമാണ് ജയലളിത നടപ്പിലാക്കിയത്. കേരളം, ഗുജറാത്ത് മോഡലുകള്‍ക്കിടയില്‍ നിലകൊള്ളുന്ന ഒരു വികസന പാതയാണ് തമിഴ്‌നാട് കാണിച്ചുതരുന്നത്.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നെസിന്റെ അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

 

 

Comments

comments

Categories: FK Special