ഇറ്റാലിയന്‍ സീരി എ: എസി മിലാനെതിരെ എഎസ് റോമയ്ക്ക് ജയം

ഇറ്റാലിയന്‍ സീരി എ:  എസി മിലാനെതിരെ എഎസ് റോമയ്ക്ക് ജയം

 

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോളില്‍ എസി മിലാനെതിരെ എഎസ് റോമയ്ക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് എഎസ് റോമ വിജയം കണ്ടെത്തിയത്. രണ്ടാം പകുതിയുടെ അറുപത്തി രണ്ടാം മിനുറ്റില്‍ ബെല്‍ജിയന്‍ താരമായ നെയിന്‍ഗോലാനാണ് എഎസ് റോമയ്ക്ക് വേണ്ടി വിജയ ഗോള്‍ സ്വന്തമാക്കിയത്. ഇരുപത് വാര അകലെ നിന്നുള്ള ഷോട്ടില്‍ പന്ത് വലയിലാവുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ എസി മിലാന് പെനാല്‍റ്റി ലഭിക്കുന്നതിന് കാരണമായ അബദ്ധം കാണിച്ചും അതേ പെനാല്‍റ്റി തടഞ്ഞിട്ടും എഎസ് റോമയുടെ പോളണ്ട് ഗോള്‍ കീപ്പറായ വൊസീച് സെസ്‌നി കളിയില്‍ ശ്രദ്ധ നേടി. എസി മിലാന് വേണ്ടി ഫ്രഞ്ച് താരം എംബയെ നിയാംഗ് തൊടുത്ത പെനാല്‍റ്റി കിക്കായിരുന്നു വൊസീച് സെസ്‌നി തടഞ്ഞത്.

ഹോം ഗ്രൗണ്ടിലെ മത്സരങ്ങളില്‍ എഎസ് റോമ നേടുന്ന തുടര്‍ച്ചയായ അഞ്ചാം വിജയമായിരുന്നു എസി മിലാനെതിരായത്. ഇറ്റാലിയന്‍ സീരി എയില്‍ പതിനാറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ എഎസ് റോമ മുപ്പത്തഞ്ച് പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തും അത്രയും കളികളില്‍ നിന്നും മുപ്പത്തി രണ്ട് പോയിന്റുമായി എസി മിലാന്‍ മൂന്നാമതുമാണ്.

പതിനാറ് മത്സരങ്ങളില്‍ നിന്നും 39 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ യുവന്റസാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ശനിയാഴ്ച യുവന്റസിനെതിരെ അവരുടെ തട്ടകത്തിലാണ് എഎസ് റോമയുടെ അടുത്ത മത്സരം. അന്നത്തെ മത്സരത്തില്‍ അട്ടിറി വിജയം നേടുവാന്‍ സാധിച്ചാല്‍ എഎസ് റോമയ്ക്ക് ഒന്നാം സ്ഥാനക്കാരായ യുവന്റസുമായുള്ള പോയിന്റ് വ്യത്യാസത്തിന്റെ അകലം കുറയ്ക്കാം.

Comments

comments

Categories: Sports