ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഇനി കലാശപ്പോരാട്ടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്:  ഇനി കലാശപ്പോരാട്ടം

 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൂട്‌ബോളിന്റെ മൂന്നാം സീസണില്‍ ഇനി അവശേഷിക്കുന്നത് ഫൈനല്‍ മത്സരം. ഡെല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഡെല്‍ഹി ഡൈനാമോസ് എഫ്‌സിയും തമ്മില്‍ ഇന്നലെ നടന്ന രണ്ടാംപാദ സെമി ഫൈനല്‍ പോരാട്ടത്തോടെയാണ് ഐഎസ്എല്ലിലെ ഫൈനല്‍ ടീമുകളേതെല്ലാമാണെന്ന് വ്യക്തമായത്.

ഐഎസ്എല്‍ മൂന്നാം സീസണിന്റെ ഫൈനലിലേക്ക് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത നേരത്തെ യോഗ്യത നേടിയിരുന്നു. കോസ്റ്റാറിക്കയുടെ മുന്‍ താരം അലക്‌സാന്ദ്രെ ഗ്വിമാരെസിന്റെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ മുംബൈ സിറ്റി എഫ്‌സിയെ ഇരുപാദങ്ങളിലുമായി 3-2ന് പരാജയപ്പെടുത്തിയായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശനം.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമി ഫൈനല്‍ മത്സരത്തില്‍ നേടിയ ഗോളുകളുടെ ബലത്തിലാണ് ആതിഥേയര്‍ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യപാദത്തിലാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുംബൈ സിറ്റി എഫ്‌സിക്കെതിരെ നേടിയത്.

അതേസമയം, മുംബൈ സിറ്റി എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ മുംബൈയിലെ ഫൂട്‌ബോള്‍ അരീനയില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യപാദ സെമി ഫൈനല്‍ മത്സരത്തില്‍ മുംബൈയുടെ ഉറുഗ്വായ് സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ വിജത്തിന്റെ കാരണങ്ങളിലൊന്നായി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം തവണയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലിലെത്തുന്നത്. ഐഎസ്എല്ലിന്റെ പ്രഥമ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയായിരുന്നു ജേതാക്കള്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും ഡെല്‍ഹി ഡൈനാമോസ് എഫ്‌സിയും തമ്മിലെ സെമി ഫൈനല്‍ വിജയികളുമായിട്ടാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടേണ്ടത്.

ഐഎസ്എല്‍ മൂന്നാം സീസണ്‍ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ ഇയാന്‍ ഹ്യൂമും (ഇരട്ട ഗോളുകള്‍) ലാല്‍റിന്‍ഡിക റാല്‍തെയുമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ഐഎസ്എല്‍ പ്രാഥമിക റൗണ്ടില്‍ നിന്നും 20 പോയിന്റുമായി നാലാം സ്ഥാനക്കാരായിട്ടായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സെമി ഫൈനല്‍ പ്രവേശനം.

ഐഎസ്എല്‍ മൂന്നാം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്നും നാല് വിജയവും എട്ട് സമനിലയും രണ്ട് പരാജയവുമായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സമ്പാദ്യം. കേരള ബ്ലാസ്റ്റേഴ്‌സ്, ഡല്‍ഹി ഡൈനാമോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ആദ്യ മത്സരം), എഫ്‌സി ഗോവ ടീമുകളോടായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ജയം.

ചെന്നൈയിന്‍ എഫ്‌സി (രണ്ട് മത്സരങ്ങളിലും), മുംബൈ സിറ്റി, എഫ്‌സി ഗോവ (ആദ്യ മത്സരം), ഡല്‍ഹി ഡൈനാമോസ് (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ് (രണ്ടാം മത്സരം), എഫ്‌സി പൂനെ സിറ്റി ടീമുകള്‍ക്കെതിരെയായിരുന്നു സമനില. മുംബൈ സിറ്റി എഫ്‌സി (രണ്ടാം മത്സരം), പൂനെ സിറ്റി (ആദ്യ മത്സരം) ടീമുകളോടാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തോല്‍വി വഴങ്ങിയത്.

സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്‍ താരം ഫ്രാന്‍സിസ്‌കോ മൊലിനയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ പരിശീലകന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്നാം സീസണിലെ കിരീട ജേതാക്കള്‍ കൂടിയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത. ആരാധക പിന്തുണയില്‍ കേരള ബ്ലാഴ്‌റ്റേഴ്‌സിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഐഎസ്എല്‍ ടീം കൂടിയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത.

ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായിരുന്ന ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ മുന്നേറ്റ നിരയിലെ ശ്രദ്ധേയ സാന്നിധ്യം. ഹ്യൂമിനൊപ്പം ഹെല്‍ഡര്‍ പോസ്റ്റിഗയും ചേരുന്ന ഇവരുടെ മുന്നേറ്റവും മികച്ചതാണ്. അര്‍ണാബ് മൊന്‍ഡാലും പ്രീതം കോട്ടായയുമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ശ്രദ്ധേയരായ ഇന്ത്യന്‍ താരങ്ങള്‍.

ഡിസംബര്‍ പതിനെട്ടാം തിയതി ഞായറാഴ്ചയാണ് ഐഎസ്എല്ലിലെ ഫൈനല്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മത്സര വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയവും. അന്നേദിവസം, വൈകുന്നേരം ഏഴ് മണിക്കാണ് കളി തുടങ്ങുക.

ഐഎസ്എല്‍ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈയില്‍ എഫ്‌സി, രണ്ടാം സ്ഥാനക്കാരായ എഫ്‌സി ഗോവ, എഫ്‌സി പൂനെ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി പോയിന്റ് നിലയില്‍ ഏറെക്കുറെ തുല്യത പാലിച്ചാണ് ഇത്തവണ ഓരോ ടീമുകളും അവസാനം വരെ പോരാടിയത്.

Comments

comments

Categories: Slider, Sports