ഇന്ത്യയില്‍ മൊബീല്‍ തട്ടിപ്പുകള്‍ 65 ശതമാനം വര്‍ധിക്കുമെന്ന് പഠനം

ഇന്ത്യയില്‍ മൊബീല്‍ തട്ടിപ്പുകള്‍ 65 ശതമാനം വര്‍ധിക്കുമെന്ന് പഠനം

 

ന്യൂഡെല്‍ഹി : അടുത്ത വര്‍ഷം രാജ്യത്ത് മൊബീല്‍ വഴിയുള്ള തട്ടിപ്പുകള്‍ 60 മുതല്‍ 65 ശതമാനത്തോളം വര്‍ധിക്കുമെന്ന് പഠനം. ഇ-വാലറ്റുകള്‍ മുഖേനയുള്ള ഡിജിറ്റല്‍ ഇടപാടുകളിലും മറ്റ് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനങ്ങളിലുമുള്ള വര്‍ധനവാണ് തട്ടിപ്പുകള്‍ കൂടുന്നതിനുള്ള സാധ്യത ഇത്രയധികം ഉയര്‍ത്തുന്നത്.
അസ്സോചവും ഗവേഷണ സ്ഥാപനമായ ഇവൈ യും ചേര്‍ന്നാണ് പഠനം നടത്തിയത്. സുരക്ഷിതമായ സൈബര്‍ ഇടവും സൈബര്‍ കുറ്റകൃത്യങ്ങളെ തടയുന്നതിനുള്ള സര്‍ക്കാരിന്റെ നടപടികളുമാണ് ഇന്ന് ഏതുമേഖലയിലെയും ബിസിനസിനെ സഹായിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 40-45 ശതമാനം സാമ്പത്തിക ഇടപാടുകള്‍ മൊബീല്‍ ഫോണ്‍ വഴി നടത്തുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം മൊബീല്‍ തട്ടിപ്പുകള്‍ വലിയ ആശങ്കയാണ് നല്‍കുന്നതെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം വെല്ലുവിളികള്‍ അടുത്ത വര്‍ഷം 65 ശതമാനത്തോളം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരം കേസുകള്‍ ആറ് മടങ്ങാണ് വര്‍ധിച്ചത്.

പഠന റിപ്പോര്‍ട്ട് പ്രകാരം 46 ശതമാനം പരാതികളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ്. ഫേസ്ബുക്കിലെ തട്ടിപ്പുകള്‍ക്കും ഭീഷണികള്‍ക്കുമെതിരാണ് 39 ശതമാനം പരാതികള്‍. 21 ശതമാനം പരാതികള്‍ മൊബീല്‍ ഫോണ്‍ വഴിയുള്ള വഞ്ചനയും 18 ശതമാനം പരാതികള്‍ ഇ-മെയില്‍ ഐഡി ഹാക്ക് ചെയ്തതിനെതിരെയും 12 ശതമാനം പരാതികള്‍ അനാവശ്യവും ശല്യപ്പെടുത്തുന്നതുമായ കോളുകള്‍ വന്നതിനെതിരെയുമാണ്.

Comments

comments

Categories: Trending