ഇന്ത്യ-ഇന്തോനേഷ്യ വ്യാപാര മൂല്യം 50 ബില്യണ്‍ ഡോളറിലെത്തുമെന്ന് വിദഗ്ധര്‍

ഇന്ത്യ-ഇന്തോനേഷ്യ വ്യാപാര മൂല്യം 50 ബില്യണ്‍ ഡോളറിലെത്തുമെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത ഒന്‍പത് വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളരിലേക്ക് വളരുമെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്ത് ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുടെ സംഘം തയാറാക്കിയ വിഷന്‍ ഡോക്യുമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ 9 ബില്യണ്‍ ഡോളറാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മൂല്യം കണക്കാക്കിയിട്ടുള്ളത്.

പരമ്പരാഗതമായി തുടരുന്ന സഹകരണമാണ് ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇരു സമ്പദ്‌വ്യവസ്ഥകളുടെയും കരുത്തെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ-ഇന്തോനേഷ്യ ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് നയിക്കുന്നതിനുള്ള മികച്ച അവസരങ്ങളാണ് ഇപ്പോഴുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025ഓടെ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം 50 ബില്യണ്‍ ഡോളര്‍ വ്യാപാര മൂല്യം കൈവരിക്കുന്ന തരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും വിഷന്‍ ഡോക്യുമെന്റില്‍ പറയുന്നു. എക്കാലത്തും പ്രതിരോധ, സുരക്ഷാ രംഗത്ത് അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്നും വിഷന്‍ ഡോക്യുമെന്റ് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും തമ്മില്‍ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയില്‍ വിഷന്‍ ഡോക്യുമെന്റിലെ വിലയിരുത്തലുകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളിലും പ്രതിരോധ ബന്ധങ്ങളിലും ഇന്ത്യ-ഇന്തോനേഷ്യ കൂട്ടുകെട്ട് തന്ത്രപരമായ സ്ഥിരത സംഭാവന ചെയ്യുമെന്ന് വിലയിരുത്തി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ട് തീരസുരക്ഷാ സഹകരണം ശക്തമാക്കുമെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കും ഇന്തോനേഷ്യയ്ക്കും തുല്യമായ താല്‍പ്പര്യമാണുള്ളതെന്നും ഇരുരാജ്യങ്ങളിലെയും തീര സുരക്ഷാ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy