ഇന്ത്യയിലേക്ക് ഗരുഡ നേരിട്ട് സര്‍വീസ് ആരംഭിച്ചു

ഇന്ത്യയിലേക്ക് ഗരുഡ നേരിട്ട് സര്‍വീസ് ആരംഭിച്ചു

 

മുംബൈ: ഇന്തോനേഷ്യന്‍ പൊതുമേഖല വിമാനക്കമ്പനിയായ ഗരുഡ ഇന്ത്യയിലേക്ക് നേരിട്ടു സര്‍വീസ് ആരംഭിച്ചു. ജക്കാര്‍ത്ത-ബാങ്കോക്ക് -മുംബൈ സര്‍വീസിനാണ് ഗരുഡ ഇന്തോനേഷ്യ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ വ്യോമ യാത്രാ ബന്ധം മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. കമ്പനിയുടെ അന്താരാഷ്ട്ര ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഗരുഡയുടെ മുംബൈ പ്രവേശനം. ഗരുഡ ഇന്തോനേഷ്യയുടെ 78ാം ആഗോള പ്രവര്‍ത്തന കേന്ദ്രമെന്ന പ്രത്യേകതയും മുംബൈയ്ക്കുണ്ട്.
ആഴ്ചയില്‍ മൂന്നു വിമാന സര്‍വീസുകളായിരിക്കും മുംബൈയിലേക്ക് ഗരുഡ നടത്തുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണവ. 156 സീറ്റുകളുള്ള രണ്ടു ക്ലാസുകളോടു കൂടിയ ബോയിംഗ് 738 വിമാനമാണ് കമ്പനി സര്‍വീസിന് വിന്യസിക്കുക. നിലവില്‍ ബിസിനസ് ക്ലാസിലും മറ്റുമായി 3,50,000 പേര്‍ ഇന്തോനേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നുണ്ട്.
രാജ്യത്തെത്തുന്ന അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണം 2019 ഓടെ ഇരട്ടിയാക്കാനുള്ള ഇന്തോനേഷ്യന്‍ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചു കൂടിയുള്ളതാണ് പുതിയ വിമാന സര്‍വീസ്. രണ്ടു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക, സാംസ്‌കാരിക സഹകരണങ്ങളും ഇതിലൂടെ കൂടുതല്‍ മെച്ചപ്പെടും- ഗരുഡ ഇന്തോനേഷ്യയുടെ പ്രസിഡന്റ് എം ആരിഫ് വിബോവോ പറഞ്ഞു.
ഇന്തോനേഷ്യയെയും ഗരുഡയെയും സംബന്ധിച്ച് ഇന്ത്യ പ്രധാന വിപണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding