ഐബിഎസ് കൊച്ചി കാംപസ് 2019ല്‍ പ്രവര്‍ത്തനമാരംഭിക്കും

ഐബിഎസ് കൊച്ചി കാംപസ് 2019ല്‍ പ്രവര്‍ത്തനമാരംഭിക്കും

 

കൊച്ചി: കഴിഞ്ഞ ദിവസമാണ് പ്രമുഖ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ കൊച്ചിയിലെ നിര്‍ദ്ദിഷ്ട ഓഫിസ് ക്യാംപസ് രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാച്ഛാദനം ചെയ്തത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ് ഐബിഎസിന്റ ഉടമസ്ഥതയിലുള്ള ഓഫിസ് ക്യാംപസ് സജ്ജമാകുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനു ശേഷം കമ്പനിയുടെ കേരളത്തിലെ രണ്ടാമത്തെ ഡെഡിക്കേറ്റഡ് ഓഫിസായിരിക്കും ഇത്. പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള അഞ്ച് ഏക്കറിലായി ആറു ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഈ സമുച്ചയം പൂര്‍ത്തിയാകുമ്പോള്‍ 6000 പേര്‍ക്ക് തൊഴില്‍ ചെയ്യുവാനുള്ള സൗകര്യമാണുണ്ടാവുക.

തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദ രീതിയില്‍ നിര്‍മ്മിക്കുന്ന കാംപസില്‍ ഓഡിറ്റോറിയം, ബെയ്‌സ്‌മെന്റ് പാര്‍ക്കിങ്, കഫ്റ്റീരിയകള്‍, ഓപ്പണ്‍ തിയറ്റര്‍, വിനോദോപാധികള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളും ഉണ്ടാകും. 2019 ഏപ്രിലില്‍ ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ മൂന്നു ലക്ഷത്തിലേറെ ചതുരശ്ര അടി വരുന്ന ഓഫിസ്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, ബെംഗളൂരുവിലെ പ്രശസ്തമായ ശാന്തിനികേതന്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഐ ബി എസിന് ഇന്ത്യയില്‍ ഓഫിസുകള്‍ ഉള്ളത്. ഇതിനു പുറമേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, മദ്ധ്യേഷ്യ, ജപ്പാന്‍ എന്നിവിടങ്ങളിലും ഐബി എസിന് ഓഫിസുകളുണ്ട്. 20 രാഷ്ട്രങ്ങളില്‍ നിന്നുള്ള മൂവായിരത്തിലേറെ ജീവനക്കാരാണ് നിലവില്‍ ഐബിഎസില്‍ ജോലി ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്നുയര്‍ന്നു വന്നിട്ടുള്ളവയില്‍ ഏറ്റവും ആവേശകരമായ വിജയകഥകളിലൊന്നാണ് 1997-ല്‍ തിരുവനന്തപുരത്തു സ്ഥാപിതമായ ഐബിഎസിന്റേത്. വളരെ ചുരുക്കം ഇന്ത്യന്‍ കമ്പനികള്‍ മാത്രം കടന്നു ചെല്ലാന്‍ ധൈര്യം പ്രകടിപ്പിക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രോഡക്റ്റ് മേഖലയില്‍ ആഗോള അംഗീകാരമാണ് കഴിഞ്ഞ 20 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ കമ്പനി നേടിയത്. സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വന്‍കിട ഇന്ത്യന്‍ കമ്പനികളില്‍ നിന്നു വ്യത്യസ്തമായി ഐബിഎസ് ഒരു സോഫ്റ്റ് വെയര്‍ ഉല്‍പ്പന്ന സ്ഥാപനമാണ്. വിമാനകമ്പനികള്‍, വിമാനത്താവളങ്ങള്‍, എണ്ണ-വാതക കമ്പനികള്‍, ഹോട്ടല്‍ ശൃംഖലകള്‍, ട്രാവല്‍ കമ്പനികള്‍, ആഡംബരകപ്പല്‍ ശൃംഖലകള്‍ തുടങ്ങിയവയ്ക്കു വേണ്ട സാങ്കേതികവിദ്യയാണ് വര്‍ഷങ്ങളുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളിലൂടെ ഐബിഎസ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. തികച്ചും നിര്‍ണായകമായ മേഖലകളായതിനാല്‍ പാളിച്ചകള്‍ക്കുള്ള അതിവിദൂര സാധ്യതകള്‍ പോലും ഒഴിവാക്കി വേണം ഇവയ്ക്കുള്ള സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ എന്നതും ഏറെ പ്രസക്തമാണ്. സാങ്കേതികവിദ്യാധിഷ്ഠിതവും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതുമായ ഈ മേഖല യൂറോപ്പിലേയും അമേരിക്കയിലേയും വന്‍കിട കോര്‍പ്പറേറ്റുകളാണ് പ്രധാനമായും കയ്യടക്കി വെച്ചിരുന്നത്. ഇത്തരം സ്ഥാപനങ്ങളുമായി മത്സരിച്ചാണ് ഐബിഎസ് ഈ മേഖലകളില്‍ വ്യക്തമായ മേധാവിത്വം നേടിയത്.

ലുഫ്ത്താന്‍സ, ക്വാണ്ടസ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ചൈന സതേണ്‍, ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ് തുടങ്ങിയ ലോകത്തിലെ വന്‍കിട വിമാന കമ്പനികള്‍, ലണ്ടനിലെ ഹീത്രൂ, ഗാറ്റ്‌വിക്, ജപ്പാനിലെ ഹനീഡ തുടങ്ങിയ വിമാനത്താവളങ്ങള്‍, ഷെല്‍, ഷെവ്‌റോണ്‍, ബ്രി്ട്ടീഷ് പെട്രോളിയം, കൊണോക്കോ ഫിലിപ്പ്‌സ് തുടങ്ങിയ എണ്ണ കമ്പനികള്‍, സ്റ്റാര്‍വുഡ്, മാരിയറ്റ്, ഹയാത്ത് തുടങ്ങിയ ഹോട്ടല്‍ ശൃംഖലകള്‍ എന്നിങ്ങനെ ആഗോള വ്യാപകമായ ഇരുന്നൂറിലേറെ കമ്പനികളാണ് നിലവില്‍ ഐബിഎസിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. വരുന്ന പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യോമഗതാഗത രംഗത്ത് ലോകത്തിലെ ഒന്നാമത്തെ സോഫ്റ്റ് വെയര്‍ ദാതാവായി ഉയരാന്‍ ഐബിഎസ് ഒരുങ്ങുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഓഹരി നിക്ഷേപകരായ ബ്ലാക്ക്‌സ്റ്റോണ്‍ 2015 ല്‍ 1,400 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ഐബിഎസില്‍ ന്യൂനപക്ഷ ഓഹരി പങ്കാളിത്തം നേടിയിരുന്നു. കേരളത്തിലെ ഏതെങ്കിലും കമ്പനിയിലും ഇന്ത്യയിലെ ഏതെങ്കിലും സോഫ്റ്റ് വെയര്‍ പ്രോഡക്റ്റ് കമ്പനിയിലും ഒരു സ്വകാര്യ ഓഹരി നിക്ഷേപക സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരുന്നു ഇത്.

ഒത്തൊരുമയോടെയുള്ള ടീം വര്‍ക്കിലൂടെ എന്തെല്ലാം ചെയ്യാനാവും എന്നതിന്റെ ഉത്തമോദാഹരണമാണ് ഐബിഎസ് എന്ന് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. ചെറിയ രീതിയില്‍ തുടക്കം കുറിച്ച ഞങ്ങള്‍ ഐപി അധിഷ്ഠിത ബിസിനസില്‍ ആഗോള തലത്തില്‍ വന്‍ നേട്ടങ്ങള്‍ കൈവരിച്ച പ്രമുഖ സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ്. ആവേശകരമായ പുതിയൊരു വളര്‍ച്ചാ പാതയിലാണ് ഞങ്ങളിപ്പോള്‍. അതിന്റെ സാക്ഷ്യപത്രം കൂടിയാണ് സ്വന്തമായ ഓഫിസ് സമുച്ചയം കൊച്ചിയില്‍ സ്ഥാപിക്കാനുള്ള നീക്കം. സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു ലഭിക്കുന്ന നിര്‍ലോഭമായ പിന്തുണ കൂടിയാണ് തങ്ങളുടൈ വികസന പദ്ധതികള്‍ക്കായി കൊച്ചിയെ തെരഞ്ഞെടുത്തതിനു കാരണം-അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Branding