ധോണിയുമായി പ്രശ്‌നങ്ങളില്ലെന്ന് ഗൗതം ഗംഭീര്‍

ധോണിയുമായി പ്രശ്‌നങ്ങളില്ലെന്ന് ഗൗതം ഗംഭീര്‍

 

മുംബൈ: ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുമായി തനിക്ക് ശത്രുതയൊന്നുമില്ലെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരുമിച്ച് കളിച്ച സമയങ്ങളിലെല്ലാം തങ്ങളുടെ ലക്ഷ്യം ടീമിന്റെ വിജയം മാത്രമായിരുന്നുവെന്നും ടീം ഇന്ത്യ മുന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍ പറഞ്ഞു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പതിവാണെന്നും എന്നാല്‍ രാജ്യത്തിനായി കളിക്കുമ്പോള്‍ ഇത്തരം ഭിന്നതകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി. മഹേന്ദ്ര സിംഗ് ധോണി മികച്ച കളിക്കാരനും വളരെ നല്ല മനുഷ്യനുമാണെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

കളിക്കളത്തിലെ മനോഹര നിമിഷങ്ങള്‍ തങ്ങള്‍ ഒരുമിച്ചാണ് ആസ്വദിച്ചിട്ടുള്ളതെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. 2007ലെ ട്വന്റി-20, 2011ലെ ഏകദിന ലോകകപ്പുകള്‍ നേടിയപ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യ ഒന്നാമതെത്തിയപ്പോഴും തങ്ങള്‍ ഒരുമിച്ചായിരുന്നു ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നതെന്നും ഗൗതം ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു.

ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഗൗതം ഗംഭീര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ടീം ഇന്ത്യയില്‍ നിന്നും ഗൗതം ഗംഭീര്‍ പുറത്തായതിന് കാരണം നായകനായ മഹേന്ദ്ര സിംഗ് ധോണിയാണെന്നതായിരുന്നു പൊതുവായ ആക്ഷേപം. ഇത്തരം ആരോപണത്തോട് ഇതുവരെ മൗനം പാലിച്ചിരുന്ന ഗൗതം ഗംഭീര്‍ വിഷയത്തില്‍ ആദ്യമായാണ് പ്രതികരിച്ചത്.

Comments

comments

Categories: Sports