നികുതി നിരക്കില്‍ കുറവ് പ്രതീക്ഷിക്കാം

നികുതി നിരക്കില്‍  കുറവ് പ്രതീക്ഷിക്കാം

 

നോട്ട് അസാധുവാക്കല്‍ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചെങ്കിലും ബാങ്കുകളിലേക്കുള്ള നിക്ഷേപത്തില്‍ വന്‍ വര്‍ധനയാണ് വരുത്തിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റ് വരുന്ന ഫെബ്രുവരിയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കുമ്പോള്‍ വലിയ തോതില്‍ നികുതി ഇളവുകള്‍ പ്രതീക്ഷിക്കാം. ബാങ്കുകളിലേക്ക് പണമൊഴുകിയതോടെ ഇതിന് സര്‍ക്കാര്‍ തയാറായേക്കുമെന്ന സൂചനകള്‍ ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം നല്‍കുകയുമുണ്ടായി.
നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷമുള്ള മൂന്നാഴ്ച്ചകളില്‍ ബാങ്കുകളിലേക്ക് 66,000 കോടി രൂപയുടെ വായ്പാ തിരിച്ചടവുണ്ടായി എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇതനുസരിച്ച് ബാങ്കുകളുടെ വായ്പ കൂടുന്നുമില്ല. നവംബര്‍ എട്ട് മുതല്‍ ഇതുവരെ ബാങ്കുകളുടെ വായ്പയില്‍ 61,000 കോടി രൂപയുടെ കുറവുണ്ടായതായാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നോട്ട് അസാധുവാക്കലിനു ശേഷം നവംബര്‍ 25 വരെയുള്ള രണ്ടാഴ്ചയ്ക്കിടെയാണ് 0.8 ശതമാനത്തിന്റെ കുറവ് നിരീക്ഷിച്ചിരിക്കുന്നതെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നവംബര്‍ 25 വരെയുള്ള ബാങ്കുകളുടെ ഔട്ട്‌സ്റ്റാന്‍ഡിംഗ് ക്രെഡിറ്റ് 72.92 ട്രില്യണ്‍ രൂപയാണ്. 6.6 ശതമാനമാണ് ഇക്കാര്യത്തിലെ വാര്‍ഷിക വളര്‍ച്ച. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 9.3 ശതമാനമായിരുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ക്രെഡിറ്റ് ഡിമാന്‍ഡില്‍ കുത്തനെ ഇടിവുണ്ടായിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
നോട്ട് അസാധുവാക്കലിന് ശേഷമുള്ള കാലയളവില്‍ ഏകദേശം 4.03 ട്രില്യണ്‍ രൂപയുടെ നിക്ഷേപമാണ് ബാങ്കുകളിലെത്തിയിട്ടുള്ളത്. ഡിസംബര്‍ 9 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 12 ട്രില്യണ്‍ രൂപയുടെ അസാധു നോട്ടുകള്‍ രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്ക്.
നോട്ട് അസാധുവാക്കലിന് ശേഷം ആളുകള്‍ ഇ-ബാങ്കിംഗ് ഇടപാടുകള്‍ കൂടുതല്‍ നടത്തുന്നത് നികുതി ശരിയായി ലഭിക്കുന്നതിന് കാരണമാകുമെന്ന് ജയ്റ്റ്‌ലി സൂചിപ്പിച്ചതും ബജറ്റില്‍ നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള സൂചനയായാണ് പലരും വിലയിരുത്തുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത അതൃപ്തിക്ക് അയവു വരുത്താനുള്ള നിരവധി ഇളവുകളുമായുള്ള ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനാകും നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് ഉറപ്പാണ്.

Comments

comments

Categories: Editorial