ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിനും ലൈസസ്റ്ററിനും തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ആഴ്‌സണലിനും ലൈസസ്റ്ററിനും തോല്‍വി

 
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ആഴ്‌സണലിനും ലൈസസ്റ്റര്‍ സിറ്റിക്കും പരാജയം. ആഴ്‌സണല്‍ എവര്‍ട്ടണിനോടും ലൈസസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനോടുമാണ് തോല്‍വി വഴങ്ങിയത്. എവര്‍ട്ടണ്‍ ആഴ്‌സണലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ബേണ്‍മൗത്ത് ലൈസസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനുമാണ് തകര്‍ത്തത്.

എവര്‍ട്ടണിനെതിരായ മത്സരത്തിന്റെ ഇരുപതാം മിനുറ്റില്‍ ചിലിയന്‍ താരം അലക്‌സിസ് സാഞ്ചസിന്റെ ഗോളിലൂടെ ആഴ്‌സണലാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ മികച്ച തിരിച്ചുവരവ് നടത്തിയ എവര്‍ട്ടണ്‍ യഥാക്രമം 44, 86 മിനുറ്റുകളില്‍ സീമുസ് കോള്‍മാന്‍, വില്യംസ് എന്നിവരുടെ ഹെഡര്‍ ഗോളുകളിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ അധിക സമയത്ത് എവര്‍ട്ടണിന്റെ ക്യാപ്റ്റനായ ഫില്‍ ജാഗിയല്‍ക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. കൡയുടെ അവസാന മിനുറ്റുകളില്‍ ആഴ്‌സണലിന്റെ ഗോള്‍ ശ്രമങ്ങള്‍ ഗോള്‍ ലൈനില്‍ നിന്നും ക്ലിയര്‍ ചെയ്യപ്പെടുകയും ചെയ്തു. എവര്‍ട്ടണിനോടേറ്റ തോല്‍വി ആഴ്‌സണലിന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടി കൂടിയാണ്.

എവര്‍ട്ടണിനെതിരായ പരാജയത്തോടെ, ചെല്‍സിയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള ഒരവസരം ആഴ്‌സണലിന് നഷ്ടമായി. മത്സരത്തില്‍ മികവ് പുലര്‍ത്തിയത് തന്റെ ടീമായിരുന്നുവെങ്കിലും എവര്‍ട്ടണിന്റെ രണ്ട് ഹെഡറുകള്‍ വിധി മാറ്റിയെഴുതുകയായിരുന്നുവെന്ന് ആഴ്‌സണല്‍ പരിശീലകനായ ആഴ്‌സീന്‍ വെംഗര്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയുമായാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.

പ്രീമിയര്‍ ലീഗ് സീസണിലെ പതിനാറ് മത്സരങ്ങളില്‍ നിന്നും മുപ്പത്തി നാല് പോയിന്റാണ് ആഴ്‌സണലിനുള്ളത്. ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സിക്ക് പതിനഞ്ച് മത്സരങ്ങളില്‍ നിന്നും മുപ്പത്തേഴ് പോയിന്റും. ആഴ്‌സണലിനെതിരായ മത്സര വിജയത്തോടെ ഇരുപത്തി മൂന്ന് പോയിന്റായ എവര്‍ട്ടണ്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറി.

ഇംഗ്ലീഷ് ഫുട്‌ബോളറായ മാര്‍ക് പുഗിന്റെ ഗോളിലാണ് ബേണ്‍മൗത്ത് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റിയെ മറികടന്നത്. ഇതോടെ എവേ മത്സരങ്ങളില്‍ തോല്‍ക്കുന്ന പതിവ് ലൈസസ്റ്റര്‍ സിറ്റി തുടരുകയാണ്. ഇരുപത്തൊന്ന് പോയിന്റുമായി ബേണ്‍മൗത്ത് എട്ടാം സ്ഥാനത്തും പതിനാറ് പോയിന്റുള്ള ലൈസസ്റ്റര്‍ സിറ്റി പതിനാലാമതുമാണ്.

Comments

comments

Categories: Sports