സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാകില്ല: സുപ്രീംകോടതി

സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാകില്ല: സുപ്രീംകോടതി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ ഇളവു നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇപ്പോള്‍ ഇളവു നല്‍കുന്നത് നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുമെന്നാണ് കോടതി വിലയിരുത്തുന്നത്. ആദ്യം നവംബര്‍ 10 മുതല്‍ 14 വരെ സര്‍ക്കാര്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ ഘട്ടത്തില്‍ സ്വീകിച്ച പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാവുന്നതാണെന്നും ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപം പിന്‍വലിക്കുന്നതില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ബാങ്കുകളിലെ 50 ശതമാനം നിക്ഷേപം പുതിയ നോട്ടുകളില്‍ ആയിട്ടുണ്ട്. ഇത് 80 ശ തമാനമാകുമ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള പരിധിയില്‍ ഇളവു നല്‍കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. നിലവില്‍ വ്യക്തികള്‍ക്ക് ഒരാഴ്ച പിന്‍വലിക്കാവുന്ന 24,000 രൂപ മാത്രമാണ് സഹകരണ ബാങ്കുകള്‍ക്കും പിന്‍വലിക്കാനാകുന്നത്. എന്നാല്‍ സര്‍ക്കാര്‍ പറയുന്ന പരിധിയില്‍ ബാങ്കുകളില്‍ നിന്ന് ഇടപാടുകാര്‍ക്ക് പണം ലഭിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ക്ക് അത്രയും പണം പോലും നല്‍കാനാകാത്ത സാഹചര്യത്തില്‍ ചിലരുടെ കൈയില്‍ മാത്രം എവിടെ നിന്നാണ് ഇത്രയധികം പുതിയ നോട്ടുകള്‍ എത്തിയതെന്നും കോടതി ചോദിച്ചു.

സഹകരണ ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം പുലര്‍ത്തുകയാണെന്നും ഉപാധികളോടെ സഹകരണ ബാങ്കുകളില്‍ നിന്ന് പണം സ്വീകരിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം കേസില്‍ വാദം കേള്‍ക്കവേ കോടതി നിരീക്ഷിച്ചിരുന്നു. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കോടതിയെ സമീപിച്ചത്.

Comments

comments

Categories: Slider, Top Stories