ഡിഎല്‍എഫിന്റെ 40% ഓഹരികള്‍ രണ്ട് കമ്പനികള്‍ക്ക് വിഭജിച്ച് നല്‍കും

ഡിഎല്‍എഫിന്റെ 40% ഓഹരികള്‍ രണ്ട് കമ്പനികള്‍ക്ക് വിഭജിച്ച് നല്‍കും

 

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍റ്റി ഡെവലപ്പറായ ഡിഎല്‍എഫ് തങ്ങളുടെ വാടക കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടിയുടെ 40 ശതമാനം ഓഹരികള്‍ രണ്ട് കമ്പനികള്‍ക്കായി വീതിച്ച് നല്‍കുന്നത് പരിഗണിക്കുന്നു. സ്വകാര്യ ഇക്വിറ്റി രംഗത്തെ ഭീമനായ അമേരിക്കന്‍ കമ്പനി ബ്ലാക്ക്‌സ്‌റ്റോണ്‍, സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര വെല്‍ത് ഫണ്ടായ ജിഐസി എന്നിവയ്ക്കാണ് ഓഹരികള്‍ വീതിച്ച് നല്‍കാന്‍ ഡിഎല്‍എഫ് ആലോചിക്കുന്നത്.
ഡിഎല്‍എഫ് സൈബര്‍ സിറ്റിയുടെ ഓഹരികളാണ് കമ്പനി വില്‍പ്പന നടത്തുന്നത്. 20 ശതമാനം വീതം ഇരു കമ്പനികള്‍ക്കും കെപി സിംഗിനും മകനും 40 ശതമാനം ഓഹരികളും ബാക്കിയുള്ളവ ഡിഎല്‍എഫിന്റെ ഉടമസത്ഥതയിലുമായിരിക്കും.
വാടക വിഭാഗത്തിലുള്ള വില്‍പ്പനയിലൂടെ ഏകദേശം 12,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് പ്രമോട്ടര്‍ കുടുംബം. അതേസമയം, വില്‍പ്പന നടത്തുന്ന 40 ശതമാനം ഓഹരികളും സ്വന്തമായി നേടാനുള്ള പ്രയത്‌നത്തിലാണ് ബ്ലാക്ക്‌സ്റ്റോണും ജിഐസിയുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കമ്പനിക്കുള്ളില്‍ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സംസാരമുണ്ടെങ്കിലും ഡയറക്റ്റര്‍ ബോര്‍ഡ് ഇക്കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നീ നഗരങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഓഹരികളാണ് കമ്പനി വില്‍പ്പന നടത്തുന്നത്. ബഹുരാഷ്ട്ര കമ്പനികളടക്കമുള്ളവര്‍ക്കാണ് ഈ പ്രോപ്പര്‍ട്ടികളില്‍ ഓഫീസുകളുള്ളത്.
30 മില്ല്യന്‍ ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍ പ്രോപ്പര്‍ട്ടികളാണ് ഡിഎല്‍എഫിനുള്ളത്. ഈ സാമ്പത്തിക വര്‍ഷം ഇതിന്റെ വാടകയിനത്തില്‍ 2,700 കോടി രൂപ വരുമാനമായി ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍.
രാജ്യത്തെ ഏറ്റവും വലിയ റിയല്‍റ്റി കമ്പനിയാണെങ്കിലും കടബാധ്യത തിരിച്ചടിയാകുന്ന ഡിഎല്‍ഫിന് ഓഹരി വില്‍പ്പനയിലൂടെ ഇതിന് പരിഹാരം കാണാന്‍ കാണാന്‍ സാധിക്കുമെന്നാണ് വിലയിരത്തലുകള്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ 23,530 കോടി രൂപയാണ് കമ്പനിക്ക് കടബാധ്യത.
ബ്ലാക്ക്‌സ്റ്റോണ്‍, ജിഐസി എന്നീ കമ്പനികളുമായി ഇതിനോടകം തന്നെ ഡിഎല്‍എഫ് ബന്ധം പുലര്‍ത്തുന്നുണ്ട്. സെന്‍ട്രല്‍ ഡെല്‍ഹിയിലുള്ള രണ്ട് പദ്ധതികളില്‍ 1,992 കോടി രൂപയുടെ നിക്ഷേപം നടത്തി ജിഐസിയും ഡിഎല്‍എഫ് 50 ശതമാനം ഓഹരികള്‍ കയ്യാളുന്നുണ്ട്.
പദ്ധതിയിട്ടിരിക്കുന്ന ഓഹരി വിഭജിച്ച് നല്‍കല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍ക്കും നേട്ടമാകുമെന്നാണ് വിലയിരുത്തലിലാണ് ഡിഎല്‍എഫ്. സിംഗപ്പൂരില്‍ റെയ്റ്റ് വിപണി പക്വത കൈവരിച്ചിട്ടുണ്ട്. ജിഐസിയുമായുള്ള പങ്കാളിത്തം ഇന്ത്യയില്‍ റെയ്റ്റ്‌സ് ലിസ്റ്റിംഗിന് ഡിഎല്‍എഫിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ബ്ലാക്ക്‌സ്‌റ്റോണ്‍ ഇന്ത്യയില്‍ നിക്ഷേപക ട്രസ്റ്റിനുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതും ഡിഎല്‍എഫിന് നേട്ടമാകും.

Comments

comments

Categories: Branding