ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചു

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചു

 

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അഡ്വ. എം. രാജഗോപാലന്‍ നായര്‍ ചെയര്‍പേഴ്‌സണും, ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളുമായിട്ടാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വരിക.
ഐഐടി പാലക്കാട് സ്ഥാപിക്കുന്നതിനായി പാലക്കാട് താലൂക്ക് പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 70.02 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറും. മട്ടാഞ്ചേരിയില്‍ ബിഒടി പാലത്തിന്റെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഗാമണ്‍ ഇന്ത്യ കമ്പനിക്ക് നഷ്ടപരിഹാര തുകയായി 16,23,34,444 കോടി രൂപ പൂര്‍ണവും അന്തിമവുമായ തീര്‍പ്പായി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് കര്‍ഷകര്‍ സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ക്ക് 2017 മെയ് 31 വരെ മോറൊട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു കീഴില്‍ 15 പുതിയ ഭാഗ്യക്കുറി സബ്‌സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ 24 അധിക തസ്തികകള്‍ സൃഷ്ടിച്ചു. ഒരു അഡ്മിനിസ്‌റ്റ്രേറ്റീവ് അസിസ്റ്റന്റ്, ഒരു സീനിയര്‍ സൂപ്രണ്ട്, രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാര്‍, 20 ക്ലാര്‍ക്കുമാര്‍ എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ വര്‍ഷാശനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുവാനും ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുതുക്കിയ വര്‍ഷാശനത്തില്‍ 25% വര്‍ധനവ് വരുത്താനും തീരുമാനിച്ചു.
ഇസിഎച്ച്എസ് പോളിക്ലിനിക് നിര്‍മിക്കുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി താലൂക്കില്‍ 0.1013 ഹെക്റ്റര്‍ ഭൂമി 30 വര്‍ഷത്തേക്ക് കേന്ദ്ര പ്രതിരോധ വകുപ്പിന് പാട്ടത്തിന് കൈമാറുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Comments

comments

Categories: Slider, Top Stories