നോട്ട് അസാധുവാക്കല്‍ വരുമാനത്തിലും ചെലവിടല്‍ സമീപനത്തിലും പ്രതിഫലിച്ചു തുടങ്ങി

നോട്ട് അസാധുവാക്കല്‍  വരുമാനത്തിലും ചെലവിടല്‍ സമീപനത്തിലും പ്രതിഫലിച്ചു തുടങ്ങി

 
ന്യൂഡെല്‍ഹി: ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ സാമ്പദ്‌വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കി കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളുടെ വരുമാനത്തെയും ചെലവിടലിനെയും സാമ്പത്തിക പരിഷ്‌കരണ നയം ബാധിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍ രാജ്യവ്യാപകമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനവും തുടര്‍ന്നുണ്ടായിട്ടുള്ള നിയന്ത്രണ നിര്‍ദേശങ്ങളും വരുമാനത്തില്‍ സ്വധീനം ചെലുത്തിയിട്ടുണ്ടെന്നാണ് പഠനത്തിന്റെ ഭാഗമായിട്ടുള്ള ഇരുപത് ശതമാനം ആളുകളും പ്രതികരിച്ചത്. പ്രഖ്യാപനത്തോടെ ഏകദേശം 48 ശതമാനത്തോളം പേര്‍ ചെലവ്ചുരുക്കുന്നതിന്റെ ഭാഗമായി സാധനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം വരുത്തിയിട്ടുണ്ടെന്നത് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. 42 ശതമാനം ആളുകള്‍ വരുമാനത്തിനു സമാനമാണ് ചെലവിടല്‍ എന്നാണ് പ്രതികരിച്ചത്. നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ വരുമാനത്തെയും ചെലവിടല്‍ സമീപനത്തെയും സ്വാധീനിച്ചിട്ടില്ലെന്നാണ് 42 ശതമാനം ആളുകളും പറയുന്നത്.

എന്നാല്‍ 38 ശതമാനം ആളുകള്‍ വരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ചെലവ് ചരുങ്ങിയതായും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് ശതമാനം പേര്‍ വരുമാനം കുറഞ്ഞെങ്കിലും ചെലവ് ചുരുങ്ങിയിട്ടില്ലെന്ന് പറയുമ്പോള്‍ പത്ത് ശതമാനം ജനങ്ങള്‍ വരുമാനവും ചെലവും കുറഞ്ഞതായാണ് സാക്ഷ്യപ്പെടുത്തുന്നത്. ജാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ 40 ശതമാനത്തിലധികം ആളുകളാണ് നോട്ട് നിരോധനം വരുമാനത്തില്‍ ഇടിവുണ്ടാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും വളരെ കുറച്ച് സംഘടിത ബിസിനസ് മേഖലകള്‍ മാത്രമെയുള്ളു. ഖനന, കാര്‍ഷിക മേഖലകളാണ് ഈ സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ള അസംഘടിത മേഖലയാണ് ഖനന യൂണിറ്റുകള്‍. ഏറ്റവും കൂടുതല്‍ പണമിടപാടുകള്‍ നടക്കുന്നതും ഈ മേഖലയിലാണ്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിലെ വ്യാപാര-അനുബന്ധ പ്രവര്‍ത്തനങ്ങളെ നോട്ട് അസാധുവാക്കല്‍ നടപടി വലിയ രീതിയില്‍ ബാധിക്കും. എന്നാല്‍ ഒഡീഷയിലെയും ബീഹാറിലെയും മുഖ്യമന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാര്‍ നയത്തെ അനുകൂലിക്കുന്ന പ്രതികരണമാണ് നടത്തിയിട്ടുള്ളത്.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡെല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 50 ശതമാനത്തിലധികം ആളുകളാണ് പണപ്രതിസന്ധി കാരണം ചെലവ്ചുരുക്കിയതായി അഭിപ്രായപ്പെട്ടിട്ടുള്ളത്. പഞ്ചാബ്, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ നീക്കം ദോഷകരമായി ബാധിച്ചതായാണ് വിവരം. ഈ മേഖലകളില്‍ നടക്കുന്ന ഭൂരിപക്ഷം ഇടപാടുകളും നടക്കുന്നത് നേരിട്ട് പണം കൈമാറ്റം ചെയ്യുന്നതിലൂടെയാണെന്നതാണ് ഇതിന്റെ പ്രധാന കാരണം. സഹകരണ ബാങ്കുകള്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ നയവും ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയതായി പഠനം വ്യക്തമാക്കുന്നു. 18 സംസ്ഥാനങ്ങളിലെ 220 ജില്ലകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ 15,928 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

Comments

comments

Categories: Slider, Top Stories