സൈറസ് മിസ്ട്രി ടിസിഎസ് ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്

സൈറസ് മിസ്ട്രി ടിസിഎസ് ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ ഡെവലപിംഗ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് സൈറസ് മിസ്ട്രി പുറത്ത്. കഴിഞ്ഞദിവസം ചേര്‍ന്ന അസാധാരണ ജനറല്‍ മീറ്റിംഗില്‍ ഓഹരിയുടമകളില്‍ 93.11 ശതമാനം പേരാണ് മിസ്ട്രിയെ പുറത്താക്കാനുള്ള ടാറ്റാ സണ്‍സിന്റെ തീരുമാനത്തെ പിന്തുണച്ചത്. കഴിഞ്ഞ മാസമാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് മിസ്ട്രിയെ നീക്കം ചെയ്തത്. ഇതിനു പിന്നാലെ ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ നേതൃ സ്ഥാനത്ത് നിന്ന് മിസ്ട്രിയെ നീക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു.

ടാറ്റ സണ്‍സിന് 73 ശതമാനം ഓഹരിയാണ് ടിസിഎസില്‍ ഉള്ളത്. തീരുമാനം എതിരാകുമെന്ന് വ്യക്തമായിരുന്നതിനാല്‍ മിസ്ട്രി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കമ്പനിയുടെ മൊത്തം ഓഹരികളുടെ 87 ശതമാനം മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തിട്ടുള്ളത്. പൊതു ഓഹരി ഉടമകളില്‍ 82 ശതമാനവും വോട്ടെടുപ്പില്‍ പങ്കെടുത്തിട്ടില്ല. പങ്കെടുത്ത 78 ശതമാനം പേരും മിസ്ട്രിയുടെ പുറത്താക്കലിനെ എതിര്‍ത്തുകൊണ്ടാണ് വോട്ട് രേഖപ്പെടുത്തിയരെന്നും ടിസിഎസിന്റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ടിസിഎസിലെ 20 ശതമാനത്തോളം വോട്ടര്‍മാര്‍ തനിക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വോട്ടെടുപ്പെന്നും ഇതില്‍ 70 ശതമാനം വോട്ടര്‍മാരും നോണ്‍ പ്രൊമോട്ടര്‍ ഓഹരിയുടമകളാണെന്നത് ധാര്‍മിക വിജയം തനിക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണെന്നുമായിരുന്നു മിസ്ട്രിയുടെ ഓഫിസ് പ്രതികരിച്ചത്.
യോഗത്തില്‍ സംസാരിച്ച 40ഓളം പേരില്‍ അഞ്ചുപേര്‍ മാത്രമാണ് മിസ്ട്രിയുടെ പുറത്താക്കലിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയതെന്ന് ടിസിഎസിലെ സ്വതന്ത്ര ഡയറക്റ്റര്‍മാരില്‍ ഒരാളായ അമന്‍മെഹ്ത പറയുന്നു. മീറ്റിംഗിനു മുമ്പ് സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ പ്രത്യേക യോഗം ചേര്‍ന്ന് മിസ്ട്രിയുടെ പുറത്താക്കലിനെ അനുകൂലിക്കുന്നതായിരിക്കും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമെന്ന് വിലയിരുത്തിയതായും മെഹ്ത വ്യക്തമാക്കി.
നേരത്തേ ടിസിഎസ് ചെയര്‍മാന്‍ പദവിയില്‍ നിന്നും സൈറസ് മിസ്ട്രിയെ നീക്കി ഇടക്കാല ചുമതല ഇഷത് ഹുസൈനെ ടാറ്റ സണ്‍സ് ഏല്‍പ്പിച്ചിരുന്നു. ഇഷത് ഹുസൈന്‍ വിവാദങ്ങള്‍ ഒഴിവാക്കാനായി മിസ്ട്രിയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പ് നടപടികളില്‍ നിന്ന് വിട്ടുനിന്നു.

Comments

comments

Categories: Slider, Top Stories