വിപണി ഇടപെടലിനുള്ള വിഹിതം ഇരട്ടിയാക്കും: പിണറായി വിജയന്‍

വിപണി ഇടപെടലിനുള്ള വിഹിതം ഇരട്ടിയാക്കും: പിണറായി വിജയന്‍

വിപണി ഇടപെടലിനുള്ള വിഹിതം ഇനിയും വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെസ് ബുക്ക് പോസ്റ്റിലാണ് വാഗ്ദാനം. പോസ്റ്റിന്റെ പൂര്‍ണരൂപം. ഞങ്ങളുടെ ആദ്യ മന്ത്രിസഭായോഗത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്ന് വിപണി ഇടപെടലിനുള്ള വിഹിതം വര്‍ധിപ്പിക്കും എന്നതായിരുന്നു. ഇരട്ടിയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ആവശ്യമെങ്കില്‍ ഇനിയും വര്‍ധിപ്പിക്കും.

സിവില്‍ സപ്ലൈസിന്റെ വിപണനശാലകളില്‍ നിശ്ചിത ഇനങ്ങള്‍ക്ക് വിലവര്‍ധന വരുത്തുന്നതല്ല എന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്രോതസ്സില്‍ നിന്നു നേരിട്ടു ചരക്കുക വാങ്ങി ന്യായവിലയ്ക്കു ലഭ്യമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയാണ് ലക്ഷ്യം.
ജനങ്ങളെ ചൂഷണംചെയ്ത് പോക്കറ്റ് വീര്‍പ്പിക്കാമെന്നു ഇനിയാരും കരുതേണ്ടതില്ല. കരിച്ചന്തയും പൂഴ്ത്തിവെയ്പ്പും ഒരുകാരണവശാലും അനുവദിക്കുകയില്ല. ന്യായവില ഷോപ്പുകളില്‍നിന്നു സാധനങ്ങള്‍ മൊത്തമായി വാങ്ങി മറിച്ചുവില്‍പന നടത്തുന്നതിനെക്കുറിച്ചു നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇതു തടയാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനാനുവാദം ചിലേടങ്ങളില്‍ ഇതിനുണ്ടത്രെ. ജനവിരുദ്ധമായ ഇത്തരം നടപടികള്‍ക്കും അതു നടത്തുന്നവര്‍ക്കും അതിനു കൂട്ടുനില്‍ക്കുന്നവര്‍ക്കുമെതിരെ കടുത്ത ശിക്ഷാനടപടികളുണ്ടാകും. പൊതുജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഈ വര്‍ഷം ക്രിസ്തുമസിനു തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് പ്രത്യേക ഫെയറുകള്‍ ആരംഭിക്കുന്നത്. സപ്ലൈകോയുടെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ക്രിസ്തുമസ് ചന്തകളായി പ്രവര്‍ത്തിക്കും. 441 ക്രിസ്തുമസ് ചന്തകള്‍ ഉണ്ടാകും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് പ്രത്യേകചന്ത വഴി വിതരണം ചെയ്യുന്നത്. പൊതുവിപണിയെ അപേക്ഷിച്ച് 16 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് ഇവ വില്‍പന നടത്തുന്നത്. 132 രൂപയ്ക്ക് പൊതുവിപണിയില്‍ ലഭിക്കുന്ന തുവരപരിപ്പ് 65 രൂപയ്ക്കും, 140 രൂപയുടെ മുളക് 75 രൂപയ്ക്കും, 40 രൂപയുടെ പഞ്ചസാര 22 രൂപയ്ക്കും ഇവിടെ ലഭിക്കും.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 5 വില്‍പ്പനശാലകള്‍ പുതുതായി ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ നിലവിലുള്ള 3 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായും ഒരു സൂപ്പര്‍മാര്‍ക്കറ്റ് പീപ്പിള്‍ ബസാറായും ഉയര്‍ത്തി. സപ്ലൈകോ വില്‍പനശാലകള്‍ ഇല്ലാത്ത 32 പഞ്ചായത്തുകളാണ് ഇപ്പോഴുള്ളത്. ഈ പഞ്ചായത്തുകളില്‍ കൂടി വില്‍പ്പനശാലകള്‍ ആരംഭിക്കുന്നതിനുള്ള നടപടിയെടുക്കും .

Comments

comments

Categories: Slider, Top Stories