സിമന്റ് വിപണിയില്‍ അടുത്ത മാസം മുതല്‍ ഡിമാന്‍ഡ് വര്‍ധിക്കും

സിമന്റ് വിപണിയില്‍ അടുത്ത മാസം മുതല്‍ ഡിമാന്‍ഡ് വര്‍ധിക്കും

മുംബൈ: നോട്ട് അസാധുവാല്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ച രാജ്യത്തെ സിമന്റ് വിപണിയില്‍ അടുത്ത മാസത്തോടെ ഡിമാന്‍ഡ് വര്‍ധിച്ച് വരുമെന്ന് റിപ്പോര്‍ട്ട്. പണലഭ്യത സാധാരണ നിലയിലാകുന്നതോടെ സിമന്റ് വിപണിയില്‍ വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്നാണ് റിലയന്‍സ് സെക്യുരിറ്റീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ 50 ശതമാനത്തോളം ഇടിവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിനിമയം നടന്നിരുന്ന മൊത്തം കറന്‍സിയുടെ 86 ശതമാനവും പെട്ടെന്ന് പിന്‍വലിച്ചതോടെ വന്‍ പണലഭ്യതക്കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നിര്‍മാണ മേഖലയിലും നോട്ട് അസാധുവാക്കല്‍ പ്രതിഫലിച്ചതോടെ സിമന്റ് വിപണിയില്‍ വില്‍പ്പന മൂക്കുകുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത മാസം രണ്ടാം പകുതിയോടെ പണലഭ്യത സാധാരണ നിലയിലാകുമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ആ സമയം മുതല്‍ സിമന്റ് ഡിമാന്‍ഡില്‍ വര്‍ധന വരുമെന്ന് വ്യക്തമാക്കുന്നു. നിലവില്‍ ഡിമാന്‍ഡില്‍ രേഖപ്പെടുത്തുന്ന കുറവ് താല്‍ക്കാലികം മാത്രമാണ്.
അതേസമയം, 2017 സാമ്പത്തിക വര്‍ഷത്തില്‍ സിമന്റ് വിപണിയില്‍ ഡിമാന്‍ഡ് കണക്കാക്കിയിരുന്നത് 5.5 ശതമാനമായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യമനുസരിച്ച് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ ഡിമാന്‍ഡ് വര്‍ധന മാത്രമാണ് രേഖപ്പെടുത്തുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ച, ഗ്രാമീണ വിപണിയിലുള്ള ഡിമാന്‍ഡ്, സര്‍ക്കാരിന്റെ എല്ലാവര്‍ക്കും വീട് പദ്ധതി എന്നിവയിലൂടെ 2018 സാമ്പത്തിക വര്‍ഷം മുതല്‍ വന്‍ വളര്‍ച്ചയാണ് സിമന്റ് മേഖല പ്രതീക്ഷിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഊന്നല്‍ സിമന്റിനുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്ന പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഇക്രയും റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സിമന്റ് ഡിമാന്‍ഡ് എട്ട് ശതമാനം വരെ ഉയരുമെന്നാണ് ഇക്ര വിലയിരുത്തിയിരുന്നത്.
വീടുകള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളില്‍ സിമന്റ് നിര്‍ണായകമാണ്. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ സിമന്റ് ഡിമാന്‍ഡ് ആറ് ശതമാനത്തിലെത്തുമെന്നായിരുന്നു ഇക്ര റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ നോട്ട് നിരോധനം വന്നതോടെ ഈ മേഖലയില്‍ തിരിച്ചടിയുണ്ടാവുകയായിരുന്നു.

Comments

comments

Categories: Business & Economy