ബിനാലെയുടെ ക്യുറേറ്റര്‍ വൈവിധ്യങ്ങളുടെ അവതാരകന്‍ : സുദര്‍ശന്‍ ഷെട്ടി

ബിനാലെയുടെ ക്യുറേറ്റര്‍ വൈവിധ്യങ്ങളുടെ അവതാരകന്‍ : സുദര്‍ശന്‍ ഷെട്ടി

 

കൊച്ചി : കലയെ സംബന്ധിക്കുന്ന അറിവിന്റെയും സംസ്‌കാരത്തിന്റെയും സ്രഷ്ടാവാണ് ക്യുറേറ്റര്‍ എന്ന ആശയത്തില്‍നിന്ന് മാറി വിവിധ കാഴ്ചകളുടെ അവതാരകന്‍ എന്ന ആശയത്തിലേക്കാണ് ബിനാലെയിലൂടെ താന്‍ എത്തുന്നതെന്ന് കൊച്ചി മുസിരിസ് ബിനാലെ (കെഎംബി) 2016 ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു.

സൃഷ്ടിയെ ഏകതാനമായ ആഖ്യാനമെന്നതിന് പകരം സംഭാഷണമായോ സംവാദമായോ കാണുക എന്നതായിരുന്നു ഒരു ലക്ഷ്യം. വൈവിധ്യങ്ങള്‍ പ്രമേയമായ ബിനാലെയില്‍ വ്യാഖ്യാനങ്ങള്‍ സാധ്യമായ സൃഷ്ടികള്‍ക്കാണ് പ്രാധാന്യം നല്‍കിയതെന്നും സുദര്‍ശന്‍ ഷെട്ടി പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയിലെ കബ്രാല്‍ യാര്‍ഡിലെ പവിലിയനില്‍ ബിനാലെയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ സുന്ദര്‍ സരുകായുമായി സംഭാഷണത്തിനിടെയാണ് കെഎംബി 2016ന്റെ ക്യുറേറ്റര്‍ തന്റെ ഉള്‍ക്കാഴ്ച്ചകള്‍ പങ്കുവച്ചത്. തന്റെ ക്യുറേറ്റര്‍ എന്ന നിലയിലെ പ്രവര്‍ത്തനവും കൊച്ചി ബിനാലെയും വളര്‍ച്ചയുടെ ഘട്ടത്തിലുള്ള പ്രവൃത്തികളായാണ് സുദര്‍ശന്‍ കാണുന്നത്. കൂട്ടിചേര്‍ക്കലും മായ്ക്കലും എന്ന ഇരട്ട പ്രക്രിയയാണ് ക്യുറേറ്റര്‍ എന്ന നിലയില്‍ പ്രധാന ചാലകശക്തിയായത്, കലാകാരന്‍ എന്ന നിലയിലെ തന്റെ ചോദനമല്ല. പുതിയ തലങ്ങള്‍ വന്നുചേരുകയും ചിലത് മായുകയും ചെയ്യുന്ന പ്രക്രിയ ബിനാലെയുടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും. പരിണാമത്തിന്റെ അനുഭവവും വേദിയുമായിരിക്കും ബിനാലെയെന്നും സുദര്‍ശന്‍ പറയുന്നു.

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ വൈവിധ്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതും അവ ദൃശ്യമാക്കേണ്ടതും വളരെ പ്രധാനമാണ്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന കൊച്ചിയുടെ സംസ്‌കാരം തന്നെയാണ് ബിനാലെയ്ക്കും ഉള്ളത്. ഒരു സൃഷ്ടിയില്‍ കാഴ്ചക്കാരനുള്ള ഇടവും ബിനാലെയിലുണ്ട്. സൂചനകള്‍ എന്താണെന്നും യാഥാര്‍ഥ്യം എന്താണെന്നും സ്വന്തമായ അര്‍ഥം കണ്ടെത്താന്‍ കാഴ്ചക്കാരന് കഴിയണം. ക്യുറേറ്റര്‍ എന്നത് ആദ്യം തന്റെ തന്നെ കലയുടെ തുടര്‍ച്ചയായിരിക്കും എന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ കൂടുതല്‍ വ്യത്യസ്തതകള്‍ കാണാനുള്ള അവസരവും ആവശ്യവും ഉണ്ടായ ഒരു പഠനം തന്നെയായിരുന്നു കഴിഞ്ഞ ഒരുവര്‍ഷമെന്നും സുദര്‍ശന്‍ വ്യക്തമാക്കി.

വിവിധ യാഥാര്‍ഥ്യങ്ങള്‍, ആഖ്യാനങ്ങളും മാത്രമല്ല, വിവിധ മാധ്യമങ്ങളും വ്യാഖ്യാനങ്ങളും കൂടി ഇതില്‍ ഉള്‍പ്പെടുന്നു. ബിനാലെയില്‍ പ്രതീക്ഷിക്കപ്പെടുന്ന കാഴ്ചകള്‍ക്കപ്പുറം പൊയെട്രി ഇന്‍സ്റ്റലേഷനുകളും സംഗീതനടനനാട്യ കലകളും എത്തിയതിനു പിന്നിലും ഈ വൈവിധ്യങ്ങളൊടുള്ള ആഭിമുഖ്യമാണ്.

ഒരു കാഴ്ചയില്‍ അനാവൃതമാകുന്ന വൈവിധ്യങ്ങളുടെ വിവിധ തലങ്ങളാണ് ഉള്‍ക്കാഴ്ച്ചകളുരുവാകുന്നിടം (എീൃാശിഴ ശി വേല ുൗുശഹ ീള മി ല്യല) എന്ന ക്യുറേറ്റോറിയല്‍ നോട്ടിന് പിന്നിലെ തത്വമെന്നും സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories