ആമസോണ്‍ ഇന്ത്യയില്‍ പ്രൈം വീഡിയോ സര്‍വീസസ് ആരംഭിച്ചു

ആമസോണ്‍ ഇന്ത്യയില്‍ പ്രൈം വീഡിയോ സര്‍വീസസ് ആരംഭിച്ചു

മുംബൈ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ പ്രൈം വീഡിയോ സര്‍വീസ് ആരംഭിച്ചു. ആമസോണ്‍ പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിന് ഇനിമുതല്‍ പ്രൈം വീഡിയോ സര്‍വീസ് ലഭ്യമാകും. ഇതോടെ ഉപഭോക്താക്കള്‍ക്ക് ആമസോണിന്റെ ഒറിജിനല്‍ സീരീസ് മൂവികളിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമാകും. ജൂലൈയില്‍ കമ്പനി ഇന്ത്യയില്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസ് നടപ്പിലാക്കിയിരുന്നു. അന്നു മുതല്‍ ആമസോണ്‍ വീഡിയോ സര്‍വീസിനായുള്ള കാത്തിരിപ്പിലായിരുന്നു ഉപഭോക്താക്കള്‍.

300 ദശലക്ഷം (ഏകദേശം 2,000 കോടി രൂപ) ഡോളര്‍ ഇന്ത്യയില്‍ പ്രോഗ്രാം കണ്ടന്റിനുവേണ്ടി ആമസോണ്‍ മാറ്റി വയ്ക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഹിന്ദിയിലെ മൂന്ന് പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളുടെ വാര്‍ഷിക പ്രോഗ്രാമിംഗ് ബജറ്റ് തുക കൂട്ടിയാല്‍ അതിലും കൂടുതല്‍ വരും ഈ തുക.
പ്രമുഖ ഓണ്‍ലൈന്‍ വിഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റായ നെറ്റ്ഫ്‌ളിക്‌സ് ജനുവരിയില്‍ ഇന്ത്യയില്‍ സേവനം നല്‍കിത്തുടങ്ങിയിരുന്നു. എന്നാല്‍ അവര്‍ ഇന്ത്യന്‍ കണ്ടന്റിന് അധികം പ്രാധാന്യം കൊടുത്തിരുന്നില്ല. ആമസോണ്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് ഇന്ത്യന്‍ ഉള്ളടക്കത്തിനായിരിക്കും. ഇന്ത്യന്‍ പ്രോഗ്രാം നിര്‍മ്മാതാക്കളുമായി കൂടുതല്‍ കരാറുകള്‍ ഉണ്ടാക്കുന്നതിനുള്ള തിരക്കിലാണ് ആമസോണ്‍. ബോളിവുഡ് മൂവികള്‍ മുതല്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രോഗ്രാമുകള്‍ വരെ ആമസോണ്‍ പ്രൈം വീഡിയോ സര്‍വീസില്‍ ലഭ്യമാകും. ആമസോണിന്റെ കരാറുകളില്‍ നല്ലൊരു പങ്കും ചലചിത്ര നിര്‍മ്മാതാക്കളുമായാണ്. പല നിര്‍മ്മാതാക്കളുടെയും ഭാവിയില്‍ വരാന്‍ പോകുന്ന സിനിമകള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ എത്തുന്നതിനു മുമ്പ് പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം ആമസോണ്‍ സ്വന്തമാക്കി കഴിഞ്ഞു. നിരവധി ഫിലിം ലൈബ്രറികളും പ്രൊഡക്ഷന്‍ ഹൗസുകളും സ്വന്തമാക്കാനും ആമസോണിന് പദ്ധതിയുണ്ട്.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സുമായും, മുകേഷ് ഭട്ടിന്റെ വിശേഷ് ഫിലിംസുമായും ആമസോണ്‍ മുമ്പ് കണ്ടന്റ് കരാറില്‍ ഒപ്പിട്ടിരുന്നു. ഭൂഷണ്‍ കുമാറിന്റെ ടി സീരീസിന്റെ ഇനി വരാനിരിക്കുന്ന എല്ലാ ചിത്രങ്ങളുടേയും കരാറും ആമസോണ്‍ സ്വന്തമാക്കി. കൂടാതെ ഗ്രീന്‍ ഗോള്‍ഡ് ആനിമേഷനുമായും (ചോട്ടാ ഭീം, സൂപ്പര്‍ ഫീം, മൈറ്റി രാജു) ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവി അസാഹി കോര്‍പ്പറേഷനുമായും കുട്ടികള്‍ക്കായുളള പ്രോഗ്രാമുകള്‍ക്കായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. കബാലി, തെരി ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കായി തമിഴ്‌നാട്ടിലെ വി ക്രിയേഷന്‍സുമായും കരാറുണ്ട്.

ഇന്‍ട്രൊഡക്റ്ററി പ്രൈസായ 499 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് പ്രൈം സര്‍വീസ് ഇന്ത്യയില്‍ ലഭ്യമാകും. ഈ തുക ഭാവിയില്‍ 999 രൂപവരെ ഉയരാം എന്ന് പ്രതീക്ഷിക്കുന്നു. മുഖ്യ എതിരാളിയായ നെറ്റ്ഫ്‌ളിക്‌സ് ഏറ്റവും കുറഞ്ഞ പാക്കേജിന് മാസം 500 രൂപയാണ് ഈടാക്കുന്നത്. മാസം 199 രൂപയ്ക്ക് ഹോട്ട്‌സ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നുണ്ട്.

Comments

comments

Categories: Branding