പണം പിന്‍വലിക്കല്‍: എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് 0.65 ശതമാനം ഫീസ് ഈടാക്കും

പണം പിന്‍വലിക്കല്‍: എയര്‍ടെല്‍  പേയ്‌മെന്റ് ബാങ്ക്  0.65 ശതമാനം ഫീസ് ഈടാക്കും

 

ന്യൂഡെല്‍ഹി: എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് പണം പിന്‍വലിക്കലിന് ഇടപാടുകാരില്‍ നിന്ന് 0.65 ശതമാനം ഫീസ് ഈടാക്കും. എന്നാല്‍ പണേതര ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജനുവരി മുതലുള്ള ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്ക് യാതൊരു തരത്തിലെ പ്രോസസിംഗ് ചാര്‍ജും ചുമത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു.
എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് എക്കൗണ്ടുകളില്‍ നിന്നുള്ള പണം പിന്‍വലിക്കലിനെ നിരുത്സാഹപ്പെടുത്തതിനുവേണ്ടിയാണ് 0.65 ശതമാനം ഫീസ് ചുമത്തുന്നത്. ഇത് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ തെരഞ്ഞെടുക്കാന്‍ ഇടപാടുകാരെ പ്രേരിപ്പിക്കും.
ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നോ വ്യാപാരികളില്‍ നിന്നോ യാതൊരുവിധ പ്രോസസിംഗ് നിരക്കുകളും ഈടാക്കില്ല. പരോക്ഷ ചാര്‍ജുകള്‍ ഇല്ലാത്തതിനാല്‍ വ്യാപാരികളും ഉപഭോക്താക്കളും പണേതര ഇടപാടുകള്‍ നടത്താന്‍ തയ്യാറാകുമെന്ന് പേയ്‌മെന്റ് ബാങ്കുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
1,00,000 സേവിംഗ്‌സ് എക്കൗണ്ടുകള്‍ തുറന്നുകൊണ്ട് രാജസ്ഥാനില്‍ എയര്‍ടെല്‍
പേയ്‌മെന്റ് ബാങ്ക് പ്രാരംഭ ഘട്ട സേവനം ആരംഭിച്ചുകഴിഞ്ഞു. ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണ്ണാടക എന്നിവിടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും ആലോചിക്കുന്നു. സേവിംഗ്‌സ് എക്കൗണ്ടുകള്‍ക്ക് പേയ്‌മെന്റ് ബാങ്കുകള്‍ പ്രതിവര്‍ഷം 7.25 ശതമാനം പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ചെറിയ കടകളും ഹോട്ടലുകളും ഉള്‍പ്പെടെ മൂന്നു മില്ല്യണിലധികം പങ്കാളികളെ സഹകരിപ്പിച്ച് രാജ്യവ്യാപകമായി വ്യാപാര അനുകൂല പരിസ്ഥിതി വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ട വ്യാപാരികള്‍ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ഇടപാടുകാരില്‍ നിന്ന് സാധന സേവനങ്ങള്‍ക്കായി മൊബീല്‍ ഫോണിലൂടെ ഡിജിറ്റല്‍ പണ കൈമാറ്റം നടത്തും.
എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കില്‍ സേവിംഗ്‌സ് എക്കൗണ്ടുകള്‍ തുറക്കുന്നവര്‍ക്ക് ആനുകൂല്യങ്ങളും മറ്റു പ്രോത്സാഹനങ്ങളും നല്‍കും. കൂടാതെ ഡിജിറ്റല്‍, പണേതര ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Banking