അഗ്നി 5: ചൈനയ്ക്ക് വെല്ലുവിളി

അഗ്നി 5: ചൈനയ്ക്ക് വെല്ലുവിളി

 
ന്യൂഡെല്‍ഹി: ചൈനയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 ന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യ ഉടന്‍ നടത്തും. പരീക്ഷണം എത്രയും വേഗം നടക്കുമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) വ്യക്തമാക്കി. 2015 ജനുവരിയില്‍ ഒഡിഷ തീരത്തെ വീലര്‍ ദ്വീപില്‍നിന്നാണ് അഗ്നി 5 അവസാനമായി വിജയകരമായി പരീക്ഷിച്ചത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ അവസാന പരീക്ഷണം ഈ മാസമോ ജനുവരി ആദ്യമോ നടത്തുമെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇതിന് മുമ്പ് നടത്തിയ പരീക്ഷണത്തില്‍ ചെറിയ പോരായ്മകള്‍ പ്രകടമായിരുന്നു. ഇവ പരിഹരിച്ചുകൊണ്ടുള്ള അവസാനഘട്ട പരീക്ഷണമാണ് ഇനി നടത്തുന്നത്.

ഒരു ടണ്ണിലധികം ഭാരമുള്ള ആണവ പോര്‍മുന വഹിച്ച് അയ്യായിരത്തിലധികം കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ മിസൈലിന് കഴിയും. 17 മീറ്റര്‍ നീളവും അമ്പത് ടണ്ണിലധിംക ഭാരവുമുള്ളതാണ് അഗ്നി 5 മിസൈല്‍. അഗ്നി 5 ന്റെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണ്ണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും വരും. അഗ്നി 5 ന്റെ പ്രഹരപരിധിയില്‍ ചൈന, പാകിസ്ഥാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മ്മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് കടന്നുവരുന്നത്. അഗ്നി 5 ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലുസീവ് ക്ലൂബില്‍ ഇന്ത്യയും ഉള്‍പ്പെടും. 5,000 മുതല്‍ 5,500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകളെയാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളായി പരിഗണിക്കുന്നത്. നിലവില്‍ ഇത്തരം മിസൈലുകള്‍ സ്വന്തമായുള്ള യുഎസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ യുഎന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുടെ ക്ലബില്‍ ഇന്ത്യയും അംഗമാകും.

അഗ്നി സീരീസിലെ അഗ്നി 1 ന് 700-1,250 കിലോമീറ്ററും അഗ്നി 2 ന് 2,000-3,000 കിലോമീറ്ററും അഗ്നി 3 ന് 3,500-5,000 കിലോമീറ്ററും അഗ്നി 4 ന് 3,000-4,000 കിലോമീറ്ററുമാണ് പ്രഹരപരിധി.

അഗ്നി 5 മിസൈല്‍ റെയ്ല്‍ വാഹനത്തിലും പടുകൂറ്റന്‍ ട്രക്കിന്റെ ട്രെയിലറിലും ഘടിപ്പിച്ച് സ്ഥാനം മാറ്റാം. കനിസ്റ്ററിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുപോകുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ക്ക് മിസൈലിനെ കണ്ടുപിടിക്കാനും കഴിയില്ല.

അടുത്ത വര്‍ഷം ഇന്ത്യ അഗ്നി 6 പരീക്ഷിക്കുമെന്ന് സൂചനകളുണ്ട്. അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന അഗ്നി 6 ന്റെ ദൂരപരിധി 8,000 മുതല്‍ 10,000 കിലോമീറ്ററാണ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന അഗ്നി 6 വടക്കേ അമേരിക്ക വരെയെത്തും. അഗ്നി 6 വിജയകരമായി പരീക്ഷിച്ചാല്‍ പകുതി ഭൂമി ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണപരിധിയിലായിരിക്കും. എന്നാല്‍ ഈ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഈ വര്‍ഷം ജൂണില്‍ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജീമില്‍ (എംടിസിആര്‍) അംഗത്വം ലഭിച്ചതോടെ അഗ്നി 6 പരീക്ഷണ നടപടികള്‍ ഇന്ത്യ വേഗത്തിലാക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories