നോര്‍വെയുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ആരായും: മുഖ്യമന്ത്രി

നോര്‍വെയുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ആരായും: മുഖ്യമന്ത്രി

കൊച്ചി: മത്സ്യബന്ധനം, കോസ്റ്റല്‍ ഷിപ്പിംഗ്, ഉള്‍നാടന്‍ ജലഗതാഗതം, മലിനജലസംസ്‌കരണം എന്നീ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍വെ അംബാസഡര്‍ നില്‍സ് റഗ്‌നാര്‍ കംസ്‌വാഗുമായി ചര്‍ച്ച ചെയ്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ പങ്കെടുത്തു.

അക്വാകള്‍ച്ചര്‍, തീരക്കടല്‍ മത്സ്യബന്ധനം. മത്സ്യബന്ധനയാന നിര്‍മാണം, ആഴക്കടല്‍ മത്സ്യബന്ധനം എന്നീ രംഗങ്ങളില്‍ നോര്‍വെയ്ക്ക് സാങ്കേതിക വൈദഗ്ദ്യമുണ്ട്. എല്‍എന്‍ജി ഇന്ധനമായുപയോഗിക്കുന്ന യാനങ്ങളുടെ നിര്‍മാണം, മലിനജലസംസ്‌കരണം എന്നീ രംഗങ്ങളില്‍ നോര്‍വെ വിജയകരമായ ഗവേഷണവും പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഇത്തരം അനുഭവസമ്പത്ത് പങ്കുവയ്ക്കാനും കേരളവുമായി സഹകരിക്കാനും തയ്യാറാണെന്ന് അംബാസഡര്‍ അറിയിച്ചു.

പരിസ്ഥിതിസൗഹൃദപദധതികളില്‍ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമുണ്ടെന്നും കേരളത്തിലെ കായലുകളിലെ മാലിന്യസംസ്‌കരണം ഒരു പ്രധാനവെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിസൗഹാര്‍ദ്ദപരമായ ഈ പദ്ധതികളില്‍ കേരളത്തിനും നോര്‍വെയ്ക്കും കൈകോര്‍ക്കാനുള്ള സാധ്യതകള്‍ ആരായും. നീണ്ടകരയില്‍ 1952 ല്‍ നടപ്പാക്കിയ ഇന്തോ നോര്‍വീജിയന്‍ ഫിഷിംഗ് കമ്യൂണിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം നോര്‍വെയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെ തങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവം നല്‍കിയെന്ന് നില്‍സ് റഗ്‌നാര്‍ കംസ്‌വാഗും സംഘവും പറഞ്ഞു. സാംസ്‌കാരികടൂറിസം സാധ്യതയുള്ള ഇത്തരമൊരു പദ്ധതി തങ്ങള്‍ക്ക് പ്രചോദനമായെന്നും അവര്‍ പറഞ്ഞു. മുന്‍ എംപി പി രാജീവ് യോഗത്തില്‍ സന്നിഹിതനായിരുന്നു

Comments

comments

Categories: Slider, Top Stories

Related Articles