വെനസ്വേലയില്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ട് പിന്‍വലിച്ചു

വെനസ്വേലയില്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ട് പിന്‍വലിച്ചു

കള്ളപ്പണത്തിനെതിരേ പോരാടാന്‍ ഇന്ത്യയുടെ പാത പിന്തുടരുകയാണ് ലാറ്റിനമേരിക്കന്‍ രാജ്യമാണ് വെനസ്വേല. എണ്ണ, പ്രകൃതിവാതക സമ്പന്നമായ രാജ്യമാണ് വെനസ്വേല. രാജ്യത്തെ പ്രധാന വരുമാനവും എണ്ണ വില്‍പ്പനയില്‍നിന്നായിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ എണ്ണ വില വന്‍ തോതില്‍ ഇടിവ് നേരിട്ടതോടെ വെനസ്വേലയ്ക്ക് കഷ്ടകാലം ആരംഭിച്ചു. ഒരു വര്‍ഷത്തിലേറെയായി രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണ്. സര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡികള്‍ വെട്ടിക്കുറച്ചു. പെന്‍ഷനുകള്‍, ഭക്ഷ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും നല്‍കി വന്നിരുന്ന സബ്‌സിഡികളാണ് പ്രധാനമായും വെട്ടിക്കുറച്ചത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായി. ഇന്ന് വെനസ്വേലയിലെ ഏതെങ്കിലുമൊരു നഗരത്തില്‍ പോയാല്‍ ഭക്ഷണം വാങ്ങാന്‍ സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും നീണ്ട ക്യു കാണുവാന്‍ സാധിക്കും.
അത്രയ്ക്കും ദുരിതമാണ് വെനസ്വേല അഭിമുഖീകരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യം സാമ്രാജ്യത്വ ശക്തികളുടെ ചെയ്തികളാണെന്നാണു പ്രസിഡന്റ് മദൂറോ അവകാശപ്പെടുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് അദ്ദേഹം രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ അദ്ദേഹം മറ്റൊരു മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. അത് മറ്റൊന്നുമല്ല, ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത് അതേ നടപടി. കറന്‍സി നിരോധനം.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകളാണ് പിന്‍വലിച്ചത്. കള്ളക്കടത്ത്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കുറ്റവാളി സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണു സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. 72 മണിക്കൂറിനകം തീരുമാനം നടപ്പിലാക്കുമെന്നും അറിയിച്ചു. ബുധനാഴ്ച മുതല്‍ പത്ത് ദിവസം വരെ നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കും.
100 ബൊളിവറിന്റെ ആറ് ബില്യണ്‍ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് വെനസ്വേലയിലെ സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തെ പ്രചാരത്തിലുള്ള മൊത്തം കറന്‍സിയുടെ പകുതിയോളം വരും. സര്‍ക്കാരിന്റെ തീരുമാനത്തിലൂടെ നോട്ട് പൂഴ്ത്തിവയ്ക്കുന്ന പ്രവണതയില്ലാതാകുമെന്ന് പ്രസിഡന്റ് മദൂറോ പറഞ്ഞു. സമീപകാലത്ത് മദൂറോയെ പുറത്താക്കാനുള്ള നീക്കം വെനസ്വേലയില്‍ സജീവമായിരുന്നു. ബ്രസീലില്‍ ദില്‍മ റൂസഫിനെ പുറത്താക്കിയ അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ സംഘം തനിക്കെതിരേയും പ്രവര്‍ത്തിക്കുന്നതായി അന്നു മദൂറോ ആരോപിക്കുകയും ചെയ്തിരുന്നു. വെനസ്വേലയില്‍ സാമ്പത്തിക യുദ്ധം നടത്തിയാണു ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും മദൂറോ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വെനസ്വേലയില്‍ അദ്ദേഹം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
വെനസ്വേലയുടെ കറന്‍സി നോട്ടുകള്‍ ട്രാന്‍സ് നാഷണല്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ വിദേശത്ത് പൂഴ്ത്തി വയ്ക്കുന്നുണ്ടെന്നും നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ ഇത്തരക്കാര്‍ക്ക് ശക്തമായ പ്രഹരം നല്‍കാനും സര്‍ക്കാരിനു സാധിച്ചതായി മദൂറോ അവകാശപ്പെടുന്നുണ്ട്. ഏകദേശം 300 ബില്യണ്‍ ബൊളിവര്‍ വിലവരുന്ന 100 ബൊളിവര്‍ നോട്ടുകള്‍ കൊളംബിയന്‍ നഗരങ്ങളായ കക്കുട്ട, കാര്‍ട്ടജീന, മയിക്കാവോ, ബൗറാമാംഗ തുടങ്ങിയ സ്ഥലങ്ങളില്‍ പൂഴ്ത്തിവച്ചിട്ടുണ്ടെന്നാണു കരുതുന്നതെന്നും മദൂറോ പറയുന്നു.
നോട്ട് നിരോധനത്തിന്റെ ഗുണം പൂര്‍ണമായും ലഭിക്കാന്‍ വെനസ്വേല അതിര്‍ത്തി താത്കാലികമായി അടക്കുകയും ചെയ്തിട്ടുണ്ട്. കര, നാവിക, വായു മാര്‍ഗമാണു താത്കാലികമായി അടച്ചത്.
എണ്ണ വില്‍പനയിലൂടെ പ്രധാന വരുമാനം കണ്ടെത്തുന്ന രാജ്യമായ വെനസ്വേല, ഈയടുത്ത കാലത്ത് എണ്ണ വിലയിടഞ്ഞതോടെ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയലകപ്പെടുകയും ചെയ്തു. പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. വെനസ്വേലയുടെ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കരിഞ്ചന്തയില്‍ യുഎസ് ഡോളറിനെതിരേ വെനസ്വേലയുടെ നാണയത്തിന്റെ മൂല്യത്തില്‍ 55 ശതമാനം ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട നാണയ നിധിയുടെ കണക്കുപ്രകാരം അടുത്ത വര്‍ഷം വെനസ്വേലയില്‍ സാധനങ്ങളുടെ വിലയില്‍ 2000 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ്. ഇത്തരം സാഹചര്യം ഉടലെടുത്താല്‍ കള്ളപ്പണക്കാര്‍ക്കും പണം പൂഴ്ത്തിവയ്പ്പുകാര്‍ക്കും കരിഞ്ചന്തയില്‍നിന്നും വെനസ്വേലന്‍ കറന്‍സി നോട്ടുകള്‍ നിസാര വിലയ്ക്ക് എക്‌സ്‌ചേഞ്ച് ചെയ്തു വാങ്ങാന്‍ സാധിക്കും. ഡോളറോ, കൊളംബിയന്‍ നാണയമായ പെസോ എക്‌സ്‌ചേഞ്ചിന് ഉപയോഗിക്കുകയും ചെയ്യാം. ഇതിനെതിരേയാണ് മദൂറോയുടെ നീക്കം. അതേസമയം നോട്ട് അസാധുവാക്കുവാനുള്ള മദൂറോയുടെ നീക്കം വിജയം കാണുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. വെനസ്വേലയുടെ ധനകാര്യമേഖലയില്‍ നോട്ട് പിന്‍വലിക്കലിലൂടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ തന്നെ രാജ്യത്തുള്ള ഭൂരിഭാഗം പേരും പരിമിതമായ കറന്‍സി നോട്ട് ഉപയോഗിച്ചാണു ജീവിക്കുന്നത്. ഇതിനിടെ വീണ്ടും പണ പ്രതിസന്ധി സൃഷ്ടിക്കുന്നതായിരിക്കും പുതിയ നീക്കമെന്നും ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: World