വാഹന നിര്‍മാതാക്കള്‍ വില്‍പ്പനയില്ലെങ്കിലും വില കൂട്ടുന്നു

വാഹന നിര്‍മാതാക്കള്‍ വില്‍പ്പനയില്ലെങ്കിലും വില കൂട്ടുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം എട്ടിന് രാത്രി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത് മുതല്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ വാഹന വിപണിയില്‍ കമ്പനികള്‍ ഡിസ്‌കൗണ്ട് പെരുമഴ പെയ്യിപ്പിക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ വിലയിലും കമ്പനികല്‍ വര്‍ധന വരുത്തുന്നു.

രാജ്യത്തുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 86 ശതമാനവും അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം മൂലം വിപണിയില്‍ പണച്ചുരുക്കം രേഖപ്പെടുത്തിയതോടെ വാഹന വിപണിയില്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞിരിന്നു. കഴിഞ്ഞ ഒന്‍പത് മാസത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പന വളര്‍ച്ചയാണ് നവംബറില്‍ വാഹന വിപണി രേഖപ്പെടുത്തിയത്. നോട്ട് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് താമസമെടുക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുയതോടെ വന്‍ ആനുകൂല്യങ്ങളുമായി കമ്പനികള്‍ വില്‍പ്പന വളര്‍ച്ചയ്ക്ക് പ്രഖ്യാപിച്ചിരുന്നു.
പണ പ്രതിസന്ധി ഈ മാസവും തുടരുമെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതോടെ വാഹന കമ്പനികള്‍ ലക്ഷ്യമിട്ടിരുന്ന വില്‍പ്പന വളര്‍ച്ച ഈ മാസവും നേടാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. അടുത്ത വര്‍ഷം ജനുവരി മുതല്‍ വില്‍പ്പന സാധാരണ നിലിയിലെത്തുമെന്നാണ് കാര്‍ കമ്പനികള്‍ കണക്കുകൂട്ടുന്നത്. നിലവില്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനായി വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അടുത്ത വര്‍ഷം ആദ്യമാസം മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് ചില കമ്പനികള്‍ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോണ്ട, ഫോര്‍ഡ്, ഹ്യൂണ്ടായ്, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളാണ് ജനുവരി മുതല്‍ വാഹനങ്ങളുടെ വിലയില്‍ വര്‍ധന വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. വാഹന വിപണിയില്‍ ഡിമാന്‍ഡ് കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ വില വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന വില്‍പ്പനക്കാരായ മാരുതി സുസുക്കി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വില ഉയര്‍ത്തിയിട്ടുണ്ട്.
അസംസ്‌കൃത ഉല്‍പ്പന്നങ്ങളുടെ വിലയിലുള്ള വര്‍ധനയും രൂപയുടെ മൂല്യം ഇടിയുന്നതും കാറുകളുടെ വിലയില്‍ വര്‍ധന വരുത്താന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നാണ് ഹോണ്ട ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി ജ്ഞാനേശ്വര്‍ ഗുപ്ത വ്യക്തമാക്കുന്നത്. അതേസമയം, എത്ര വിലയാണ് ഉയര്‍ത്തുകയെന്ന് കമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം വില്‍പ്പനയില്‍ 45 ശതമാനം ഇടിവ് രേഖപ്പെടുത്തിയ കമ്പനിയാണ് ഹോണ്ട. ബി ആര്‍വി, സിആര്‍വി, മൊബിലിയോ എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യവും കമ്പനി ഇപ്പോള്‍ നല്‍കുന്നുണ്ട്.
വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 22 ശതമാനം ഇടിവ് ഈ നവംബറില്‍ രേഖപ്പെടുത്തിയ ഫോര്‍ഡ് ജനുവരി മുതല്‍ രണ്ട് ശതമാനം വരെ വിലവര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നോട്ട് നിരോധനത്തോടെ സ്‌റ്റോക്കുകള്‍ വര്‍ധിച്ചത് ഡീലര്‍മര്‍ പുതിയ സ്റ്റോക്കുകള്‍ സ്വീകരിക്കാന്‍ തയാറാകാത്തതും ഫോര്‍ഡിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പത്ത് ശതമാനം വരെ വില ആനുകൂല്യമാണ് എല്ലാ മോഡലുകള്‍ക്ക് ഫോര്‍ഡ് നല്‍കിക്കൊണ്ടിരിക്കുന്നത്.
കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്ന കൊറിയന്‍ കമ്പനി ഹ്യൂണ്ടായും അടുത്ത മാസം മുതല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എട്ട് ശതമാനം വില്‍പ്പനയിടിവാണ് കഴിഞ്ഞ മാസം ഹ്യൂണ്ടായ് രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സാണ് അവസാനമായി വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച കമ്പനി. ജനുവരി മുതല്‍ 12,000 രൂപ വരെ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനാണ് ടാറ്റ തീരുമാനിച്ചിരിക്കുന്നത്. നിര്‍മാണ ചെലവ് വര്‍ധിച്ചതാണ് ടാറ്റ വില വര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം മുതലുള്ള വില്‍പ്പന തിരിച്ചടി ഈ മാസവും തുടരുമെന്ന കണക്കുകൂട്ടലുകള്‍ നേട്ടത്തിലാക്കാനുള്ള ശ്രമമാണ് കമ്പനികള്‍ നടത്തുന്നത്. നോട്ടുകള്‍ അസാധുവാക്കിയതോടെ വാഹനം വാങ്ങാനുള്ള തീരുമാനം ഉപഭോക്താക്കള്‍ പിന്നീടേക്ക് മാറ്റിവെക്കുകയാണ്. എന്നാല്‍, ജനുവരി മുതല്‍ വില കൂടുമെന്ന് പ്രഖ്യാപിച്ച് നിലവിലുള്ള ഇന്‍വന്ററികള്‍ പരമാവധി വില്‍പ്പന നടത്തുകയെന്ന ലക്ഷ്യവും കമ്പനികള്‍ക്ക് ഇതിലൂടെയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Slider, Top Stories