ഏഴാമത് കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ്: വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിച്ചു

ഏഴാമത് കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ്: വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിച്ചു

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), അഗ്രി ഫ്രണ്ട് കൃഷിസാംസ്‌കാരിക സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2017 ജനുവരി 10, 11 തിയതികളില്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടക്കുന്ന ഏഴാമത് കേരള ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രബന്ധങ്ങളുടെ സംക്ഷിപ്തം ക്ഷണിച്ചു. കുട്ടികളുടെ ക്രിയാത്മകചിന്തയും പഠനശേഷിയും അതിലുപരി ഭാവനയും സര്‍ഗാത്മകതകയും കാര്‍ഷികമേഖലയ്ക്ക് കൂടി പ്രയോജനപ്പെടുത്തകയും കൃഷിയോട് ആഭിമുഖ്യമുള്ള പുതുതലമുറയെ സൃഷ്ടിക്കുകയുമെന്നതാണ് ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

കുട്ടികളുടെ വീക്ഷണകോണില്‍ നിന്നു കൊണ്ടായിരിക്കും എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുക. കാര്‍ഷികമേഖലയിലെ പ്രമുഖരുമായി അടുത്തിടപിഴകാനും വിവിധതരം കൃഷി രീതികള്‍ പഠിക്കാനും ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസ് വേദിയാകും. എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ., ഐസിഎസ്ഇ എന്ന വ്യതാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കൃഷിപഠനവുമായി ഈ വേദിയില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടാകും. പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ ലഘുവിവരണം അവരവരുടെ സ്‌കൂളുകളിലെ പ്രിന്‍സിപ്പലിന്റെ സമ്മതപത്രത്തോടു കൂടി അയച്ചു തരേണ്ടതാണ്. www.cissa.co.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്, ലഘുവിവരണത്തിനൊപ്പം ഡിസംബര്‍ 22 നുള്ളില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്, ഏഴാമത് ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സി കെ പീതാംബരന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അയക്കുന്ന പ്രബന്ധങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന നൂറോളം പ്രബന്ധങ്ങള്‍ ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.

ഏതാണ്ട് 1000ത്തോളം പ്രതിനിധികള്‍ ഏഴാമത് ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കും. കാര്‍ഷിക ഗവേഷണ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു പ്രൊജക്റ്റ് ഗൈഡിന്റെ (അധ്യാപകര്‍/കര്‍ഷകര്‍/രക്ഷാകര്‍ത്താക്കള്‍/ കൃഷി ഉദ്യോഗസ്ഥര്‍) നേതൃത്വത്തില്‍ 5 പേരില്‍ കൂടാതെ, 10-17 വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ത്ഥി ഗ്രൂപ് രൂപികരിച്ച്, ഒരു പഠനവിഷയം തെരഞ്ഞെടുക്കേണ്ടതാണ്. ഏഴു മിനുറ്റ് സമയം പ്രബന്ധാവതരണത്തിനും 3 മിനുറ്റ് മുഖാമുഖ ചര്‍ച്ചയ്ക്കും ലഭിക്കുന്നതാണ്. പഠന ഉദ്ദേശ്യങ്ങളെ മുന്‍നിര്‍ത്തി അതിനുതകുന്ന പഠനമേഖലയും പഠനരീതിയും പഠനകാലവും പഠനപ്രവര്‍ത്തനങ്ങളും തീരുമാനിക്കേണ്ടതാണ്. ഓരോ പ്രവര്‍ത്തനവും ലോഗ് ബുക്കിലും ഡയറിയിലും വ്യക്തമായി രേഖപ്പെടുത്തണം.സര്‍വെ, പരീക്ഷണം എന്നീ രീതികളില്‍ ഏതു വേണമെങ്കിലും പഠനത്തിനായി തെരഞ്ഞെടുക്കാം. സര്‍വെ ചെക്ക് ലിസ്റ്റ് നിരീക്ഷണം, പരീക്ഷണം, താരതമ്യപഠനം, ഗുണമേന്മാ പരിശോധന, റഫറന്‍സ്, മുതലായ ഏതു സങ്കേതങ്ങളും പഠനത്തിനായി പ്രയോജനപ്പെടുത്താം. വിവരശേഖരണം പൂര്‍ത്തിയായാല്‍ അതിന്റെ ശരിയായ അപഗ്രഥനം, കണ്ടെത്തല്‍ പരിഹാര നിര്‍ദ്ദേശം, പ്രത്യേകിച്ച്, പ്രശ്‌ന പഠനത്തിനുള്ള പൊതുപരിഹാരവും നിര്‍ദ്ദേശിച്ചുകൊണ്ട് വേണം അവതരണം ഉപസംഹരിക്കേണ്ടത്. കേരള ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസ് റിപ്പോര്‍ട്ടിനും അവതരണത്തിനും പ്രദര്‍ശന പ്രചാരണത്തിനും ഒരേ പ്രാധാന്യമാണ് നല്‍കുന്നത്. അതുകൊണ്ട് പോസ്റ്റര്‍ ചാര്‍ട്, സാമ്പിളുകള്‍, മാതൃക രൂപങ്ങള്‍, മുതലായവകൂടി ഉള്‍പ്പെടുത്തി മികച്ച പ്രദര്‍ശനത്തിന് തയ്യാറെടുക്കണം, പഠനത്തിലൂടെ ഗൈഡിന്റെ മിടുക്കല്ല, ഗ്രൂപ്പിന്റെ മികവാണ് വ്യക്തമാക്കേണ്ടത്. സ്‌കൂള്‍ വളപ്പുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന ധാരാളം സ്‌കൂളുകള്‍ നിലവിലുള്ള സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ സ്‌കൂളുകളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തന്നെ പഠന വസ്തുവാക്കി പഠനങ്ങളും, ഗവേഷണങ്ങളും, നിരീക്ഷണങ്ങളും, പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും അടങ്ങുന്ന റിപോര്‍ട്ടുകള്‍ തയ്യാറാക്കാവുന്നതാണ്.

ഇതിനു പുറമെ, ഒരു വിദ്യാര്‍ത്ഥിക്കോ ഒരു ഗ്രൂപ്പിനോ തങ്ങള്‍ ചെയ്ത കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പ്രബന്ധമായി അവതരിപ്പിക്കാം. ഇത് സ്‌കൂളുകളില്‍ ചെയ്യുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നതായിരിക്കരുത്. ഡോക്യുമെന്ററി മേള, നാടോടി നൃത്തങ്ങളുടെയും ഗാനങ്ങളുടെയും അവതരണം, പോസ്റ്റര്‍ പ്രദര്‍ശനം, തുടങ്ങി കൃഷിയുമായി ബന്ധമുള്ള സാംസ്‌കാരിക പരിപാടികളുടെയും വേദിയായി ഏഴാമത് ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസ് മാറും. അവാര്‍ഡുകളും മെമെന്റോകളും സെര്‍ട്ടിഫിക്കറ്റുകളും ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസിലെ പങ്കാളികള്‍ക്ക് വിദഗ്ധരുടെ സമിതി നിര്‍ണ്ണയിക്കുന്ന മാര്‍ക്കടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതായിരിക്കും. ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ അസോസിയേഷന്‍, ഫാം ജേര്‍ണലിസ്റ്റ് ഫോറം തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണം ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസിന് ലഭിക്കും. ജൈവകേരളം ആരോഗ്യകേരളം എന്നതാണ് ഏഴാമത് കേരള ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യ വിഷയമെന്നും പീതാംബരന്‍ അറിയിച്ചു.

Comments

comments

Categories: Branding