റെക്‌സ് ടില്ലേഴ്‌സന്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്

റെക്‌സ് ടില്ലേഴ്‌സന്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്

 

വാഷിംഗ്ടണ്‍: പ്രചാരണങ്ങള്‍ക്കു വിരാമമിട്ട് എക്‌സന്‍ മൊബില്‍ സിഇഒ റെക്‌സ് ടില്ലേഴ്‌സനെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ട്രംപ് തെരഞ്ഞെടുത്തു. ട്രംപിന്റെ ട്രാന്‍സിഷന്‍ ടീം അംഗങ്ങളാണ് ഇക്കാര്യം തിങ്കളാഴ്ച രാത്രി അറിയിച്ചത്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അടുത്ത ബന്ധമുണ്ടെന്ന ആശങ്കകളെ തള്ളിക്കളഞ്ഞു കൊണ്ടാണ് ട്രംപ് പുതിയ സ്റ്റേറ്റ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ മാസം ഒന്‍പതാം തീയതി ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദിവസം മുതല്‍ നിരവധി പേരുകള്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ മീറ്റ് റോംനിയുടെ പേരും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ എക്‌സന്‍ മൊബില്‍ കമ്പനിയുടെ സിഇഒ ടില്ലേഴ്‌സന്‍ അവിചാരിതമായി രംഗത്തുവരികയായിരുന്നു.
ടില്ലേഴ്‌സന്റെ നിയമനത്തിലൂടെ ട്രംപും യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസും തമ്മില്‍ കലഹം ഉടലെടുക്കാന്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമായി അടുത്ത് ബന്ധമുള്ള വ്യക്തിയാണ് ടില്ലേഴ്‌സന്‍. ഇതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ക്ക് എതിര്‍പ്പുമുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണം നിലനില്‍ക്കവേ, റഷ്യയുമായി അടുത്ത ബന്ധമുണ്ടെന്നു പറയപ്പെടുന്ന വ്യക്തിയെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിലേക്ക് ട്രംപ് നിയമിക്കുന്നത് പാര്‍ട്ടിയില്‍ അദ്ദേഹത്തിനെതിരേ കടുത്ത എതിര്‍പ്പുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.
ടില്ലേഴ്‌സന് 2013ല്‍ ദി ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് 2013 അവാര്‍ഡ് പുടിന്‍ സമ്മാനിച്ചിരുന്നു. വിദേശ പൗരന് റഷ്യ നല്‍കുന്ന വിശിഷ്ട പുരസ്‌കാരമാണിത്. ഇതാണു ടില്ലേഴ്‌സനെ റഷ്യയുമായും പുടിനുമായി അടുപ്പിച്ച ബന്ധം. കഴിഞ്ഞയാഴ്ചകളില്‍ ട്രംപ് ടില്ലേഴ്‌സനുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയില്‍ സംതൃപ്തനായ ട്രംപ്, ടില്ലേഴ്‌സനെ വേള്‍ഡ് ക്ലാസ് പ്ലെയറെന്നാണ് വിശേഷിപ്പിച്ചത്.
കോര്‍പറേറ്റ് ലോകത്ത് കരാര്‍ ഉറപ്പിക്കാനുള്ള ടില്ലേഴ്‌സന്റെ കഴിവിനെ നയതന്ത്ര ലോകത്ത് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന വിശ്വാസമാണ് ട്രംപിനുള്ളത്. സിറിയയിലെ ആഭ്യന്തര യുദ്ധം, ചൈനയുമായുള്ള യുഎസ് നയതന്ത്രം എന്നിവയില്‍ സ്വീകരിക്കുന്ന നിലപാടുകളായിരിക്കും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ ടില്ലേഴ്‌സന്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രധാന വെല്ലുവിളികള്‍.
ടെക്‌സാസിലെ വിചിത ഫാള്‍സ് സ്വദേശിയായ ടില്ലേഴ്‌സന്‍, എക്‌സന്‍ മൊബില്‍ കോര്‍പറേഷനില്‍ 1975ലാണ് പ്രൊഡക്ഷന്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഉന്നത പദവികളിലേക്ക് ഒന്നൊന്നായി ഉയര്‍ന്നു. എക്‌സന്‍ മൊബിലിന്റെ യുഎസ്, യെമന്‍, റഷ്യന്‍ ഓപ്പറേഷന്റെ ചുക്കാന്‍ പിടിച്ചിരുന്നു. 2006 ജനുവരിയില്‍ കമ്പനിയുടെ സിഇഒയായി ഉയര്‍ന്നു. 2017ല്‍ വിരമിക്കാനിരിക്കവേയാണു പുതിയ ഉദ്യമത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

Comments

comments

Categories: World