പെട്രോള്‍ പമ്പുകളിലെ ഡിസ്‌കൗണ്ട്:  എണ്ണക്കമ്പനികള്‍ക്ക് നഷ്ടം 700 കോടി

പെട്രോള്‍ പമ്പുകളിലെ ഡിസ്‌കൗണ്ട്:   എണ്ണക്കമ്പനികള്‍ക്ക് നഷ്ടം 700 കോടി

 

ന്യൂഡെല്‍ഹി : പൊതുമേഖലാ എണ്ണ വിതരണ കമ്പനികളുടെ പമ്പുകളില്‍നിന്ന് ഡിജിറ്റല്‍ ഇടപാടുവഴി ഇന്ധനം നിറയ്ക്കുന്നവര്‍ക്കുള്ള ഇളവ് തിങ്കളാഴ്ച്ച അര്‍ധരാത്രി നിലവില്‍ വന്നു. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, മൊബീല്‍ വാലറ്റുകള്‍, പ്രീപെയ്ഡ് ലോയല്‍റ്റി കാര്‍ഡുകള്‍ എന്നീ ഇ-പെയ്‌മെന്റുകളിലൂടെ പെട്രോള്‍, ഡീസല്‍ വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ എക്കൗണ്ടിലേക്ക് പരമാവധി മൂന്ന് പ്രവൃത്തി ദിവസത്തിനകം ഡിസ്‌കൗണ്ട് തുക ക്രെഡിറ്റ് ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനമനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ എണ്ണ വിതരണ കമ്പനികളും പദ്ധതിയുടെ ഭാഗമാണ്.

അതേസമയം ഈ ഡിസ്‌കൗണ്ട് ദീര്‍ഘകാലം തുടരാന്‍ സാധ്യതയില്ലെന്നാണ് എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. അടുത്ത മൂന്ന് മാസ കാലയളവില്‍ ഡിസ്‌കൗണ്ട് നല്‍കുന്ന വകയില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് 600 മുതല്‍ 700 വരെ കോടി രൂപവരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍ ഡിജിറ്റൈസേഷന്‍ മൂലമുണ്ടാകുന്ന നേട്ടങ്ങളാണ് തങ്ങള്‍ പരിഗണിക്കുന്നതെന്നും ഡിസ്‌കൗണ്ട് പരിപാടി തങ്ങളുടെ ലോയല്‍റ്റി പദ്ധതിക്ക് സഹായകരമാണെന്നും ഇവര്‍ പറയുന്നു.

പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നു എന്നു പറയാന്‍ കഴിയില്ലെന്നും കറന്‍സി രഹിത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് ജനങ്ങള്‍ക്കുള്ള ഇന്‍സെന്റീവാണ് നല്‍കുന്നതെന്നും എണ്ണ വിതരണ കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഈ ഇന്‍സെന്റീവിന്റെ മുഴുവന്‍ ഭാരവും പൊതുമേഖല എണ്ണവിതരണ കമ്പനികളാണ് വഹിക്കുന്നതെന്നും ഏതെങ്കിലും ബാങ്കിനോ പെയ്‌മെന്റ് കമ്പനികള്‍ക്കോ ചുമതല കൈമാറുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 0.75 ശതമാനം ഡിസ്‌കൗണ്ട് നടപ്പാക്കുന്നതിലൂടെ എണ്ണ വിതരണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ 8 ന് ശേഷം ഈ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും സിഎന്‍ജി സ്റ്റേഷനുകളിലും ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു. നോട്ട് അസാധുവാക്കിയ ശേഷം പമ്പുകളില്‍ കറന്‍സിരഹിത ഇടപാടുകള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ചില ബാങ്കുകളുമായി സഹകരിച്ച് പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കിയെന്നും നിലവില്‍ തങ്ങളുടെ 56 ശതമാനത്തോളം പമ്പുകളില്‍ കാര്‍ഡ് ഇടപാടുകള്‍ നടത്താമെന്നും ഐഒസി അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 8നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായും നോട്ട് ക്ഷാമം കണക്കിലെടുത്തും 2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഡിസംബര്‍ 31 വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. മുഴുവന്‍ കാര്‍ഡ് ഇടപാടുകളുടെയും സര്‍വീസ് ചാര്‍ജ് നീക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ആര്‍ബിഐ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy