മൊണ്ടേലസിന്റെ വില്‍പ്പന താഴേക്ക്

മൊണ്ടേലസിന്റെ  വില്‍പ്പന താഴേക്ക്

 

മുംബൈ: കാഡ്ബറി ചോക്ലേറ്റിന്റെയും ഒറിയോ ബിസ്‌കറ്റ്‌സിന്റെയും നിര്‍മാതാക്കളായ മൊണ്ടേലസിന്റെ ഇന്ത്യയിലെ വില്‍പ്പന ഒരു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ മൊണ്ടേലസ് ഇന്ത്യ ഫുഡ്‌സ് അറ്റ വില്‍പ്പനയില്‍ വെറും നാല് ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ 98 കോടി രൂപയില്‍ നിന്ന് 35 കോടിയായി ഇടിഞ്ഞു. സാമ്പത്തിക മാന്ദ്യമാണ് മൊണ്ടേലസിനെ പിന്നോട്ടടിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
2015 മാര്‍ച്ചു വരെയുള്ള 15 മാസങ്ങളില്‍ മൊണ്ടേലസ് 6,507 കോടി രൂപയുടെ വില്‍പ്പനയാണ് കൈവരിച്ചത്. അതേസമയം, കമ്പനി ഏറെ പ്രാമുഖ്യം നല്‍കുന്ന വിപണി ഇന്ത്യ തന്നെയാണെന്ന് മൊണ്ടേലസ് വ്യക്തമാക്കി. മൊത്തത്തിലെ ബിസിനസ് സാഹചര്യം മാന്ദ്യത്തിലാണെന്ന് തിരിച്ചറിയുന്നു. ആഭ്യന്തര വിപണിയില്‍ ആവശ്യകതയും കുറഞ്ഞു. എന്നാല്‍ വില്‍പ്പനയിലും വിപണനത്തിലും ജീവനക്കാരെ കൂടെകൂട്ടുന്നതിലും നിക്ഷേപം നടത്തുകയാണെങ്കില്‍ വിപണിയിലെ ആധിപത്യം നിലനിര്‍ത്താനാവുമെന്ന് മൊണ്ടേലസ് ഇന്ത്യ വക്താവ് പ്രതീക്ഷ പ്രകടിപ്പിച്ചു.
അടുത്തിടെ മാനേജ്‌മെന്റില്‍ മൊണ്ടേലസ് നിരവധി മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. 2013 ല്‍ ആനന്ദ് കൃപാലു കമ്പനിയില്‍ നിന്ന് പുറത്തുപോയപ്പോള്‍ പെപ്‌സികോ ഇന്ത്യയുടെ മുന്‍ മേധാവി മനു ആനന്ദിനെ മൊണ്ടേലസ് ഇന്ത്യാ തലവനായി നിയമിച്ചു. എന്നാല്‍ ഇതേ വര്‍ഷം തന്നെ അദ്ദേഹം കമ്പനിയുടെ ആഗോള നേതൃസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. തുടര്‍ന്ന് ചന്ദ്രമൗലി വെങ്കിടേശന്‍ പകരക്കാരനായി വന്നു. രാജ്യത്തിനു പുറത്ത് പോസ്റ്റിംഗ് ലഭിച്ചതിനാല്‍ മൊണ്ടേലസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് വെങ്കടേശന്‍ രാജിവച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ബിസിനസ് വര്‍ധിപ്പിക്കുകയെന്ന ദൗത്യം മൊണ്ടേലസ് ഏല്‍പ്പിച്ചിരിക്കുന്നത് ഓഗസ്റ്റില്‍ കമ്പനിയില്‍ ചേര്‍ന്ന സിഇഒ ദീപക് അയ്യരെയാണ്. മൊണ്ടേലസ് ഇന്ത്യയുടെ ഭാഗമാകുന്നതിന് മുന്‍പ് ഭാരതി എഎക്‌സ്എയുടെ ജനറല്‍ ഇന്‍ഷുറന്‍സ് സിഇഒയായിരുന്നു അയ്യര്‍. കൂടാതെ പെപ്‌സികോ,മാരികോ, വ്രിംഗ്ലി എന്നിവയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ മൂലം ഉപഭോക്താക്കള്‍ ചെലവിടല്‍ കുറച്ചിരിക്കുന്നതിനാല്‍ അയ്യര്‍ക്കു മുന്നില്‍ വലിയ കടമ്പയാണുള്ളതെന്ന് നിരീക്ഷിക്കപ്പെടുന്നു.

Comments

comments

Categories: Branding