2016: അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ വര്‍ഷമെന്ന് മെഴ്‌സിഡസ് ബെന്‍സ്

2016: അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ വര്‍ഷമെന്ന് മെഴ്‌സിഡസ് ബെന്‍സ്

ന്യൂഡെല്‍ഹി: 2016 അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ വര്‍ഷമാണെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ. വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയിലേര്‍പ്പെടുത്തിയ വിലക്കും നോട്ട് നിരോധനവും കമ്പനിക്ക് വളര്‍ച്ചയ്ക്കുള്ള അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് വ്യക്തമാക്കി. ഉയര്‍ന്ന എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് രാജ്യത്തെ ഏറ്റവും മികച്ച വാഹന വിപണികളിലൊന്നായ ഡെല്‍ഹിയില്‍ കോടതി വില്‍പ്പന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് മാറ്റി വില്‍പ്പന നേട്ടത്തിലെത്താന്‍ തുടങ്ങിയ സമയത്താണ് 1,000, 500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതോടെ വില്‍പ്പന വീണ്ടും പ്രതിസന്ധിയിലായെന്നും ബെന്‍സ് വ്യക്തമാക്കി.
ഉയര്‍ന്ന വളര്‍ച്ചയ്ക്ക് മികച്ച സാധ്യതയുണ്ടായിരുന്ന ഈ വര്‍ഷം ഇത്തരം നീക്കങ്ങള്‍കൊണ്ട് നഷ്ടപ്പെട്ടുവെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മേധാവി റോളണ്ട് ഫോഗര്‍ വ്യക്തമാക്കി. ഈ വര്‍ഷം വില്‍പ്പന ഫ്‌ളാറ്റ് ആയിരിക്കുമെന്നാണ് ആഡംബര കാര്‍ വിപണിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള മെഴ്‌സിഡസ് ബെന്‍സ് വിലയിരുത്തുന്നത്. 13,502 യൂണിറ്റ് കാറുകളാണ് കഴിഞ്ഞ വര്‍ഷം കമ്പനി ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്. ഈ വര്‍ഷം രണ്ടക്ക വളര്‍ച്ചയ്ക്കുള്ള തയാറെടുപ്പുകള്‍ മെഴ്‌സിഡസ് നടത്തിയിരുന്നു. പക്ഷേ, ഡീസല്‍ വാഹന നിരോധനം, നോട്ട് നിരോധനം തുടങ്ങിയവ വില്‍പ്പനയെ കാര്യമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വലിയ നേട്ടം കമ്പനി പ്രതീക്ഷിക്കുന്നില്ല. അതല്ല, കമ്പനി വളര്‍ച്ച രേഖപ്പെടുത്തിയാല്‍ അത് അല്‍ഭുതമല്ലാതെ മറ്റൊന്നുമല്ല.-ഫോഗര്‍ കൂട്ടിച്ചേര്‍ത്തു.
ഡീസല്‍ എന്‍ജിനുകളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിന് വാഹന വിപണിയെ മാത്രം കേന്ദ്രീകരിക്കുന്നതിന് പകരമായി സമഗ്രമായ പരിഹാര പദ്ധതികളായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കാണേണ്ടിയിരുന്നത്. മലിനീകരണം തടയുന്നതിന് മുന്നോടിയായി വേറെ പല കാര്യങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധചെലുത്തേണ്ടാതായുണ്ട്. ഡീസല്‍ ഒരു മുഖ്യ വിഷയമായി എടുക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതടക്കമുള്ള പുതിയ സാങ്കേതികതകളില്‍ മെഴ്‌സിഡസ് ബെന്‍സ് നിക്ഷേപം തുടരുമെന്നും കമ്പനി വ്യക്തമാക്കി. മലിനീകരണം നിയന്ത്രിക്കുന്നതിന് ഭാരത് സ്റ്റേജ് ആറ് എന്ന പുതിയ മാനദണ്ഡം 2020 മുതല്‍ എല്ലാ വാഹനങ്ങളും പാലിക്കണമെന്ന കര്‍ശന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ 2018ല്‍ പുതിയ മലിനീകരണ മാനദണ്ഡം (ബിഎസ്6) പാലിക്കുന്ന വാഹനങ്ങള്‍ കമ്പനി പുറത്തിറക്കുമെന്ന് മെഴ്‌സിഡസ് അറിയിച്ചു.

Comments

comments

Categories: Auto