സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി ഒരു സ്റ്റാര്‍ട്ടപ്പ്

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി ഒരു സ്റ്റാര്‍ട്ടപ്പ്

 

നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 2015 ല്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന അതിക്രമങ്ങളുടെ എണ്ണം 34,651 ബലാല്‍സംഗ കേസുകള്‍ ഉള്‍പ്പെടെ 3,27,394. തട്ടികൊണ്ടുപോകലും ലൈംഗികഅതിക്രമങ്ങളും ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 94,172. രേഖപ്പെടുത്താതെ പോയവ കൂടി പരിഗണിച്ചാല്‍ ഈ സംഖ്യ ഇനിയും ഒരുപാട് ഉയരും.

കുട്ടികള്‍ക്ക് എതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ സുരക്ഷാമാര്‍ഗങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഫ് വെയറബിള്‍സ് എന്ന സ്റ്റാര്‍ട്ടപ്പ്. സ്ത്രീകള്‍ക്കുവേണ്ടി കണക്റ്റ്ഡ് ആഭരണങ്ങള്‍ വിപണിയില്‍ എത്തിച്ച ലീഫ് ഇന്നോവേഷന്‍ തന്നെയാണ് ലീഫ് വെയറബിള്‍സിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കുട്ടികളുടെ സുരക്ഷിതത്വം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലീഫ് വെയറബിള്‍സിന്റെ ലക്ഷ്യം. കുട്ടികള്‍ക്കുവേണ്ടി ജിപിഎസ്, ജിഎസ്എം സുരക്ഷാസംവിധാനങ്ങളോടു കൂടിയ വാച്ച് കമ്പനി ഉടന്‍ പുറത്തിറക്കും. വാച്ച് ഉപയോഗിച്ച് മൊബീലിന്റെ സഹായമില്ലാതെ തന്നെ രക്ഷകര്‍ത്താവുമായി ബന്ധപ്പെടാന്‍ കുട്ടിക്ക് സാധിക്കും. വാച്ചിലുള്ള എസ്ഒഎസ് ബട്ടണ്‍ ഓട്ടോമാറ്റിക് ആയിതന്നെ കുട്ടി നിലവില്‍ ഉള്ള ലൊക്കേഷന്‍ രക്ഷകര്‍ത്താവിന് സെന്‍ഡ് ചെയ്യും. രക്ഷകര്‍ത്താവിന് മൊബീല്‍ ഫോണില്‍ ‘സേഫര്‍ ബൈ ലീഫ്’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ എവിടെ ഉണ്ടെന്ന് കണ്ടെത്തനും അവരുടെ ഫോണിലേക്ക് വിളിക്കുവാനും ഉള്ള സൗകര്യവും ലഭ്യമാണ്.

ഏകദേശം 5000 രൂപ വിലയില്‍ സേഫ്റ്റി വാച്ച് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടന്‍ തന്നെ പ്രീ ബുക്കിംഗ് ആരംഭിക്കും. 2017 ആദ്യം വാച്ച് വിപണിയില്‍ അവതരപ്പിക്കും-ലീഫ് വെയറബിള്‍സിന്റെ സഹസ്ഥാപകനായ പരസ് ബത്രാ അറിയിച്ചു.

2012 ഡിംസംബര്‍ 16 ന് ലോകമനസാക്ഷിയെ ഞെട്ടിച്ച കൂട്ട ബലാത്സംഗം അരങ്ങേറിയ ഡല്‍ഹിയിലെ മുനിര്‍കയില്‍ താമസിച്ചിരുന്ന അവിനാഷ് ബന്‍സാല്‍, ആയുഷ് ബങ്ക, ചിരാഗ് കപില്‍, മണിക് മേത്ത, പരാസ് ബത്രാ എന്നീ ആഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ലീഫ് വെയറബിള്‍സ് ആരംഭിക്കുന്നത്.
തങ്ങളുടെ സുഹൃത്തുക്കളുടെ സുരക്ഷയ്ക്കായി എന്തു ചെയ്യാന്‍ സാധിക്കും എന്നതില്‍ തുടങ്ങിയ സൗഹൃദ സംഭാഷണം സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരു ടെക്‌നോളജി വികസിപ്പിച്ചെടുക്കുക എന്ന ആശയത്തിലാണ് ആ യുവാക്കളെ കൊണ്ടെത്തിച്ചത്.

നിലവിലുള്ളതില്‍ നിന്നു വ്യത്യസ്തമായി സ്ത്രീസുരക്ഷ എങ്ങനെ ഉറപ്പാക്കാം എന്നായിരുന്നു അവരുടെ ആദ്യ ചിന്ത. അങ്ങനെ സ്ത്രീകള്‍ സാധാരണ ഉപയോഗിക്കുന്ന ആഭരണങ്ങളെ സുരക്ഷയ്ക്കുള്ള മാര്‍ഗങ്ങളായി അവര്‍ തെരഞ്ഞെടുത്തു. 2015 ല്‍ ലീഫ് വെയറബിള്‍സിന് ഔപചാരികമായി തുടക്കം കുറിച്ചു.

ആഭരണമായി ധരിക്കാവുന്ന ചെറിയൊരു പെന്‍ഡന്റ് ആയിരുന്നു ലീഫ് വെയറബിളിന്റെ ആദ്യത്തെ സേഫര്‍ ഉല്‍പന്നം. ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയൊരു ബട്ടണ്‍ ആഭരണത്തില്‍ ഘടിപ്പിച്ചു. ഇത് ഉപഭോക്താവിന്റെ സ്മാര്‍ട്ട് ഫോണിലെ സേഫര്‍ ആപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ പെന്‍ഡന്റില്‍ ഡബിള്‍ക്ലിക്ക്‌ചെയ്താല്‍ മുന്‍കൂട്ടി നല്‍കിയിരിക്കുന്ന നെറ്റ് വര്‍ക്കിലേക്ക് മുന്നറിയിപ്പ് എത്തും. ആഴ്ചയില്‍ ഒരു തവണ 15 മിനുറ്റ് ആഭരണം റീ ചാര്‍ജ് ചെയ്യണം. 2499 രൂപയായിരുന്നു ആഭരണത്തിന്റെ വില.

നിലവില്‍ യുഎസും യുകെയും ഉള്‍പ്പെടെ ആഗോളതലത്തില്‍ ഓണ്‍ലൈന്‍ സാന്നിദ്ധ്യം ഉള്ള ലീഫ് വെയറബിള്‍ 8000 യൂണിറ്റില്‍ അധികം വില്‍പന നടത്തിയിട്ടുണ്ട്. തുര്‍ക്കിയില്‍ 70 റീട്ടെയില്‍ കടകളില്‍ ഉല്‍പന്നം ലഭ്യമാണ്. അടുത്തിടെ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ വിതരണക്കാരുമായുള്ള കരാറും കമ്പനിക്ക് ലഭിച്ചു. ആഗോളതലത്തിലുള്ള സാന്നിധ്യം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോള്‍.
ഞങ്ങളുടെ വരുമാനത്തില്‍ 80 ശതമാനവും ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് ലഭിക്കുന്നത്-ബത്രാ അറിയിച്ചു. 2016 ഡിസംബര്‍ അവസാനത്തോടെ 100 ശതമാനം ഓണ്‍ ലൈന്‍ വളര്‍ച്ച കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് കമ്പനി.

2015 ലെ എറിക്‌സണ്‍ ഇന്നൊവേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നുമായി ലീഫ് വെയറബിള്‍സിനെ തേടി എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്ത് നൂതന സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി 2015 ല്‍ കമ്പനിയെ തെരഞ്ഞെടുത്തു. കമ്പനിയുടെ സ്ഥാപകര്‍ 2015 ല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം സിലിക്കണ്‍വാലിയില്‍ വെച്ച് നടന്ന ആദ്യ ഇന്ത്യ-യുഎസ് സ്റ്റാര്‍ട്ടപ്പ് കണക്റ്റില്‍ പങ്കെടുത്തു. മുംബൈ എയ്ഞ്ചല്‍സില്‍ നിന്നും മറ്റു നിക്ഷേപകരില്‍ നിന്നുമായി 2015 ല്‍ കമ്പനി 250,000 ഡോളര്‍ സീഡ് ഫണ്ട് സമാഹരിച്ചിട്ടുണ്ട്. 2.5 മുതല്‍ മൂന്നു മില്ല്യണ്‍ ഡോളര്‍ വരെ നിക്ഷേപം സമാഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോള്‍.

Comments

comments

Categories: Trending