ഹൈഡല്‍ പവര്‍ പ്ലാന്റ് അഴിമതിയാരോപണം: നുണ പറയുന്നവരെ ചെരുപ്പിന് അടിക്കണം-റിജിജ്ജു

ഹൈഡല്‍ പവര്‍ പ്ലാന്റ് അഴിമതിയാരോപണം:  നുണ പറയുന്നവരെ ചെരുപ്പിന് അടിക്കണം-റിജിജ്ജു

 

ന്യൂഡല്‍ഹി: നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷനില്‍(neepco) നടന്ന അഴിമതിയുമായി ബന്ധപ്പെട്ടു നടന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജ്ജു, ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജിജ്ജു എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടിരുന്നതായുള്ള പത്ര റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്രമന്ത്രി റിജിജ്ജു രംഗത്ത്.
നുണ ചമച്ച് വിടുന്നവരെ ചെരുപ്പിന് അടിക്കണമെന്ന് കിരണ്‍ റിജിജ്ജു പറഞ്ഞു.
ചൊവ്വാഴ്ച പുറത്തിറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് കേന്ദ്രമന്ത്രി റിജിജ്ജുവിനെതിരേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജ്ജു പ്രതിനിധാനം ചെയ്യുന്ന ലോക്‌സഭാ മണ്ഡലത്തിലെ വെസ്റ്റ് കാമേംഗ് ജില്ലയില്‍ രണ്ട് 600 മെഗാവാട്ട് അണക്കെട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. 450 കോടി രൂപയുടേതായിരുന്നു പദ്ധതി.
പൊതുമേഖലാ സ്ഥാപനമാണ് നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍. ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന അണക്കെട്ട് നിര്‍മാണത്തില്‍ സ്ഥാപനത്തിന്റെ സിഎംഡി അടക്കം അഴിമതി പണം കൈപ്പറ്റിയെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ സതീഷ് വര്‍മ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. 129 പേജുള്ളതാണ് അന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ജൂലൈയില്‍ സിബിഐക്കും കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്കും, കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു.
2015 നവംബര്‍ നാലിന് ഊര്‍ജ്ജമന്ത്രാലയത്തിന് കേന്ദ്രമന്ത്രി റിജിജ്ജു എഴുതിയ കത്തില്‍, അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിച്ചതിന് കോണ്‍ട്രാക്ടറായ ഗോബോയി റിജിജ്ജുവിന് ഫണ്ടുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ കത്തിന്റെ പകര്‍പ്പ് പുറത്തുവരികയും ചെയ്തു.
എന്നാല്‍ കത്ത് എഴുതിയ കാര്യം സത്യമാണെന്നും അതിനര്‍ഥം അഴിമതി നടത്താന്‍ സഹായിച്ചിരുന്നെന്നാണോ എന്നും റിജിജ്ജു ചോദിച്ചു.

Comments

comments

Categories: Politics

Related Articles