ഇന്ത്യയിലെ എംആര്‍ഒ വിഭാഗം വളര്‍ച്ചയുടെ പാതയിലെന്ന് വിദഗ്ധര്‍

ഇന്ത്യയിലെ എംആര്‍ഒ വിഭാഗം  വളര്‍ച്ചയുടെ പാതയിലെന്ന് വിദഗ്ധര്‍

മുംബൈ: വിമാനങ്ങളുടെ അറ്റകുറ്റപ്പണി, റിപ്പയര്‍, പരിശോധന (എംആര്‍ഒ) എന്നിവയടങ്ങിയ ആഭ്യന്തര വ്യവസായം വളരെ വേഗം വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ഏവിയേഷന്‍ പോളിസി വിജയകരമായി നടപ്പിലാക്കിയാല്‍ ഈ വിഭാഗത്തിലെ വരുമാനം 975 മില്ല്യണ്‍ ഡോളറാക്കി ഉയര്‍ത്താന്‍ സാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ എംആര്‍ഒ രംഗം വന്‍ വളര്‍ച്ചാ സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്. പൊതുമേഖലാ കമ്പനിയായ എയര്‍ഇന്ത്യ രാജ്യത്തിനുള്ളില്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ മറ്റ് സ്വകാര്യ കമ്പനികള്‍ വിദേശത്താണ് അവ ചെയ്യുന്നത്. ഇതിന് ചെലവും താരതമ്യേന കൂടുതലാണ്.
ആഭ്യന്തര എംആര്‍ഒ വിഭാഗം ദ്രുതഗതിയിലുള്ള വളര്‍ച്ചാ നിരക്കാണ് ദൃശ്യമാക്കുന്നതെന്ന് ഇന്ത്യ എംആര്‍ഒ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി പറഞ്ഞു. 23 ശതമാനത്തിലധികം വളര്‍ച്ചയാണ് എംആര്‍ഒ വിഭാഗം കൈവരിച്ചിരിക്കുന്നത്. കൂടുതല്‍ വിമാനക്കമ്പനികള്‍ക്ക് എംആര്‍ഒ സേവനം നല്‍കുന്നതിന് തയാറാണെന്നും അദ്ദേഹം അറിയിച്ചു. താരതമ്യേന ചെലവു കുറഞ്ഞ രീതിയില്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകൊടുക്കുമെന്നും ലൊഹാനി കൂട്ടിച്ചേര്‍ത്തു.
അടുത്ത ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ സേവനം നടത്തുന്ന വിമാനങ്ങളുടെ എണ്ണം 1,740ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ആകുമ്പോഴേക്കും ആഭ്യന്തര എംആര്‍ഒ വിപണി 5.2 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ച കൈവരിക്കുമെന്നും കണക്കുകൂട്ടുന്നതായി പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജി വ്യക്തമാക്കി. പുതുക്കിയ വ്യോമയാന നയം ഫലപ്രദമായി നടപ്പിലാക്കിയാല്‍ ഈ വിഭാഗത്തിലെ വരുമാനം 92 മില്ല്യണ്‍ ഡോളറില്‍ നിന്ന് 975 മില്ല്യണ്‍ ഡോളറാക്കി ഉയര്‍ത്താന്‍ സാധിക്കുമെന്നും അവര്‍ നിരീക്ഷിച്ചു. മറ്റ് ആനുകൂല്യങ്ങള്‍ക്കു പുറമെ, എന്‍സിഎപി (നാഷണല്‍ സിവില്‍ ഏവിയേഷന്ഡ പോളിസി)ക്ക് കീഴില്‍ എംആര്‍ഒ വ്യവസായത്തിനു വേണ്ടി അടിസ്ഥാന സൗകര്യ വികസന സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഇത് കൂടാതെ, എംആര്‍ഒ വിഭാഗം ഉപയോഗിക്കുന്ന ഉപകരണങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. മാത്രമല്ല, എംആര്‍ഒ സ്ഥാപനങ്ങള്‍ക്ക് വിമാന ഘടകങ്ങള്‍ നികുതിയില്ലാതെ സൂക്ഷിക്കുന്നതിനുള്ള കാലപരിധി മൂന്നു വര്‍ഷമായും ഉയര്‍ത്തിയിരുന്നു.

Comments

comments

Categories: Tech

Write a Comment

Your e-mail address will not be published.
Required fields are marked*