ഇന്‍ഫോപാര്‍ക്കില്‍ ഐബിഎസ് ഓഫീസ്

ഇന്‍ഫോപാര്‍ക്കില്‍ ഐബിഎസ് ഓഫീസ്

 
കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതുതായി ആരംഭിക്കുന്ന ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ഓഫീസ് കാംപസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനുശേഷം ഐബിഎസിന്റെ കേരളത്തിലെ രണ്ടാമത്തെ കാംപസാണ് ഇന്‍ഫോപാര്‍ക്കിലേത്. അഞ്ച് എക്കറിലായി ആറുലക്ഷം ചതുരശ്രഅടിയില്‍ നിര്‍മ്മിക്കുന്ന ഈ സമുച്ചയം പൂര്‍ത്തിയാക്കുമ്പോള്‍ 6000 പേര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സൗകര്യമാണുണ്ടാവുക. പരിസ്ഥിതി സൗഹാര്‍ദ്ദരീതിയില്‍ നിര്‍മ്മിക്കുന്ന കൊച്ചിയിലെ കാംപസിന്റെ ആദ്യഘട്ടം 2019 എപ്രിലില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഐബിഎസ് കാംപസ് ഇന്‍ഫോപാര്‍ക്കില്‍ വരുന്നതോടെ തൊഴിലവസരം കൂടുകയാണെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. കേരളം നിക്ഷേപകസൗഹൃദ സംസ്ഥാനമാണെന്ന ് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് അഭിപ്രായപ്പെട്ടു. ഇവിടുത്തെ സാമൂഹിക രാഷ്ട്രീയ സ്ഥിരതയും പൊതുജനങ്ങളോടടുത്തു നില്ക്കുന്ന രാഷ്ടീയ ഉദ്യോഗസ്ഥവൃന്ദവും സംരംഭങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാലം മാറുന്നതിനനുസരിച്ചുള്ള തയ്യാറെടുപ്പ് നമുക്ക് വേണമെന്നും എന്നാല്‍ നമ്മുടെ വളര്‍ച്ച മാതൃഭാഷയും തനിമയും മറന്നുകൊണ്ടുള്ളതാകരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസരീതിയുടെ ഭാഗമായി നാടിന്റെ തനിമ ഉള്‍ക്കൊള്ളാതെയാണ് ചെറുപ്പക്കാര്‍ വളരുന്നത്. ഇത് പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ ശാപമാണിത്. അതുകൊണ്ടു തന്നെ മുതിര്‍ന്നവരെ വായിക്കാന്‍ പഠിപ്പിക്കുന്നതിനു വരെ പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികതരംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ക്രമാനുഗതാകണമെന്നും അത് തല്ലിപഴുപ്പിച്ചുണ്ടാക്കുന്നതാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റങ്ങള്‍ ക്രമാനുഗതമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു കുതിച്ചു ചാട്ടം ഉണ്ടായേക്കാം. എന്നാല്‍ അനാവശ്യമായി കാലമെത്തുന്നതിനുമുമ്പെ തല്ലിപഴുപ്പിച്ചാല്‍ ഗുണകരമായ ഫലം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെക്കുറിച്ച് പല കേന്ദ്രങ്ങളിലും തെറ്റായ രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തെ പണിമുടക്കും ഹര്‍ത്താലും നിക്ഷേപകര്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങളും ഉപദേശങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് വിജയഗാഥ രചിച്ച ഐബിഎസിനെയും സ്ഥാപകന്‍ വി കെ മാത്യൂസിനെയും അദ്ദേഹം അഭിനന്ദിച്ചു. പുതിയ ആശയങ്ങളും പുതിയ സംരംഭങ്ങളും സംസ്ഥാനത്ത് ഉയര്‍ന്നു വരുന്നത് അഭിനന്ദനാര്‍ഹമാണെന്നും പുതിയ നിക്ഷേപകസംരംഭങ്ങള്‍ക്കായി 300 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐബിഎസിന്റെ വളര്‍ച്ചയെ അഭിനന്ദിച്ചു. മുന്‍ എംപി പി രാജീവ് യോഗത്തില്‍ സംബന്ധിച്ചു. ഐബിഎസ് സിഇഒ രാജീവ് ഷാ, വൈസ് ചെയര്‍മാന്‍ രാജേഷ് പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Comments

comments

Categories: Branding