ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതി വരുന്നു

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാണം  പ്രോത്സാഹിപ്പിക്കാന്‍ പുതിയ  പദ്ധതി വരുന്നു

 
ന്യൂഡെല്‍ഹി: ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് ഐടി, ഇലക്ട്രോണിക്‌സ് മന്ത്രാലയം പുതിയ പദ്ധതി ആവിഷ്‌കരിക്കും. പ്രാദേശിക ഉല്‍പ്പാദനം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എംഎസ്‌ഐപിഎസ്(മോഡിഫൈഡ് സ്‌പെഷല്‍ ഇന്‍സന്റീവ് പാക്കേജ് സ്‌കീം) കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കായി ഉടന്‍ സമര്‍പ്പിക്കും. ഇലക്ട്രോണിക്‌സ് നിര്‍മാണത്തിന് നിക്ഷേപങ്ങള്‍ വേഗത്തില്‍ ആകര്‍ഷിക്കുക, കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക, ചെലവ് ലഘൂകരിക്കല്‍, വിവിധ വിഭാഗങ്ങളെ സംയോജിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശമെന്ന് വ്യവസായ സമ്മേളനത്തില്‍ സംസാരിക്കവെ ഐടി സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. ബിസിനസ് സൗഹൃദ അന്തരീക്ഷവും ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്- ജിഎസ്ടി) പ്രദാനം ചെയ്യുന്ന സ്ഥിരതയുള്ള സാമ്പത്തിക പരിതസ്ഥിതിയും ഇന്ത്യയെ നിര്‍മാണത്തിന് ആകര്‍ഷകമായ സ്ഥലമാക്കി മാറ്റുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
2012 ജൂലൈയില്‍ മൂന്നു വര്‍ഷത്തെ കാലാവധിയിലാണ് എംഎസ്‌ഐപിഎസ് സ്‌കീം ലോഞ്ച് ചെയ്തത്. വൈറ്റ് ഗുഡ്‌സ് (വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് പോലുള്ള വലിയ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍) കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പദ്ധതി പുനരാവിഷ്‌കരിച്ചിരുന്നു. നിക്ഷേപം ത്വരിതപ്പെടുത്താനും പദ്ധതി പ്രകാരം യൂണിറ്റുകള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കുള്ള വിതരണ പ്രക്രിയ ലളിതമാക്കാനും ലക്ഷ്യമിട്ടുള്ള പുതുക്കിയ നയം ഒരാഴ്ചയ്ക്കുള്ളില്‍ നിലവില്‍ വരുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, പദ്ധതിക്കു കീഴില്‍ തദ്ദേശീയ ഹാന്‍ഡ്‌സെറ്റ് കമ്പനികള്‍ക്കു നല്‍കുന്ന ആനുകൂല്യം ഉപകരണ ഘടക നിര്‍മാണ വിഭാഗത്തിലേക്കു കൂടി ദീര്‍ഘിപ്പിക്കണമെന്ന് യുഎസ് ആസ്ഥാനമാക്കിയ അഡൈ്വസറി സ്ഥാപനം ഏണസ്റ്റ് ആന്‍ഡ് യംഗ് (ഈവൈ) നിര്‍ദേശിച്ചു. പ്രാദേശിക തലത്തില്‍ കമ്പനികള്‍ കൂട്ടിച്ചേര്‍ത്ത മൂല്യത്തെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങള്‍ നിശ്ചയിക്കാമെന്നും ഈവൈ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുമെന്ന് ഇവൈയുടെയും ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറത്തിന്റെയും (ബിഐഎഫ്) സംയുക്ത പഠനം വിലയിരുത്തുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തുടങ്ങിയവ സംബന്ധിച്ച സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഇന്ത്യയില്‍ വലിയ നിര്‍മാണ സാധ്യതകള്‍ക്ക് വഴിയൊരുങ്ങുമെന്ന് ഇആന്‍ഡ്‌വൈയുടെ പങ്കാളിയായ ബിപിന്‍ സപ്രാ പറഞ്ഞു.

Comments

comments

Categories: Business & Economy